ശൊ ഇത്രയും പ്രതീക്ഷിച്ചില്ല... അമേരിക്കയെ തുരത്തി എളുപ്പം പഞ്ച്ഷീര്‍ പിടിക്കാമെന്ന് കരുതിയ താലിബാന് പിഴച്ചു; പഞ്ച്ഷീര്‍ ശക്തമായി തിരിച്ചടിച്ചതോടെ താലിബാന് വലിയ ആള്‍നാശം; 75 താലിബാന്‍കാരെ പഞ്ച്ശീറിലെ വടക്കന്‍ സഖ്യം വധിച്ചു

അമേരിക്കയെ വിരട്ടി തുരത്തിയ താലിബാന് പഞ്ചഷീര്‍ വീണ്ടും കിട്ടാകനിയാകുന്നു. അമേരിക്കന്‍ പിന്മാറ്റത്തോടെ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സര്‍ക്കാര്‍ രൂപീകരണം അവസാനഘട്ടത്തിലേക്ക് നീങ്ങവെ, ചെറുത്തു നില്‍പ്പിന്റെ ആസ്ഥാനമായ പഞ്ച്ശിര്‍, ആന്ദ്‌രാബ് മേഖലകളില്‍ വടക്കന്‍ സഖ്യം 75 താലിബാന്‍കാരെ വധിച്ചത് തിരിച്ചടിയായി.
കടുത്ത പോരാട്ടത്തിനൊടുവില്‍ 41 താലിബാന്‍കാരെ വധിക്കുകയും 20 പേരെ തടവിലാക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. പഞ്ച്ശീര്‍ മലനിരകള്‍ പിടിക്കാനുള്ള താലിബാന്‍ നീക്കത്തിലാണ് ഖവാകിന് സമീപം നാഷനല്‍ റെസിസ്റ്റന്റ് ഫ്രണ്ടുമായി (എന്‍ആര്‍എഫ്) ഏറ്റുമുട്ടലുണ്ടായത്.
അന്ദരാബ് ജില്ലയിലെ ഗസ േമഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ 34 താലിബാന്‍കാരും കൊല്ലപ്പെട്ടിട്ടുണ്ട്. 24 മണിക്കൂറിനിടെ നിരവധിപ്പേര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. ''മലനിരകളില്‍ പ്രവേശിക്കാന്‍ ഞങ്ങള്‍ നിങ്ങളെ അനുവദിക്കും, എന്നാല്‍ ഇവിടെനിന്നു പുറത്തുപോകാന്‍ അനുവദിക്കില്ല'' എന്നാണ് നോര്‍ത്തേണ്‍ അലയന്‍സ് കമാന്‍ഡര്‍ ഹസിബ് താലിബാനുള്ള മുന്നറിയിപ്പായി പറഞ്ഞു.
യുഎസ് സൈന്യം പിന്‍മാറിയതിനുശേഷം പഞ്ച്ശീര്‍ കീഴടക്കാനുള്ള ആദ്യനീക്കത്തില്‍ത്തന്നെ താലിബാനു വന്‍ തിരിച്ചടിയാണ് നേരിട്ടത്. എന്‍ആര്‍എഫ് പ്രതിരോധ സേനാ അംഗങ്ങള്‍ക്കും പരുക്കേറ്റിട്ടുണ്ട്. നൂറുകണക്കിന് അംഗങ്ങളെയാണ് പഞ്ച്ശീര്‍ കീഴടക്കാന്‍ താലിബാന്‍ അയച്ചതെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. പഞ്ച്ശീറിലേക്കുള്ള വൈദ്യുതിയും ഇന്റര്‍നെറ്റും താലിബാന്‍ വിച്ഛേദിച്ചു. ഇവിടേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചിരുന്ന വഴികള്‍ താലിബാന്‍ നേരത്തേ അടച്ചിരുന്നു. എന്നാല്‍ ഒരിക്കലും കീഴടങ്ങില്ലെന്ന് പഞ്ച്ശീര്‍ മേഖലയുടെ രക്ഷാധികാരിയായ അമറുല്ല സാലിഹ് പറഞ്ഞു.
അമേരിക്കന്‍ പിന്മാറ്റത്തിന് ശേഷം പഞ്ച്ശിര്‍ പിടിച്ചെടുക്കാന്‍ താലിബാന്‍ നടത്തിയ ആദ്യ ശ്രമമാണ് പരാജയപ്പെട്ടത്. താലിബാന്റെ നൂറുകണക്കിന് പോരാളികള്‍ ഓപ്പറേഷനില്‍ പങ്കെടുത്തു. താലിബാന്‍ വിരുദ്ധ ഗോത്രവര്‍ഗ പോരാളികളും മുന്‍ അഫ്ഗാന്‍ സുരക്ഷാ സേനയും ഉള്‍പ്പെടുന്ന ദേശീയ പ്രതിരോധ സേന (നാഷണല്‍ റെസിസ്റ്റന്‍സ് ഫോഴ്‌സ് വടക്കന്‍ സഖ്യം) കടുത്ത പോരാട്ടത്തിലൂടെ താലിബാനെ തുരത്തിയെന്നാണ് റിപ്പോര്‍ട്ട്.
സഖ്യത്തെ ദുര്‍ബലമാക്കാന്‍ ഇവിടത്തെ ഭക്ഷ്യ സപ്ലൈയും വൈദ്യുതി, ടെലഫോണ്‍, ഇന്റര്‍നെറ്റ് ബന്ധവും താലിബാന്‍ വിഛേദിച്ചിരിക്കയാണ്. മുന്‍ അഫ്ഗാന്‍ വൈസ് പ്രസിഡന്റ് അമറുള്ള സാലേയും പ്രമുഖ താലിബാന്‍ വിരുദ്ധ നേതാവായിരുന്ന അഹമ്മദ് ഷാ മസൂദിന്റെ പുത്രന്‍ അഹമ്മദ് മസൂദുമാണ് വടക്കന്‍ സഖ്യത്തെ നയിക്കുന്നത്. താഴ് ലര പിടിച്ചെടുക്കാന്‍ താലിബാന്‍ വളഞ്ഞു നില്‍ക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. പഞ്ച്ശിറിലെ നേതാക്കളുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതായി താലിബാന്‍ വക്താവ് പറഞ്ഞു.
അതിനിടെ, അഫ്ഗാന്‍ പൗരന്മാര്‍ റോഡ് മാര്‍ഗം രക്ഷപ്പെടാന്‍ അതിര്‍ത്തികളിലേക്ക് പലായനം ചെയ്യുകയാണ്. കഴിഞ്ഞ ദിവസം താലിബാന്‍ പറത്തിയ യു.എസ് ഹെലികോപ്ടറില്‍ തൂങ്ങിക്കിടന്നത് മൃതദേഹമല്ലെന്നും താലിബാന്റെ കൊടി കോപ്ടറില്‍ സ്ഥാപിക്കാന്‍ ശ്രമിച്ച സംഘാംഗമാണെന്നും അഫ്ഗാന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മന്ത്രിസഭയുടെ മുഴുവന്‍ മേല്‍നോട്ടവും മുഖ്യ കമാന്‍ഡറായ അഖുന്ദ്‌സാദയ്ക്കായിരിക്കും. അദ്ദേഹത്തിന്റെ മൂന്നു ഡെപ്യൂട്ടിമാരിലൊരാളായ അബ്ദുള്‍ ഘനി ബരാദറായിരിക്കും താലിബാന്റെ പ്രധാന ജനകീയ മുഖം. അടുത്ത ദിവസം തന്നെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രഖ്യാപിക്കും.
https://www.facebook.com/Malayalivartha


























