പിങ്ക് പോലീസിനെ വിടാതെ പിന്തുടരാൻ ഒരുങ്ങി മനുഷ്യവാക്ശ കമ്മീഷൻ; ആറ്റിങ്ങലിൽ മോഷണം ആരോപിച്ച് യുവാവിനെയും മകളെയും പിങ്ക് പോലീസ് അപമാനിച്ച സംഭവം: നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിർദ്ദേശിച്ച് മനുഷ്യാവകാശ കമ്മിഷന്‍

ആറ്റിങ്ങലിൽ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെയും മകളെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പരസ്യവിചാരണ ചെയ്ത സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ പൊലീസ് മേധാവി അനില്‍കാന്തില്‍നിന്നു റിപ്പോര്‍ട്ട് തേടി. നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് വ്യക്തമാക്കി.
പരസ്യവിചാരണയ്ക്ക് ഇരയായ തോന്നയ്ക്കല്‍ സ്വദേശിയ ജി. ജയചന്ദ്രന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി സ്വീകരിച്ചത്. പിങ്ക് പൊലീസ് പട്രോള്‍ സംഘത്തിലെ സിവില്‍ പൊലീസ് ഓഫിസര്‍ രജിതുടെ പ്രവൃത്തി പട്ടികജാതി-വര്‍ഗ അതിക്രമം തടയല്‍ നിയമത്തിന്റെ പരിധിയില്‍ വരുന്ന കുറ്റകൃത്യമായതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് വകുപ്പുതല നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യപ്പെട്ടാണ് ജയചന്ദ്രന്‍ മനുഷ്യാവകാശ കമ്മിഷനിൽ പരാതിയുമായി എത്തിയത്.
എട്ടുവയസുള്ള മകളെയും തന്നെയും പൊലീസ് ഉദ്യോഗസ്ഥ പൊതുസ്ഥലത്ത് പരസ്യമായി മോഷ്ടാക്കളാക്കി മുദ്രകുത്തി അപമാനിച്ചെന്നായിരുന്നു പരാതി. മകളെ കേസില്‍ ഉള്‍പ്പെടുത്തുമെന്നും പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോകുമെന്നും ഭീഷണിപ്പെടുത്തി.എതിര്‍കക്ഷിയില്‍നിന്ന് ഉചിതമായ നഷ്ടപരിഹാരം ഈടാക്കി നല്‍കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.
സംഭവം അന്വേഷിക്കാന്‍ ദക്ഷിണമേഖലാ ഐ ജി ഹര്‍ഷിത അത്തല്ലൂരിയെ പൊലീസ് മേധാവി ചുമതലപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജയചന്ദ്രനെയും മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ മകളെയും രജിത പരസ്യമായി വിചാരണ ചെയ്തത്. ഐസ്‌ആര്‍എഒയിലേക്കു കൂറ്റന്‍ ചേംബറുകളുമായി പോകുകയായിരുന്ന വാഹനങ്ങള്‍ കാണാന്‍ ആറ്റിങ്ങലിലെത്തിയതായിരുന്നു ജയചന്ദ്രനും മകളും.
സംഭവം വിവാദമായതോടെ രജിതയെ പിങ്ക് പൊലീസ് പട്രോളില്‍നിന്നു മാറ്റി. കൊല്ലം സിറ്റിയിലേക്കാണ് സ്ഥലം മാറ്റിയത്. പൊലീസ് ഉദ്യോഗസ്ഥ 15 ദിവസത്തെ നല്ലനടപ്പ് പരിശീലനം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചതായും പൊലീസ് അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha

























