അങ്ങ് ദൂരെ തമിഴ്‌നാട്ടിലാ... മമ്മൂട്ടിയുടെ തമിഴ്‌നാട് ഗ്രാമത്തിലുള്ള 40 ഏക്കര്‍ പിടിച്ചെടുക്കാനുള്ള കമ്മിഷണര്‍ ഓഫ് ലാന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ നീക്കം മദ്രാസ് ഹൈക്കോടതി തടഞ്ഞു; സംരക്ഷിത വനമായി നിലനിര്‍ത്തണമെന്ന ഉത്തരവിട്ടതിനെതിരെയാണു മമ്മൂട്ടി കോടതിയെ സമീപിച്ചത്

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ തമിഴ്‌നാട്ടിലെ ഭൂമിയാണ് സംസാര വിഷയം. മമ്മൂട്ടിയുടെയും കുടുംബാംഗങ്ങളുടെയും ഉടമസ്ഥതയില്‍ ചെങ്കല്‍പ്പെട്ട് കറുകഴിപ്പള്ളം ഗ്രാമത്തിലുള്ള 40 ഏക്കര്‍ പിടിച്ചെടുക്കാനുള്ള കമ്മിഷണര്‍ ഓഫ് ലാന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ (സിഎല്‍എ) നീക്കം മദ്രാസ് ഹൈക്കോടതി തടഞ്ഞു. ഇനി ഒരു ഉത്തരവുണ്ടാകുന്നതു വരെ ഹര്‍ജിക്കാര്‍ക്കെതിരെ നടപടി പാടില്ലെന്നും നിര്‍ദേശിച്ചു.
1997ല്‍ കപാലി പിള്ള എന്നയാളില്‍ നിന്നു വാങ്ങിയ ഭൂമി 1882 ലെ തമിഴ്‌നാട് വനനിയമത്തിനു കീഴിലുള്ള ചതുപ്പു നിലമാണെന്നും സംരക്ഷിത വനമായി നിലനിര്‍ത്തണമെന്നും സിഎല്‍എ ഉത്തരവിട്ടതിനെതിരെയാണു മമ്മൂട്ടി കോടതിയെ സമീപിച്ചത്.
1929ല്‍ 247 ഏക്കര്‍ കൃഷിഭൂമിയുടെ ഭാഗമായിരുന്ന സ്ഥലം പിന്നീട് വിവിധ കൈമാറ്റങ്ങളിലൂടെയാണു മമ്മൂട്ടിയില്‍ എത്തിയത്. എന്നാല്‍, പിന്നീട് കപാലി പിള്ളയുടെ മക്കള്‍ ഭൂമിയിടപാട് റദ്ദു ചെയ്തു. പിന്നാലെ പട്ടയം സിഎല്‍എയും റദ്ദാക്കി. ഇതിനെതിരെ മമ്മൂട്ടി 2007ല്‍ ഹൈക്കോടതിയുടെ അനുകൂല ഉത്തരവു നേടി. എന്നാല്‍, അന്നത്തെ ഉത്തരവ് സ്വമേധയാ പുനഃപരിശോധിച്ച് ഭൂമി പിടിച്ചെടുക്കാന്‍ 4 മാസം മുന്‍പു സിഎല്‍എ നീക്കം തുടങ്ങിയതോടെയാണു കേസ് വീണ്ടും ഹൈക്കോടതിയിലെത്തിയത്. അതാണിപ്പോള്‍ വിജയമായത്.
അതേസമയം കേരളത്തില്‍ മമ്മൂട്ടിയുടെ സിനിമാജീവിതത്തിന്റെ സുവര്‍ണജൂബിലി ആഘോഷിക്കാനിരിക്കുകയാണ്. എന്നാല്‍ തന്റെ പേരിലുള്ള ആഘോഷം കോവിഡ് കാലത്ത് ഒഴിവാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് മമ്മൂട്ടിയുടെ അപേക്ഷ. മമ്മൂട്ടിയുടെ സിനിമാജീവിതത്തിന്റെ സുവര്‍ണജൂബിലി ആഘോഷം വിപുലമായി നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് താരത്തിന്റെ ഇടപെടല്‍.
പണച്ചെലവുള്ള പരിപാടികള്‍ വേണ്ടെന്ന് മമ്മൂട്ടി സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. സിനിമാമന്ത്രി സജി ചെറിയാനെയാണ് മമ്മൂട്ടി ഈ നിലപാടറിയിച്ചത്. ഓഗസ്റ്റ് 6–നാണ് മമ്മൂട്ടിയുടെ സിനിമാപ്രവേശത്തിന്റെ അന്‍പതു വര്‍ഷം പൂര്‍ത്തിയായത്.
