ഈ മാസം അവസാനം വരെ കനത്ത മഴയ്ക്ക് സാധ്യത! റിസര്‍വോയറുകളില്‍ മുന്‍കരുതലുകള്‍ ശക്തമാക്കി വൈദ്യുതിബോര്‍ഡ്

സംസ്ഥാനത്ത് 30വരെ അതിതീവ്ര മഴയുണ്ടാകുമെന്ന പ്രവചനം കണക്കിലെടുത്ത് എല്ലാ ഡാമുകളുടെയും റിസര്‍വോയറുകളുടെയും സംഭരണസ്ഥിതിയും തീവ്രമഴ നേരിടാനുള്ള നടപടികളും ഡയറക്ടര്‍ ബോര്‍ഡ് തലത്തില്‍ വിശകലനം ചെയ്തു. ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തതായി കെ.എസ്.ഇ.ബി.വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ഇടുക്കി, ഇടമലയാര്‍ റിസര്‍വോയറുകളില്‍ തീവ്രമഴ ഉണ്ടായാലും ആവശ്യമായ ജലം സംഭരിക്കാന്‍ ശേഷിയുണ്ട്. അവിടെ ജാഗ്രത പ്രഖ്യാപിച്ചിട്ടില്ല. വൈദ്യുതി ഉത്പാദനം പരമാവധിയാക്കും.
കക്കി, ബാണാസുരസാഗര്‍ റിസര്‍വോയറുകളില്‍ നിലവിലുള്ള നീരൊഴുക്കിന്റെ അടിസ്ഥാനത്തില്‍ സ്ഥിതി സുരക്ഷിതമാണ്.ആവശ്യമെങ്കില്‍ ജലം കക്കയം റിസര്‍വോയറിലേക്ക് തിരിച്ചു വിടാന്‍ അനുവാദം നല്‍കി. ശബരിഗിരി പവര്‍ഹൗസില്‍ ജൂലൈ മുതല്‍ തുടര്‍ച്ചയായി വൈദ്യുതി ഉത്പാദനം പരമാവധി ആണ്. താരതമ്യേന ചെറിയ സംഭരണികളായ പെരിങ്ങല്‍ല്‍കുത്ത്, കല്ലാര്‍കുട്ടി, മൂഴിയാര്‍, ലോവര്‍ പെരിയാര്‍ എന്നിവ സാധാരണ മഴക്കാലത്തു നിറഞ്ഞു ഒഴുകുന്നവയാണ്. ഇവയുടെ ജലവിതാനം ക്രമീകരിച്ച് നിയന്ത്രിത അളവില്‍ താഴേക്ക് അധിക ജലം ഒഴുക്കും.
പറമ്പിക്കുളം ആളിയാര്‍ കരാറിന്റെ ഭാഗമായ കേരള ഷോളയാര്‍ ജലസംഭരണിയില്‍ ജലനിരപ്പ് 2661.5അടി ആണ്. സംഭരണശേഷി 2663 അടി ആണ്. കാലാവസ്ഥാ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ കേരള ഷോളയാര്‍ പവര്‍ ഹൗസ് പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിക്കുകയും അതോടൊപ്പം തമിഴ്നാട് ഷോളയാറില്‍ നിന്ന് കേരളത്തിലേക്കുള്ള നീരൊഴുക്ക് താത്ക്കാലികമായി നിറുത്തിവച്ച് ജലനിയന്ത്രണം നടപ്പിലാക്കാന്‍ തീരുമാനിച്ചു.
https://www.facebook.com/Malayalivartha

























