വര്‍ണ്ണ ശബളമായ വ്യക്തിത്വം... പി കെ ശശിയെ കെടിഡിസി ചെയര്‍മാനായി നിയമിച്ചതില്‍ പ്രതികരണവുമായി എ ജയശങ്കര്‍; വിനോദം, സഞ്ചാരം, വികസനം എല്ലാം ഒന്നുപോലെ അഭിവൃദ്ധി പ്രാപിക്കും

മുന്‍ എം.എല്‍.എ പി.കെ. ശശിയെ കേരള വിനോദ സഞ്ചാര വികസന കോര്‍പറേഷന്‍ ചെയര്‍മാനായി നിയമിച്ചത് ഏറെ ചര്‍ച്ചയാകുകയാണ്. ഈ നടപടിയില്‍ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ. ജയശങ്കര്‍ രംഗത്തെത്തി.
വര്‍ണ്ണ ശബളമായ ഒരു വ്യക്തിത്വത്തിനുടമയാണ് ശശി. കഴിവും കാര്യപ്രാപ്തിയും തികഞ്ഞ കര്‍മകുശലതയും ഒത്തു ചേര്‍ന്ന മാതൃകാ പൊതുപ്രവര്‍ത്തകന്‍. ഇദ്ദേഹത്തിന്റെ അനുപമ നേതൃത്വത്തില്‍ കേരളത്തില്‍ വിനോദം, സഞ്ചാരം, വികസനം എല്ലാം ഒന്നുപോലെ അഭിവൃദ്ധി പ്രാപിക്കുമെന്നും ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു. നേരത്തെ ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് വിവാദത്തില്‍ അകപ്പെട്ട സി.പി.എം നേതാവാണ് പി.കെ. ശശി.
എ. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്
അര്‍ഹതയ്ക്കുളള അംഗീകാരം.
മുന്‍ എംഎല്‍എ സഖാവ് പികെ ശശിയെ കേരള വിനോദ സഞ്ചാര വികസന കോര്‍പറേഷന്‍ ചെയര്‍മാനായി നിയമിച്ചു. വര്‍ണ്ണ ശബളമായ ഒരു വ്യക്തിത്വത്തിനുടമയാണ് സഖാവ് ശശി. കഴിവും കാര്യപ്രാപ്തിയും തികഞ്ഞ കര്‍മകുശലതയും ഒത്തു ചേര്‍ന്ന മാതൃകാ പൊതുപ്രവര്‍ത്തകന്‍.
ഇദ്ദേഹത്തിന്റെ അനുപമ നേതൃത്വത്തില്‍ കേരളത്തില്‍ വിനോദം, സഞ്ചാരം, വികസനം എല്ലാം ഒന്നുപോലെ അഭിവൃദ്ധി പ്രാപിക്കും.
വിപ്ലവാഭിവാദനങ്ങള്‍!
കഴിഞ്ഞ ദിവസമാണ് ഷൊര്‍ണ്ണൂര്‍ മുന്‍ എംഎല്‍എ പികെ ശശിയെ കെടിഡിസി ചെയര്‍മാനായി നിയമിച്ചത്. എം വിജയകുമാര്‍ രാജിവെച്ച ഒഴിവിലേക്കാണ് പി കെ ശശിക്ക് നിയമനം നല്‍കിയത്. ഡിവൈഎഫ്‌ഐയിലെ ഒരു വനിതാ നേതാവിന്റെ പീഡന പരാതിയില്‍ പാര്‍ട്ടി നടപടി നേരിട്ട നേതാവാണ് പി കെ ശശി. പീഡന പരാതിയെ തുടര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സീറ്റ് നല്‍കാതെ ശശിയെ മാറ്റിനിര്‍ത്തുകയായിരുന്നു. വനിതാ നേതാവിന്റെ പരാതിയെ തുടര്‍ന്ന് പി കെ ശശിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
2019 നവംബര്‍ 26 നാണ് ഷൊര്‍ണൂര്‍ എംഎല്‍എയും ജില്ലാ സെക്രട്ടറിയേറ്റംഗവുമായ പി കെ ശശിയെ സിപിഎം സസ്‌പെന്‍ഡ് ചെയ്തത്. ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ യുവതി നല്‍കിയ പരാതി അന്വേഷിച്ച കേന്ദ്ര കമ്മറ്റിയംഗങ്ങളായ എ കെ ബാലന്‍, പി കെ ശ്രീമതി എന്നിവരുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ലൈംഗിക അതിക്രമം ഉണ്ടായിട്ടില്ലെന്നും ഫോണിലൂടെ മോശമായി സംസാരിച്ചതിന് നടപടി എടുക്കാമെന്നുമായിരുന്നു കമ്മീഷന്റെ ശുപാര്‍ശ. സസ്‌പെന്‍ഷന്‍ കാലാവധിക്ക് ശേഷം ശശിയെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കുകയായിരുന്നു.
അതേസമയം പികെ ശശിയെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും സംസ്ഥാന നേതൃത്വം ഒഴിവാക്കിയിരുന്നു. ഷൊര്‍ണൂരില്‍ ഒരു മുതിര്‍ന്ന നേതാവിനെ മത്സരിപ്പിക്കാനാണ് ശശിയെ മാറ്റിയത് എന്നാണ് പറഞ്ഞത്. ഇതിന് പുറമേ ശശിയുമായി ബന്ധപ്പെട്ട വിവാദങ്ങളും കാരണമായി. പാര്‍ട്ടി നേതൃത്വം നേരിട്ട് ഇടപെട്ടാണ് പി കെ ശശിയെ ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ മത്സരിപ്പിക്കുന്നതില്‍ നിന്നും മാറ്റിയതെന്നാണ് സൂചന. രണ്ടാം ടേം മാത്രമായതിനാല്‍ ജില്ലാ സെക്രട്ടറിയേറ്റ് സമര്‍പ്പിച്ച പട്ടികയില്‍ ഷൊര്‍ണൂര്‍ പി കെ ശശിയെയും ഉള്‍പ്പെടുത്തിയിരുന്നു.
എന്നാല്‍, ശശിയോട് മാറി നില്‍ക്കാന്‍ നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. പി കെ ശശിയെ സംഘടനാ ചുമതലകളിലേക്ക് മാറ്റിയേക്കുമെന്ന സൂചനയുണ്ടായിരുന്നു. എന്നാല്‍ ശശിക്ക് നല്‍കിയത് കെടിഡിസി ചെയര്‍മാന്‍ സ്ഥാനമാണ്.
"
https://www.facebook.com/Malayalivartha
























