മൃഗങ്ങളേക്കാള്‍ നീചമായി പരിഗണിക്കപ്പെട്ടിരിക്കുന്ന ദളിത് ജനവിഭാഗങ്ങൾ നേരിട്ട അനീതികൾക്കെതിരെ അദ്ദേഹം നേതൃത്വം നൽകിയ ഐതിഹാസികമായ സമരങ്ങൾ കേരള ചരിത്രത്തിൻ്റെ ഗതി മാറ്റിയെഴുതി; മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനത്തിൽ കുറിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ

മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനമാണിന്ന്. അയ്യങ്കാളിയെ കുറിച്ചുള്ള കുറിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;ഇന്ന് മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനമാണ്.
ജന്മിത്വവും ജാതിസമ്പ്രദായവും അനാചാരങ്ങളും തീർത്ത അന്ധകാരത്തിനു മേൽ നവോത്ഥാനത്തിൻ്റെ വെളിച്ചം വിതറി കേരളത്തെ ആധുനികതയിലേയ്ക്ക് ആനയിച്ച മഹാവ്യക്തിത്വങ്ങളുടെ മുൻനിരയിലാണ് അയ്യങ്കാളിയുടെ സ്ഥാനം. ദളിതരുടെ മാത്രമല്ല, സ്ത്രീകളുടേയും കർഷകരുടേയും തൊഴിലാളികളുടേയും അവകാശപ്പോരാട്ടങ്ങളുടെ അമരക്കാരനായിരുന്നു അദ്ദേഹം.
മൃഗങ്ങളേക്കാള്‍ നീചമായി പരിഗണിക്കപ്പെട്ടിരിക്കുന്ന ദളിത് ജനവിഭാഗങ്ങൾ നേരിട്ട അനീതികൾക്കെതിരെ അദ്ദേഹം നേതൃത്വം നൽകിയ ഐതിഹാസികമായ സമരങ്ങൾ കേരള ചരിത്രത്തിൻ്റെ ഗതി മാറ്റിയെഴുതി.
സഞ്ചാര സ്വാതന്ത്ര്യത്തിന്, വസ്ത്ര സ്വാതന്ത്ര്യത്തിന്, വിദ്യാഭ്യാസത്തിന്, കൂലിയ്ക്ക് എന്നിങ്ങനെ അടിച്ചമർത്തപ്പെട്ട മനുഷ്യർ നേരിടുന്ന ഓരോ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തുന്നതിനു വേണ്ടി അയങ്കാളി ശക്തമായ പ്രക്ഷോഭങ്ങളുയർത്തി.
വില്ലുവണ്ടി സമരവും, കല്ലുമാല സമരവും എല്ലാം നമ്മുടെ നവോത്ഥാനപ്രസ്ഥാനത്തിന് ഊർജ്ജവും പ്രചോദനവും നൽകി. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ദളിത് ജനവിഭാഗങ്ങൾക്കായി വിദ്യാലയം തന്നെ അദ്ദേഹം ആരംഭിച്ചു.
കൂലി നിഷേധിക്കപ്പെട്ടിരുന്ന കർഷകത്തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് അയ്യങ്കാളി നടത്തിയ പണിമുടക്ക് സമരം വർഗചൂഷണത്തിനെതിരായ പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി. അത്തരത്തിൽ ഒരു സമൂഹമെന്ന നിലയ്ക്ക് നാമിന്ന് അഭിമാനം കൊള്ളുന്ന നിരവധി നേട്ടങ്ങളിൽ അയ്യങ്കാളിയുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.
ജാതീയതയും വർഗീയതയും സാമ്പത്തികാസമത്വവും നാടിൻ്റെ പുരോഗതിയ്ക്കും ജനങ്ങളുടെ സമാധാനപൂർണ്ണമായ ജീവിതത്തിനും ഇന്നും വെല്ലുവിളികളാണ്. അവയെ ഇല്ലാതാക്കിക്കൊണ്ട് മാത്രമേ നിലവിൽ നമ്മൾ നേരിടുന്ന സാമൂഹ്യപ്രശ്നങ്ങൾക്ക് പൂർണമായ പരിഹാരം കണ്ടെത്താൻ സാധിക്കൂ.
അതിനായി കൃത്യമായ രാഷ്ട്രീയ ബോധ്യമുൾച്ചേർന്ന സംഘടിതമായ മുന്നേറ്റമുണ്ടായേ തീരൂ. അത്തരമൊരു മുന്നേറ്റത്തിൽ അയങ്കാളിയുടെ ചരിത്രം നമുക്ക് വഴി കാട്ടും. അദ്ദേഹത്തിൻ്റെ ജീവിതം പ്രചോദനം പകരും. ആ ആശയങ്ങളുൾക്കൊണ്ട് നമുക്ക് ഒരുമിച്ചു മുന്നേറാം. സമത്വസുന്ദരമായ നവകേരളത്തിനായി സംഘടിക്കാം.
https://www.facebook.com/Malayalivartha
























