അന്വേഷണ സംഘം ഞെട്ടിപ്പോയി... ഉത്ര വധക്കേസിലെ ഡമ്മി പരീക്ഷണം സിബിഐ ഡയറിക്കുറുപ്പ് സിനിമ പോലെയായി; കോഴിയിറച്ചി കഷ്ണം ഘടിപ്പിച്ചിട്ടും ഡമ്മിയില്‍ കടിക്കാതിരുന്ന മൂര്‍ഖന്‍ ചിരി പടര്‍ത്തി; അവസാനം ആഞ്ഞ് കൊത്തിയതോടെ ഒന്നൊന്നര തെളിവായി

മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിച്ച സംഭവമാണ് ഉത്ര വധക്കേസ്. അവസാനം അത് തെളിയിക്കാന്‍ അന്വേഷണ സംഘം തെരഞ്ഞെടുത്തത് ഒരു സിബിഐ ഡയറിക്കുറിപ്പിലെ ഡമ്മി പരീക്ഷണമാണ്. പാമ്പ് ഈ സിനിമ കണ്ടിട്ടുണ്ടോയെന്നറിയില്ല. അത് കാണികളെ ചിരിപ്പിച്ചു. അവസാനം ഫലം കണ്ടു. പാമ്പിനെ ഉപയോഗിച്ചുള്ള ഡമ്മി പരീക്ഷണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നതോടെയാണ് കാര്യങ്ങള്‍ വ്യക്തമായത്.
ഉത്രയുടെ ശരീരത്തിന്റെ ഡമ്മിയില്‍ മൂര്‍ഖന്‍ പാമ്പിനെ കുടഞ്ഞിട്ടും പിന്നീട് പ്രകോപിപ്പിച്ചും നടത്തിയ പരീക്ഷണം ഉത്ര വധക്കേസിലെ നിര്‍ണായക തെളിവായി.
അരിപ്പ ഫോറസ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടിലെ പാമ്പ് പിടിത്തക്കാരനായ മാവിഷിന്റെ സഹായത്തോടെയാണ് അന്വേഷണസംഘം ഡമ്മി പരീക്ഷണം നടത്തിയത്. ഉത്രയെ കടിച്ച മൂര്‍ഖന്‍ പാമ്പിന്റെ അതേ വലിപ്പമുള്ള പാമ്പുകളെയാണ് ഉപയോഗിച്ചത്. സാധാരണ പാമ്പ് കടിച്ചാല്‍ ഉണ്ടാകുന്ന മുറിവിന്റെ വ്യാപ്തിയും പ്രകോപിപ്പിച്ച് കടിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന മുറിവിന്റെ വ്യാപ്തിയും വ്യക്തമാകാനായിരുന്നു പരീക്ഷണം. പരീക്ഷണത്തില്‍ പാമ്പിനെ പ്രകോപിപ്പിച്ചാണ് ഉത്രയെ കടിപ്പിച്ചതെന്ന് വ്യക്തമായി.
കേസിന്റെ വിസ്താരം 90 ശതമാനം പൂര്‍ത്തിയായി. വിധി പറയുന്ന തീയതി വൈകാതെ പ്രഖ്യാപിക്കും. 2020 മേയ് 7നാണ് അഞ്ചലിലുള്ള വീട്ടില്‍ വച്ച് ഉത്ര മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് കൊല്ലപ്പെട്ടത്.
