പ്ലസ് വണ്‍ പരീക്ഷയ്ക്കും അധികചോദ്യങ്ങള്‍ ഉള്‍പ്പെടുത്തും; വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാചോദ്യങ്ങളും വായിച്ച് മനസ്സിലാക്കാന്‍ 20 മിനിറ്റ് കൂള്‍ ഓഫ് ടൈം അനുവദിക്കും; ഹയർസെക്കണ്ടറി ഒന്നാം വർഷ പരീക്ഷകൾ അടുത്ത മാസം ആറിന് ആരംഭിക്കും

അടുത്ത മാസം ആറിന് തുടങ്ങുന്ന പ്ലസ് വണ്‍ പരീക്ഷയ്ക്കും അധികചോദ്യങ്ങള്‍ ഉള്‍പ്പെടുത്തും. ഇതുവഴി വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യങ്ങള്‍ തെരഞ്ഞെടുത്ത് ഉത്തരം എഴുതാന്‍ അവസരം ലഭിക്കും. 80 മാര്‍ക്കിന്റെ പരീക്ഷയ്ക്ക് 160 മാര്‍ക്കിനുള്ള ചോദ്യങ്ങളും 60 മാര്‍ക്കുള്ളതിന് 120 മാര്‍ക്കിനുള്ള ചോദ്യങ്ങളുമാണ് ഉണ്ടാവുക. 40 മാര്‍ക്കിന്റെ പരീക്ഷയ്ക്ക് 80 മാര്‍ക്കിനുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തും. നിശ്ചിത എണ്ണം ചോദ്യങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടാനുസരണം തെരഞ്ഞെടുത്ത് ഉത്തരമെഴുതാം.
പരീക്ഷയുടെ വിശദാംശങ്ങള്‍ സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലനസമിതി (എസ് സി ഇ ആര്‍ ടി) കഴിഞ്ഞദിവസം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കൈമാറി. അധികചോദ്യങ്ങള്‍ ഉള്ളതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാചോദ്യങ്ങളും വായിച്ച് മനസ്സിലാക്കാന്‍ 20 മിനിറ്റ് സമാശ്വാസ സമയമായി (കൂള്‍ ഓഫ് ടൈം) അനുവദിക്കും. മുഴുവന്‍ മാര്‍ക്കും നേടാന്‍ ആവശ്യമായ ചോദ്യങ്ങള്‍ എസ് സി ഇ ആര്‍ ടി നിശ്ചയിച്ച ഫോക്കസ് ഏരിയയിലെ പാഠഭാഗത്തുനിന്നുതന്നെ ഉണ്ടാകും. കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതിയാല്‍ അവയില്‍നിന്നും മികച്ച സ്‌കോര്‍ലഭിച്ച നിശ്ചിത ഉത്തരങ്ങള്‍ മാത്രമേ പരിഗണിക്കു. നേരത്തെ പ്ലസ്ടു പരീക്ഷയ്ക്കും അധികചോദ്യങ്ങള്‍ നല്‍കിയിരുന്നു.
പരീക്ഷയ്ക്ക് 20 കുട്ടികളെയാണ് ഒരുമുറിയില്‍ അനുവദിക്കുക. ക്ലാസ്മുറികളില്‍ പേന, കാല്‍ക്കുലേറ്റര്‍ മുതലായവയുടെ കൈമാറ്റം അനുവദിക്കില്ല. വിദ്യാര്‍ത്ഥികള്‍ക്ക് പ്രധാന കവാടത്തിലൂടെ മാത്രമേ പ്രവേശനം അനുവദിക്കാവൂ.കോവിഡ് പോസിറ്റിവായവര്‍ പ്ലസ് വണ്‍ പരീക്ഷക്ക് ഹാജരാകുന്നെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ മുന്‍കൂട്ടി വിവരമറിയിക്കണം. വിദ്യാര്‍ത്ഥിക്കും ഇന്‍വിജിലേറ്റര്‍ക്കും പിപിഇ കിറ്റ് നല്‍കി പ്രത്യേകമുറിയില്‍ പരീക്ഷ നടത്താനാണ് നിര്‍ദ്ദേശം. കോവിഡ് ചികിത്സ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ പരീക്ഷ നടത്താന്‍ കഴിയില്ലെങ്കില്‍ അടുത്തുള്ള മറ്റ് സ്‌കൂളുകള്‍ ഉപയോഗിച്ച് പരീക്ഷ നടത്തുന്നതിനുള്ള ക്രമീകരണം നടത്തണമെന്നും പരീക്ഷ സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























