വിസ്മയ കേസില്‍ സര്‍ക്കാര്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു...

സ്ത്രീധന പീഡനത്തിന് ഇരയായി മരിച്ച വിസ്മയ കേസില്‍ സര്‍ക്കാര്‍ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു. കൊല്ലത്തെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന് ജി. മോഹന്‍രാജിനെയാണ് സ്പെഷല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്.
ഏറെ വിവാദമായ അഞ്ചല്‍ ഉത്ര കേസിലെയും സ്പെഷല്‍ പ്രോസിക്യൂട്ടറാണ് മോഹന്‍രാജ്. ജി മോഹന്‍രാജിനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് നേരത്തെ വിസ്മയയുടെ കുടുംബം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് വിസ്മയയുടെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ടിരുന്നു.
കേസില്‍ പൊലീസ് നിര്‍ദേശിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പട്ടികയിലും മോഹന്‍രാജിനായിരുന്നു പ്രഥമ പരിഗണന. വിസ്മയയുടെ വീട് ആക്രമിച്ച കേസിന്റെ പുനരന്വേഷണത്തില്‍ പൊലീസ് നിയമോപദേശം തേടും.
കേസില്‍ വിസ്മയയുടെ സഹപാഠികളുടെയടക്കം മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. 90 ദിവസത്തിനകം തന്നെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. ജൂണ്‍ 21നു പുലര്‍ച്ചെയാണ് വിസ്മയയെ കൊല്ലം പോരുവഴിയിലെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
"
https://www.facebook.com/Malayalivartha