കാരുണ്യഹസ്തം നീട്ടി യുഎഇ; അഫ്ഗാനിസ്ഥാനില്‍ നിന്നും പലായനം ചെയ്യുന്ന 5000 അഭയാര്‍ത്ഥികള്‍ക്ക് താല്‍ക്കാലികമായി തങ്ങാനുള്ള സൗകര്യമൊരുക്കുമെന്ന് അധികൃതർ, യുഎസ് വിമാനങ്ങളില്‍ എത്തിക്കും
ഭീതിയിലും കാരുണ്യഹസ്തം നീട്ടി യുഎഇ. അഫ്ഗാനിസ്ഥാനില്‍ നിന്നും പലായനം ചെയ്യുന്ന 5000 അഭയാര്‍ത്ഥികള്‍ക്ക് താല്‍ക്കാലികമായി തങ്ങാനുള്ള സൗകര്യമൊരുക്കുമെന്ന് യുഎഇ അധികാരികള്‍ അറിയിക്കുകയുണ്ടായി. അമേരികയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് തീരുമാനമെന്നും യുഎഇ മാധ്യമങ്ങളോട് വ്യക്തമാക്കി. കാബൂളില്‍ നിന്നും യുഎസ് വിമാനങ്ങളില്‍ അഭയാര്‍ത്ഥികളെ യുഎഇയില്‍ എത്തിക്കുന്നതായിരിക്കും.
അതേസമയം 10 ദിവസത്തേക്കാണ് താല്‍ക്കാലികമായി തങ്ങാനുള്ള സൗകര്യമൊരുക്കുകയെന്ന് യുഎഇ അധികാരികള്‍ അറിയിച്ചു. കാബൂള്‍ വിമാനത്താവളത്തിന്റെ സുരക്ഷയ്ക്കായി 6000 സൈനികരെയും യുഎസ് ഇതിനോടകം വിന്യസിച്ചിട്ടുണ്ട്. സേനാ പിന്മാറ്റത്തിന് പിന്നാലെ ഉടലെടുത്ത അഫ്ഗാനിലെ പ്രതിസന്ധി അമേരികയുടെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടിച്ചിട്ടില്ലെന്നും ജോ ബൈഡന്‍ വിശദീകരിക്കുകയുണ്ടായി.
കൂടാതെ അഫ്ഗാനിസ്ഥാനില്‍ അമേരികയെ സഹായിച്ച സ്വദേശികളുടെ സുരക്ഷ തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ ആവര്‍ത്തിച്ചു. ഇവരെ അമേരികയില്‍ എത്തിക്കാനവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ബൈഡന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. രക്ഷാദൗത്യം വ്യാപിപ്പിക്കാന്‍ സൗഹ്യദ രാഷ്ട്രങ്ങളുമായി കൈക്കോര്‍ത്തിട്ടുണ്ടെന്നും ബൈഡന്‍ പറഞ്ഞു. ഇത് വരെ 18000 പേരെ അഫ്ഗാനില്‍ നിന്ന് സുരക്ഷിതമായി മാറ്റിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























