വനിതാ സുഹൃത്തിന്റെ വീട്ടിൽ ഓട്ടോ ഡ്രൈവര്‍ തൂങ്ങിമരിച്ചു; അൻപത്തിയേഴുകാരൻ ആത്മഹത്യ ചെയ്തത് ഗ്യാസ് സിലിണ്ടര്‍ തുറന്ന് വിട്ട് തീകൊളുത്തിയശേഷം

വര്‍ക്കല കണ്ണമ്പയില്‍ വനിതാ സുഹൃത്തിന്റെ വീട്ടിലെത്തി ഗ്യാസ് സിലിണ്ടര്‍ തുറന്ന് തീകൊളുത്തിയശേഷം ഓട്ടോ ഡ്രൈവര്‍ തൂങ്ങിമരിച്ചു. പെരുംകുഴി കയര്‍ സൊസൈറ്റിക്ക് സമീപം കിഴക്കതില്‍ വീട്ടില്‍ രാജേന്ദ്രനാണ് (57) മരിച്ചത്. കണ്ണമ്ബ ചാലുവിള ചന്ദ്രലേഖയില്‍ ബിന്ദു വിശ്വനാഥന്റെ വീട്ടിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടത്. ബിന്ദു ആ സമയം വീട്ടിലുണ്ടായിരുന്നില്ല.
ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നതുകണ്ട് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വര്‍ക്കല പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് രാജേന്ദ്രനെ മരിച്ച നിലയില്‍ കണ്ടത്. അടുക്കളയിലുണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകള്‍ വീടിന്റെ ഹാളില്‍ എത്തിച്ച നിലയിലായിരുന്നു. അതിലൊന്ന് തുറന്നുവിട്ട് തീകൊളുത്തിശേഷം സമീപത്തെ കിടപ്പുമുറിയിലെത്തി ഷാളുകൊണ്ട് ഫാനില്‍ കെട്ടിതൂങ്ങുകയായിരുന്നു എന്നാണ് കരുതുന്നത്. ഹാളില്‍ നിന്ന് കിടപ്പുമുറിയിലേക്കും ആളിപ്പടര്‍ന്ന തീയില്‍ ഷാള്‍ ഉരുകി രാജേന്ദ്രന്‍ താഴേക്ക് വീണ നിലയിലായിരുന്നു. ശരീരമാകെ പൊള്ളലേറ്റിട്ടുണ്ട്. വീട്ടിലെ ഫര്‍ണിച്ചര്‍ ഉള്‍പ്പെടെ കത്തിനശിച്ചു.
പെരുംകുഴിയിലെ ഓട്ടോ ഡ്രൈവറായ രാജേന്ദ്രന് ഭാര്യയും മൂന്ന് മക്കളുമുണ്ട്. ബിന്ദുവിന്റെ വീട്ടില്‍ ഇടയ്ക്കിടെ ഇയാള്‍ എത്താറുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ബിന്ദുവിന് രണ്ട് പെണ്‍മക്കളുണ്ട്. അവര്‍ വിവാഹം കഴിഞ്ഞ് ഭര്‍തൃഗൃഹങ്ങളിലാണ് താമസം. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു നില്‍ക്കുന്ന ബിന്ദു ഒറ്റയ്ക്കാണ് കഴിയുന്നത്. രണ്ടുവര്‍ഷം മുമ്ബാണ് ചാലുവിളയില്‍ വീടുവച്ച് താമസമായത്.
ഇന്നലെ ബിന്ദു ചോറ്റാനിക്കര ക്ഷേത്രത്തില്‍ പോയ സമയത്താണ് രാജേന്ദ്രന്‍ ഇവിടെ എത്തിയത്. വീടിന്റെ പിന്‍ഭാഗത്തെ വാതിലിലൂടെയാണ് അകത്തുകടന്നത്. ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല. ബിന്ദുവുമായി ചില സാമ്ബത്തിക തര്‍ക്കം ഉണ്ടായിരുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. വര്‍ക്കല പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തങ്കമണിയാണ് രാജേന്ദ്രന്റെ ഭാര്യ.
https://www.facebook.com/Malayalivartha

























