വിസ്മയ കേസിന്റെ അന്വേഷണവും കുറ്റപത്രം തയ്യാറാക്കലും ഏകദേശം പൂര്‍ത്തിയായി... സെപ്റ്റംബര്‍ 10 ന് മുമ്പ് കുറ്റപത്രം സമര്‍പ്പിക്കും

വിസ്മയ കേസില്‍ സെപ്റ്റംബര്‍ 10 ന് മുമ്പ് കുറ്റപത്രം സമര്‍പ്പിക്കും. കേസിന്റെ അന്വേഷണവും കുറ്റപത്രം തയാറാക്കലും ഏകദേശം പൂര്‍ത്തിയായി.
ചില ശാസ്ത്രീയ പരിശോധന ഫലങ്ങളും സാഹചര്യങ്ങളും തമ്മിലുള്ള താരതമ്യപ്പെടുത്തല്‍ മാത്രമാണ് ശേഷിക്കുന്നത്. അന്തിമ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് ഇടക്കാല റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും.
കഴിഞ്ഞ ജൂണ്‍ 21നാണ് നിലമേല്‍ കൈതോട് കുളത്തിന്‍കര മേലേതില്‍ പുത്തന്‍വീട്ടില്‍ ത്രിവിക്രമന്‍നായരുടെയും സരിതയുടെയും മകളും പോരുവഴി അമ്പലത്തുംഭാഗം ചന്ദ്രവിലാസത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് എ.എം.വി.ഐ.എസ് കിരണിന്റെ ഭാര്യയുമായ വിസ്മയ (24) അമ്ബലത്തുംഭാഗത്തെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍കാണപ്പെട്ടത്.
വീടിന്റെ മുകളിലത്തെ നിലയിലെ ശുചിമുറിയില്‍ തൂങ്ങിനിന്ന വിസ്മയയെ ഭര്‍തൃവീട്ടുകാര്‍ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും മരണം സംഭവിച്ചിരുന്നു. മരണത്തില്‍ ദുരൂഹത ഉയരുകയും തൊട്ടുപിറകെ പീഡനത്തിന്റെ നിരവധി തെളിവുകള്‍ പുറത്തുവരികയും ചെയ്തു. ഇതോടെ ഭര്‍ത്താവ് കിരണ്‍ ഒളിവില്‍ പോയെങ്കിലും രാത്രിയോടെ പൊലീസില്‍ കീഴടങ്ങി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സ്ത്രീധനത്തിന്റെ പേരില്‍ കിരണ്‍ വിസ്മയയെ ക്രൂരമായി പീഡിപ്പിച്ചിരുന്നതായി തെളിഞ്ഞു. സംഭവദിവസവും ഇത് ആവര്‍ത്തിച്ചിരുന്നു. ഇതാണ് വിസ്മയയുടെ മരണത്തിന് ഇടയാക്കിയത്. എന്നാല്‍, ബന്ധുക്കള്‍ ആരോപിച്ചതുപോലെ കൊലപാതകമാണെന്ന കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല.
നിലവില്‍ ഗാര്‍ഹിക - സ്ത്രീധന പീഡന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കേസില്‍ ജാമ്യം നിഷേധിക്കപ്പെട്ട കിരണ്‍ ഇപ്പോഴും ജയിലിലാണ്. സംഭവത്തെതുടര്‍ന്ന് ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്ത കിരണിനെ പിന്നീട് സര്‍വിസില്‍നിന്ന് പിരിച്ചുവിട്ടു. ഡി.ഐ.ജി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചാണ് കേസിന്റെ അന്വേഷണം നടത്തിയത്.
"
https://www.facebook.com/Malayalivartha


























