കയ്യടിയോടെ കേരളം... ശ്വാസതടസം മൂലം ചലനമറ്റ രണ്ടര വയസുകാരിയെ കൃത്രിമ ശ്വാസം നല്‍കി രക്ഷിച്ചെടുത്ത് നഴ്‌സ്; കോവിഡ് ബാധിതയായ കുഞ്ഞിന് കൃത്രിമ ശ്വാസം നല്‍കുമ്പോള്‍ തനിക്ക് കോവിഡ് വന്നാലോ എന്ന ചിന്ത അവരെ അലട്ടിയില്ല; ജീവന്‍ രക്ഷിച്ച് സന്തോഷപൂര്‍വം ക്വാറന്റൈനില്‍ പോയി

കോവിഡ് ബാധിതയായ കുഞ്ഞിന് കൃത്രിമ ശ്വാസം നല്‍കുമ്പോള്‍ തനിക്ക് കോവിഡ് വന്നാലോ എന്ന ചിന്ത ആ നഴ്‌സിനെ ഒരിക്കലും അലട്ടിയില്ല. അവസാനം ആ കുഞ്ഞ് ജീവന്‍ രക്ഷിച്ചപ്പോള്‍ കിട്ടയ സന്തോഷം മറ്റൊന്നിലും കിട്ടിയില്ല.തൃശൂര്‍ പുതുക്കാടാണ് സംഭവം നടന്നത്.
ശ്വാസതടസ്സം മൂലം ചലനമറ്റ രണ്ടര വയസുകാരിയെ കയ്യിലെടുത്തപ്പോള്‍ നഴ്‌സ് ശ്രീജ പേടിച്ചത് കോവിഡിനെയല്ല, അയല്‍വീട്ടിലെ ആ കുഞ്ഞുജീവന്‍ തന്റെ കയ്യിലിരുന്നു നഷ്ടപ്പെടുമോ എന്നാണ്. ചുണ്ടോടു ചുണ്ടു ചേര്‍ത്തു കൃത്രിമ ശ്വാസം നല്‍കി. ആശുപത്രിയിലെത്തിച്ചപ്പോള്‍ ആ ശ്വാസമാണു കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്തിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ, നെഞ്ചു പിടച്ച നിമിഷങ്ങള്‍ക്കൊടുവില്‍ എല്ലാവര്‍ക്കും ആ'ശ്വാസം'. കുഞ്ഞിനു കോവിഡ് സ്ഥിരീകരിച്ചതോടെ ശ്രീജ ഇപ്പോള്‍ ക്വാറന്റീനിലാണ്.
നെന്മണിക്കര പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് നഴ്‌സ് ചിറ്റിശേരി ഇഞ്ചോടി വീട്ടില്‍ ശ്രീജ പ്രമോദ് ഞായറാഴ്ച ഉച്ചയ്ക്കു വീട്ടില്‍ വിശ്രമിക്കുമ്പോഴാണ്, ഛര്‍ദിച്ച് അവശയായി ശ്വാസതടസ്സം നേരിട്ട കുഞ്ഞുമായി അയല്‍വാസിയായ യുവതി ഓടിയെത്തിയത്. കോവിഡ് കാലമായതിനാല്‍ ചുണ്ടോടു ചേര്‍ത്തു ശ്വാസം നല്‍കാനാവില്ല. ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രീജ നിര്‍ദേശിച്ചതോടെ അമ്മ, കുഞ്ഞിനെ ഏല്‍പിച്ചു ഭര്‍ത്താവിനെ വിളിക്കാന്‍ വീട്ടിലേക്ക് ഓടി.
കുഞ്ഞിനു ചലനമില്ലാത്തതിനാല്‍ ആശുപത്രിയിലെത്തും മുന്‍പു കൃത്രിമ ശ്വാസം നല്‍കണമെന്നു ശ്രീജയ്ക്കു മനസ്സിലായി. കോവിഡ് സാധ്യത തല്‍ക്കാലം മറന്നു ശ്വാസം നല്‍കി. ശ്രീജയുടെ ഭര്‍ത്താവ് പ്രമോദും അയല്‍വാസിയും ചേര്‍ന്ന് അമ്മയെയും കുഞ്ഞിനെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്നു മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു.
2 ദിവസത്തെ ചികിത്സയ്ക്കു ശേഷം വീട്ടില്‍ തിരിച്ചെത്തിയ കുഞ്ഞ് അവളുടെ കളിചിരികളിലേക്കു മാറിയെങ്കിലും കോവിഡ് ചികിത്സയിലാണ്. ക്വാറന്റീനില്‍ കഴിയുമ്പോഴും ശ്രീജയ്ക്ക് ഒരു ജീവന്‍ രക്ഷിക്കാനായതിന്റെ സന്തോഷം മാത്രം.
അതേസമയം കേരളത്തോട് അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ വാക്‌സിനേഷന്‍ വര്‍ദ്ധിപ്പിക്കണമെന്ന് തമിഴ്‌നാട്, കര്‍ണാടക സര്‍ക്കാരുകളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. ഇരു സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ചയിലാണു ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.
കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനാല്‍ പ്രത്യേക ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയാല്‍ കേരളത്തില്‍ രണ്ടാഴ്ച കൊണ്ട് കൊവിഡ് വ്യാപനം കുറയുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
കേരളത്തില്‍ നിലവിലെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 14 മുതല്‍ 19 ശതമാനം വരെയാണ്. കേരളത്തിന്റെ അയല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപനം ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. കണ്ടെയ്ന്‍മെന്റെ സോണുകളില്‍ ശക്തമായ നിരീക്ഷണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതും സഞ്ചാര നിയന്ത്രണവും അനിവാര്യമാണെന്നും കേന്ദ്രം വ്യക്തമാക്കി. കേരളത്തില്‍ കോവിഡ് കേസുകള്‍ കൂടുന്നതിനാല്‍ ജാഗ്രത തുടരുകയാണ്.
"
https://www.facebook.com/Malayalivartha

























