കാറിന് കുറുകെ ചാടി അപകടം ഉണ്ടാക്കി; കാറില്‍ നിന്നു പുറത്തിറങ്ങിയ യുവാവിനെ രണ്ട് പേര്‍ കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി, അടൂരില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരനെ കൊള്ളയടിച്ച കേസില്‍ ഒരു പ്രതി കൂടി പിടിയില്‍

അടൂരില്‍ വെച്ച് സ്വകാര്യ ബാങ്ക് ജീവനക്കാരനെ കൊള്ളയടിച്ച കേസില്‍ ഒരു പ്രതി കൂടി അറസ്റ്റിലായതായി റിപ്പോർട്ട്. കലഞ്ഞൂര്‍ ഏനാദിമംഗലം സ്വദേശി ഉമേഷ് കൃഷ്ണനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അടൂര്‍ പൊലീസ് എറണാകുളത്ത് നിന്നാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. മൂന്നാഴ്ച്ച മുന്‍പാണ് സ്വകാര്യ ബാങ്കിന്റെ പുനലൂര്‍ ശാഖയിലെ ജീവനക്കാരനായ ഷൈലേഷിനെ ഒരു സംഘം കൊള്ളയടിച്ചത്.
ബാങ്കില്‍ നിന്നു രാത്രി വൈകി കാറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഷൈലേഷിനെയാണ് അപകടം ഉണ്ടാക്കി വഴിതടഞ്ഞത്. പത്തനാപുരം - അടൂര്‍ റോഡില്‍ മരുതിമൂട് പളളിക്ക് സമീപത്തു വെച്ച് ഒരാള്‍ കാറിന് കുറുകെ ചാടുകയായിരുന്നു.
ഇതേതുടര്‍ന്ന് നിയന്ത്രണം വിട്ട വാഹനം റോഡ് വക്കില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറില്‍ തട്ടി നിന്നു. കാറില്‍ നിന്നു പുറത്തിറങ്ങിയ യുവാവിനെ രണ്ട് പേര്‍ കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പണവും മൊബൈല്‍ ഫോണും തട്ടിയെടുക്കുകയും ചെയ്തു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കൊള്ള സംഘത്തിലെ ഒരാളെ പിടികൂടി പൊലീസിന് കൈമാറുകയും ചെയ്തു.
ഓടി രക്ഷപെട്ട ഉമേഷ് കൃഷ്ണന്‍ ഒളിവിൽ കഴിയുകയായിരുന്നു. പ്രതിയെ കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്നു അടൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. ചവറ മുന്‍ എം എല്‍ എ വിജയന്‍ പിളളയുടെ സഹോദരന്റെ മകനാണ് പരാതിക്കാരനായ ഷൈലേഷ്.
https://www.facebook.com/Malayalivartha

























