കൊവിഡ് മഹാമാരി മൂലം മാതാപിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് ധനസഹായം...3 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും, കുട്ടിക്ക് 18 വയസ് ആകുന്നതുവരെ മാസംതോറും 2000 രൂപ വീതവും അനുവദിക്കും

കൊവിഡ് മഹാമാരി മൂലം മാതാപിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് ധനസഹായം അനുവദിക്കുന്നതിനായി 3,19,99,000 രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 3 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും, കുട്ടിക്ക് 18 വയസ് ആകുന്നതുവരെ മാസംതോറും 2000 രൂപ വീതവുമാണ് അനുവദിക്കുന്നത്. കൂടാതെ ഈ കുട്ടികളുടെ ബിരുദതലം വരെയുള്ള പഠനച്ചെലവുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും വഹിക്കുന്നതാണ്. അടുത്തമാസം ആദ്യ ആഴ്ചയോടെ അവരുടെ അക്കൗണ്ടില്‍ തുക നിക്ഷേപിക്കും.
നിലവില്‍ ആനുകൂല്യത്തിനര്‍ഹരായ 87 കുട്ടികളേയാണ് കണ്ടെത്തിയിട്ടുള്ളത്. ധനസഹായം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിച്ചും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം കൊവിഡ് വന്നു മാറിയതിനു ശേഷം കുട്ടികള്‍ക്കിടയില്‍ കുറഞ്ഞ തോതിലെങ്കിലും കാണുന്ന ആരോഗ്യപ്രശ്‌നമാണ് മള്‍ട്ടി സിസ്റ്റം ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രോം. അതിവേഗം ചികിത്സിക്കാന്‍ കഴിയുന്ന രോഗമാണിത്. പൊതുവേ കാണുന്ന രോഗലക്ഷണങ്ങള്‍ വയറു വേദന, ത്വക്കില്‍ കാണുന്ന തിണര്‍പ്പ്, പനി തുടങ്ങിയവയാണ്.
അത്തരം രോഗലക്ഷണങ്ങള്‍ കാണുന്ന കുട്ടികളെ എത്രയും പെട്ടെന്ന് ആശുപത്രികളില്‍ എത്തിക്കേണ്ടതാണ്. ഡോക്ടര്‍മാര്‍ക്ക് ഈ അസുഖം ചികിത്സിക്കാനാവശ്യമായ പരിശീലനങ്ങള്‍ നല്‍കുന്നുണ്ട്. ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ മെഡിക്കല്‍ കോളേജുകളിലും പ്രധാന ആശുപത്രികളിലും സജ്ജമാക്കിയിട്ടുണ്ട്. ഈ രോഗബാധ ആരോഗ്യവകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള നിര്‍ദ്ദേശം എല്ലാ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ക്കും നല്‍കിയിട്ടുമുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha

























