സീരിയലുകള്‍ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നതില്‍ ജൂറിക്ക് ആശങ്ക; നിലവാരമില്ലാത്ത എന്‍ട്രി നിരവധി തവണ വരുന്നതിനാല്‍ പ്രാഥമിക സ്ക്രീനിങ് കമ്മിറ്റി അത്യാവശ്യം

ടെലിവിഷന്‍ പരമ്പരകളില്‍ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നതില്‍ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നിര്‍ണയ ജൂറിക്ക് കടുത്ത ആശങ്ക. കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്ന് കാണുന്ന മാധ്യമമെന്ന നിലയില്‍ ടെലിവിഷന്‍ പരമ്പരകളിലും കോമഡി പരിപാടികളിലും ചാനലുകള്‍ കൂടുതല്‍ ഉത്തരവാദിത്ത ബോധം പുലര്‍ത്തണം.
നിലവാരമില്ലാത്ത എന്‍ട്രി നിരവധി വരുന്നതിനാല്‍ പ്രാഥമിക സ്ക്രീനിങ് കമ്മിറ്റി അത്യാവശ്യമാണെന്ന് സമിതി ശിപാര്‍ശ ചെയ്തു. കൂടുതല്‍ വൈവിധ്യവും നിലവാരവുമുള്ള കലാസൃഷ്ടികള്‍ ആകര്‍ഷിക്കുന്നതിന് സിനിമയൊഴികെയുള്ള മുഴുവന്‍ ദൃശ്യാവിഷ്കാരങ്ങളെയും ഒരു കുടക്കീഴില്‍ അണിനിരത്തി സിനിമേതര വിഭാഗം എന്ന രീതിയില്‍ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് കാലോചിതമായി പരിഷ്കരിക്കണം.
നവമാധ്യമ സൃഷ്ടികള്‍, വെബ് സിരീസുകള്‍, ക്യാമ്പസ് ചിത്രങ്ങള്‍, പരസ്യ ചിത്രങ്ങള്‍ തുടങ്ങിയവ കൂടി നിശ്ചിത മാനദണ്ഡത്തിന് വിധേയമായി ഉള്‍പ്പെടുത്തി അവാര്‍ഡ് പ്ലാറ്റ്ഫോം വിപുലപ്പെടുത്തണം. എല്ലാ കാറ്റഗറികളിലെയും അവാര്‍ഡ് തുക വര്‍ധിപ്പിക്കുന്നത് മികച്ച സൃഷ്ടികള്‍ ലഭിക്കാനിടയാക്കുമെന്നതിനാല്‍ പുരസ്കാരതുക കാലോചിതമായി വര്‍ധിപ്പിക്കണം.
കഥാ വിഭാഗത്തില്‍ ആകെ 39 എന്‍ട്രിയാണ് ലഭിച്ചത്. ടെലിസീരിയല്‍ വിഭാഗത്തില്‍ ആറും ടെലിഫിലിം വിഭാഗത്തില്‍ 14 ഉം ടി.വി ഷോ എന്‍റര്‍ടെയ്ന്‍മെന്‍റ് വിഭാഗത്തില്‍ 11 ഉം കോമഡി വിഭാഗത്തില്‍ എട്ടും എന്‍ട്രി ലഭിച്ചു. ആര്‍. ശരത് ചെയര്‍മാനും എസ്. ഹരീഷ്, ലെനകുമാര്‍, സുരേഷ് പൊതുവാള്‍, ജിത്തു കോളയാട്, ചലച്ചിത്ര അക്കാദമി മെംബര്‍ സെക്രട്ടറി സി. അജോയ് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
അടച്ചിടല്‍ കാലത്ത് ദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വലിയ തോതില്‍ പുറത്തിറങ്ങാന്‍ കഴിയാതിരുന്നതിന്റെ സകല പരിമിതികളും എന്‍ട്രികളില്‍ ഉണ്ടായിരുന്നെന്ന് കഥേതര വിഭാഗം ജൂറി വിലയിരുത്തി. സമൂഹ മാധ്യമങ്ങളിലും വെബ്സൈറ്റുകളിലും മറ്റും അവതരിപ്പിക്കപ്പെടുന്നവയെക്കൂടി
ഉള്‍പ്പെടുത്തി അവാര്‍ഡ് പരിഷ്കരിക്കപ്പെടേണ്ടതാണെന്ന് സഞ്ജു സുരേന്ദ്രന്‍ ചെയര്‍മാനായ സമിതി വിലയിരുത്തി. ടെലിവിഷന്‍ പ്രമേയമാകുന്ന രചനകളുടെ കുറവ് ഗൗരവത്തോടെ കാണണമെന്ന് ഡോ. കെ. ഗോപിനാഥന്‍ ചെയര്‍മാനായ രചനാ വിഭാഗം ജൂറി പറഞ്ഞു.
https://www.facebook.com/Malayalivartha
























