കാമുകിക്ക് രണ്ട് മക്കളുണ്ട്, കുരുക്കല്ലേ സാറുമ്മാരെ... കാമുകൻ പൊട്ടിക്കരഞ്ഞപ്പോൾ എക്‌സൈസിന്റെ മനസ്സലിഞ്ഞു

കാക്കനാട് മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിലെടുത്ത യുവതിയെ എക്‌സൈസ് ഒഴിവാക്കിയത് കാമുകനായ പ്രതിയുടെ നിരന്തരമായ അപേക്ഷയ്ക്ക് പിന്നാലെയെന്ന് റിപ്പോർട്ട്. കേസിൽ ഒരു യുവതി അടക്കം ഏഴു പേരെയായിരുന്നു കസ്റ്റഡിയിലെടുത്തത്. കേസിൽ നിന്നും തന്റെ കാമുകിയെ ഒഴിവാക്കണമെന്ന് മുഖ്യപ്രതി എക്സൈസിനോട് അപേക്ഷിച്ചുകൊണ്ടിരുന്നു. മയക്കുമരുന്ന് വ്യാപാരത്തെക്കുറിച്ച് കാമുകിക്ക് ഒന്നും അറിയില്ലെന്നും താൻ ആവശ്യപ്പെട്ട പ്രകാരം അപ്പാർട്ട്‌മെന്റിൽ വന്നപ്പോഴാണ് റെയ്ഡ് നടന്നതെന്നും യുവാവ് പറയുന്നു.
കാമുകിക്ക് രണ്ട് കുട്ടികളുള്ളതാണെന്നും കേസിൽ കുടുക്കിയാൽ ഇവരുടെ കാര്യം കഷ്ടമാകുമെന്നുമായിരുന്നു യുവാവ് നിരന്തരം പറഞ്ഞുകൊണ്ടിരുന്നത്. ഇതോടെ ഇവരെ ഒഴിവാക്കാൻ ഉദ്യോഗസ്ഥൻ തീരുമാനിക്കുകയായിരുന്നു. യുവതിയെ കൂടാതെ മറ്റൊരാളെ
കൂടെ പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കിയിരുന്നു. ഇതിന്റെ കാരണം വ്യക്തമല്ല.പ്രതികളെ പിടികൂടിയ ഫ്‌ലാറ്റിലുണ്ടായിരുന്ന ഒരു മാന്‍കൊമ്പ്, മൊബൈല്‍ ഫോണുകള്‍, 20,000 രൂപയിലേറെ വില വരുന്ന 2 റോട്വീലര്‍ അടക്കം 4 മുന്തിയയിനം പട്ടികള്‍, കണ്ടെത്തിയ പണം എന്നിവയും മഹസറില്‍ രേഖപ്പെടുത്തിയില്ല.
ബുധനാഴ്ച പകല്‍ ഈ ഫ്‌ലാറ്റിലെ സിസിടിവി എക്‌സൈസ് സംഘം നിരീക്ഷിച്ചതിന്റെയും അവര്‍ ശേഖരിച്ച ദൃശ്യങ്ങളുടെയും വിശദാംശം സംസ്ഥാന ഇന്റലിജന്‍സിനും നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്കും ലഭിച്ചു. എക്‌സൈസ് സ്‌ക്വാഡിലെ പ്രധാനിയും സിബിഐ അച്ചടക്ക നടപടിക്കു ശുപാര്‍ശ ചെയ്ത എക്‌സൈസ് ഉന്നതനും ചേര്‍ന്നാണു കോടികളുടെ കേസ് അട്ടിമറിച്ചതെന്നും ഇന്റലിജന്‍സിനു വിവരം ലഭിച്ചു.
കാക്കനാട്ടെ ഒരു ഫ്‌ലാറ്റ് കേന്ദ്രീകരിച്ചു ലഹരി പാര്‍ട്ടികളും മറ്റ് ഇടപാടുകളും നടക്കുന്നതായി കേന്ദ്ര നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്കു കഴിഞ്ഞയാഴ്ച രഹസ്യ വിവരം ലഭിച്ചിരുന്നു. അത് സംസ്ഥാന എക്‌സൈസിനു കൈമാറി. തുടര്‍ന്നു ബുധനാഴ്ച രാവിലെ എക്‌സൈസിലെ 2 ഉദ്യോഗസ്ഥര്‍ എത്തി ഫ്‌ലാറ്റിന്റെ ഇടനാഴിയില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു തുടങ്ങി.
ആദ്യം 84 ഗ്രാം എംഡിഎംഎ കണ്ടെത്തി. ഫ്‌ലാറ്റിലുണ്ടായിരുന്ന 5 യുവാക്കളെയും 2 സ്ത്രീകളെയും പിടിച്ചു. ഇവരെ ഒറ്റയ്ക്കു ചോദ്യം ചെയ്തപ്പോള്‍ ഒരു കിലോ കൂടി തുണികള്‍ക്കിടയില്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്നും പിടിച്ചവരില്‍ ഒരു സ്ത്രീയാണ് മുഖ്യ സൂത്രധാരയെന്നും ഒരാള്‍ വെളിപ്പെടുത്തി. പിന്നീടാണു കേസില്‍ അട്ടിമറി നടന്നതെന്നാണ് സൂചന.
അതേസമയം കേസിൽ അഞ്ചു പ്രതികളെ എക്സൈസ് ക്രൈംബ്രാഞ്ചിന്‍റെ കസ്റ്റഡിയില്‍ വിട്ടു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കസ്റ്റഡിയില്‍ വിട്ടത്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടന്നും ലഹരി മരുന്നിന്‍റെ ഉറവിടം കണ്ടെത്തണമെന്നുമാണ് എക്സൈസ് കസ്റ്റഡി അപേക്ഷയില്‍ പറയുന്നത്. എറണാകുളത്തു വിവിധ സ്ഥലങ്ങളില്‍ ഫ്ലാറ്റുകള്‍ വാടകയ്ക്കെടുത്താണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. നേരത്തെയും കൊച്ചിയില്‍ മയക്കുമരുന്ന് എത്തിച്ചതായി ഇവര്‍ സമ്മതിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായാണ് കസ്റ്റഡിയില്‍ വാങ്ങുന്നത്.
https://www.facebook.com/Malayalivartha

