സ്വാഭാവികമായി കടിക്കുമ്പോള്‍ ഉണ്ടാകുന്ന മുറിവിന്റെ വ്യാപ്തി കണ്ടെത്താന്‍ മൂന്നു തവണ പാമ്പിനെ ഡമ്മി ശരീരത്തിലേക്ക് പ്ലാസ്റ്റിക് ടിന്നില്‍ നിന്ന് കുടഞ്ഞിട്ടു. മൂന്നു തവണയും കടിക്കാതെ പാമ്പ് മുറിയുടെ മൂലയിലേക്ക് പോയി. കൈയുടെ ആകൃതിയിലുള്ള ഡമ്മിയില്‍ കോഴിയിറച്ചി കഷ്ണം ഘടിപ്പിച്ച് പലതവണ അടുത്തേക്ക് കൊണ്ടുചെന്നിട്ടും കടിച്ചില്ല. രാത്രികാലങ്ങളില്‍ മൂര്‍ഖന്‍ പാമ്പുകള്‍ അക്ടീവല്ലാത്തതിനാലാണ് കടിക്കാതിരുന്നത്. എന്നാല്‍ ഉത്രയെ രാത്രിയാണ് മൂര്‍ഖന്‍ കടിച്ചത്. മൂര്‍ഖന്റെ വാലില്‍ തട്ടി പ്രകോപിപ്പിച്ചു. ഇതോടെ കൈയുടെ ഡമ്മിയില്‍ പലതവണ കടിച്ചു. അപ്പോള്‍ 1.7 സെ. മീറ്റര്‍ വീതിയിലായിരുന്നു മുറിവ്.
പാമ്പിന്റെ കഴുത്തില്‍ മുറുക്കിപ്പിടിച്ച് ഡെമ്മിയില്‍ കടിപ്പിച്ചു. ആദ്യ കടിയില്‍ 2 സെ.മീറ്റര്‍ വീതിയിലും രണ്ടാമത്തേതില്‍ 2.4 സെ.മീറ്റര്‍ വീതിയിലുമായിരുന്നു മുറിവ്. ഉത്രയുടെ ശരീരത്തിലുണ്ടായിരുന്ന മുറിവിന്റെ വീതി 2.3 സെ. മീറ്ററും 2.8 സെ.മീറ്ററും ആയിരുന്നു. ഇതിലൂടെ ഉത്രയെ മൂര്‍ഖന്‍ പാമ്പിന്റെ കഴുത്തില്‍ മുറുക്കിപ്പിടിച്ച് കടിപ്പിച്ചതാണെന്ന് വ്യക്തമായി.
ഉത്രയുടേത് കൊലപാതകമാണെന്ന് ആദ്യം പറഞ്ഞത് വാവ സുരേഷാണ്. അണലി വീടിന്റെ രണ്ടാമത്തെ നിലയില്‍ ഇഴഞ്ഞുകയറി കടിക്കാന്‍ സാദ്ധ്യതയില്ലെന്നും ആരോ കൊണ്ടിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചതാകാമെന്നും വാവ തറപ്പിച്ചു പറഞ്ഞിരുന്നു.
ജനലും വാതിലും അടഞ്ഞുകിടക്കുന്ന എ.സി മുറിയിലേക്ക് മൂര്‍ഖന്‍ കടന്നുകയറി കടിക്കാന്‍ സാദ്ധ്യതയില്ലെന്നും നടന്നത് കൊലപാതകമാണെന്നും അന്വേഷണത്തിന്റെ ആദ്യനാളുകളില്‍ത്തന്നെ വാവ വ്യക്തമാക്കി. ഉത്രയെ മയക്കിക്കിടത്തിയ ശേഷമാകാം കടിപ്പിച്ചതെന്നും വാവ പറഞ്ഞു.
ഇക്കാര്യങ്ങള്‍ ശാസ്ത്രീയമായി വ്യക്തമാക്കാന്‍ വാവ സുരേഷ് ഉത്രയുടെ വീട്ടിലെത്തി പ്രത്യേക ടിവി പ്രോഗ്രാം തയ്യാറാക്കി. മുറിയില്‍ പാമ്പ് ഇഴഞ്ഞുകയറിയതിന്റെ പാടുകളില്ലെന്നും നടന്നത് കൊലപാതകമാണെന്നും തെളിവുസഹിതം വിശദീകരിച്ചു. ഇത് അന്വേഷണസംഘത്തിന് വലിയ ആയുധമായി മാറി. വാവയെ കേസില്‍ സാക്ഷിയാക്കി. വിസ്താര വേളയിലും വാവയുടെ മൊഴികള്‍ നിര്‍ണായകമായി.
"
https://www.facebook.com/Malayalivartha

