മമ്മൂട്ടിയുടെ മുഖം വെള്ളിത്തിരയില്‍ പതിഞ്ഞിട്ട് 50 വര്‍ഷം പിന്നിടുന്നു. ആദ്യ സിനിമയായ 'അനുഭവങ്ങള്‍ പാളിച്ചകളി'ലെ ആദ്യ സീനിനെക്കുറിച്ച് 1990ല്‍ മമ്മൂട്ടി എഴുതിയ കുറിപ്പ് ഇപ്പോഴും വൈറലാണ്.
തിരക്കുള്ള സിനിമാനടനാകുക. ആര്‍ഭാടത്തിനും ആരാധനയ്ക്കും നടുവില്‍ രാജകുമാരനെപ്പോലെ ജീവിക്കുക. ബസില്‍വച്ചു പല കിനാക്കളും മനസ്സില്‍ നാമ്പിട്ടു. ആ ലഹരിയില്‍ കോട്ടയത്ത് എത്തിയതുപോലും അറിഞ്ഞില്ല. ഞാന്‍ നേരെ 'സിനിമാമാസിക'യുടെ ഓഫിസില്‍ ചെന്നു. അവിടെവച്ച് മണി മാന്തുരുത്തിയെ പരിചയപ്പെട്ടു. അദ്ദേഹത്തോടു വിവരങ്ങള്‍ അന്വേഷിച്ചു. ഇന്നു സിനിമാ മാസിക അവാര്‍ഡ് നൈറ്റുണ്ട്. അതിനു ശേഷമേ സേതുമാധവനെ കാണാന്‍ കഴിയൂ. രാത്രി അദ്ദേഹം ടിബിയില്‍ വരും എന്ന് മണി പറഞ്ഞു.
പകല്‍ മുഴുവന്‍ ഞാന്‍ ടൗണിലൂടെ ചുറ്റിനടന്നു. രാത്രി ടിബിയിലെത്തി. ഒന്‍പതര കഴിഞ്ഞാണു സംവിധായകന്‍ കെ.എസ്. സേതുമാധവന്‍ സാര്‍ വന്നത്. ആദ്യം ഞാന്‍ സത്യനെക്കാണുന്നത് അവിടെ വച്ചാണ്. കൂടെ അടൂര്‍ ഭാസിയുമുണ്ട്. അദ്ദേഹം ചില തമാശകള്‍ പൊട്ടിക്കുന്നു. മുറിയില്‍ നിലയ്ക്കാത്ത ചിരിയുടെ അലകള്‍ നിറയുന്നു. ഞാനതു നോക്കി മുറിയുടെ വാതില്‍ക്കല്‍ സ്വയം മറന്നങ്ങനെ നിന്നു.
എന്നെപ്പോലെ ഒട്ടേറെ ഭാഗ്യാന്വേഷികള്‍ അന്നവിടെ എത്തിയിരുന്നു. അതില്‍ ഞാന്‍ പരിചയപ്പെട്ട ഒരാളെ ഇന്നും ഓര്‍മിക്കുന്നു. തലശ്ശേരിക്കാരന്‍ മുഹമ്മദലി. അയാളുടെ ഫോട്ടോ അവിടെവച്ച് എന്നെ കാണിച്ചു. 'വാഴ്‌വേമായ' ത്തിലെ സത്യനെപ്പോലെ താടി വളര്‍ത്തിയ ആ പടം കണ്ടപ്പോള്‍ മുഹമ്മദലിയോട് എനിക്ക് അസൂയ തോന്നി. പ്രേംനസീറിനെക്കാള്‍ സുന്ദരനായിരുന്നു അയാള്‍. എനിക്കു നിരാശയായി. ഇത്രയും സുന്ദരന്മാരുള്ളപ്പോള്‍ എനിക്കെങ്ങനെ അവസരം കിട്ടും? മെലിഞ്ഞു പെന്‍സില്‍പോലെയിരിക്കുകയാണു ഞാനന്ന്.
ഇവിടെ നിന്നാണ് മമ്മൂട്ടിയുടെ വളര്‍ച്ച. പെന്‍സല്‍ പോലെയിരുന്ന മമ്മൂട്ടി ഈ പ്രായത്തിലും സുന്ദരനാണ്.
https://www.facebook.com/Malayalivartha























