മകന്‍ അര്‍ജുനെ പറപ്പിച്ചു...തിരുവഞ്ചൂരിന്റെ മകന്‍ അര്‍ജുന്‍ ഉള്‍പ്പടെ അഞ്ച് പേര്‍ യൂത്ത് കോണ്‍ഗ്രസ് വക്താക്കളെന്ന് അറിയിപ്പ് വന്നതും അടി കലശമായി; പിന്നാലെ പരാതിയോട് പരാതി; യൂത്ത് കോണ്‍ഗ്രസ് വക്താവ് നിയമനം മരവിപ്പിച്ചു

കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉമ്മന്‍ ചാണ്ടിയെ തള്ളി പറയുമ്പോള്‍ സകലരും ഞെട്ടിയിരുന്നു. ആ ഞെട്ടലിന്റെ കാരണം ഇന്നലെ രാത്രിയോടെ വ്യക്തമായി.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഇളയ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണന്‍ ഉള്‍പ്പടെ അഞ്ച് പേരെ യൂത്ത് കോണ്‍ഗ്രസ് വക്താക്കളായി ദേശീയ നേതൃത്വം അറിയിച്ചു. ഇതോടെ സോഷ്യല്‍ മീഡിയ ഉറഞ്ഞ് തുള്ളി. ദേശീയ പ്രസിഡന്റ് ബി.വി ശ്രീനിവാസിന്റെ അറിയിപ്പ് വന്നതിന് പിന്നാലെ സംസ്ഥാന നേതൃത്വത്തിന്റെ പരാതിയെത്തി. ഇതോടെ നിയമനം മരവിപ്പിച്ചു.
അര്‍ജുന് പുറമേ ആതിര രാജേന്ദ്രന്‍, നീതു ഉഷ, പ്രീതി, ഡെന്നി ജോസ് എന്നിവരെയാണ് വക്താക്കളായി നിയമിച്ചത്. എന്നാല്‍ സംസ്ഥാന നേതൃത്വത്തിന്റെ പരാതിയുയര്‍ന്നതോടെയാണ് നടപടി. അതേസമയം വക്താവായി നിയമിച്ച ഉത്തരവ് തനിക്ക് കിട്ടിയെന്നും തീരുമാനം റദ്ദാക്കിയതായി അറിയില്ലെന്നും സംഘടനാ നേതാക്കളോട് ചോദിച്ച് ബാക്കി പ്രതികരണം അറിയിക്കാമെന്നും അര്‍ജുന്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു.
എ ഗ്രൂപ്പിനോട് ഉള്ള അതൃപ്തി പരസ്യമാക്കി കഴിഞ്ഞ ദിവസമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്തെത്തിയത്. ഗ്രൂപ്പില്‍ നിന്നുള്ള എല്ലാ കാര്യങ്ങളും തന്നെ അറിയിക്കാറില്ലെന്നും വിളിക്കാത്ത ചാത്തതിന് ഉണ്ണാന്‍ പോകാന്‍ കഴിയുമോയെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. 365 ദിവസവും ഒരുപോലെ നില്‍ക്കുന്നതല്ല ഗ്രൂപ്പിന്റെ ചൂട്. ചിലപ്പോള്‍ അത് തണുത്ത പോകും. ഡിസിസി പുനസംഘടനയില്‍ സുധാകരനെ പിന്തുണച്ച തിരുവഞ്ചൂര്‍ പുന:സംഘടനയില്‍ സുധാകരന് വീഴ്ച പറ്റിയിട്ടില്ലെന്നും ഒറ്റപ്പെട്ട സംഭവങ്ങളെ സംഭവങ്ങളെ അങ്ങനെ കണ്ടാല്‍ മതിയെന്നും പറഞ്ഞു.
കെ.എസ്.യു കാലം തൊട്ട് കോണ്‍ഗ്രസില്‍ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനും എ ഗ്രൂപ്പിലെ പ്രമുഖനുമായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തിരുവഞ്ചൂര്‍ എ ഗ്രൂപ്പുമായി അകല്‍ച്ചയിലാണ്. കെ.സുധാകരന്‍ കെപിസിസി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഇന്ദിരാഭവനിലെത്തി അദ്ദേഹത്തെ ആദ്യം കണ്ട നേതാക്കളിലൊരാള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ്.
അതേസമയം കോണ്‍ഗ്രസിലെ ഉമ്മന്‍ചാണ്ടി പക്ഷത്ത് നിന്ന് മാറിയെന്ന ആരോപണത്തിന് മറുപടിയുമായി മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്ത്. എ.കെ. ആന്റണിക്കും ഉമ്മന്‍ചാണ്ടിക്കും തന്നെ നന്നായിട്ട് അറിയാമെന്ന് തിരുവഞ്ചൂര്‍ പ്രതികരിച്ചു.
ഇരു നേതാക്കളുമായി പതിറ്റാണ്ടുകളുടെ ബന്ധമാണുള്ളത്. ഈ ബന്ധത്തെ കുറിച്ച് ഏതെങ്കിലും പുത്തന്‍കൂറ്റുകാര്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവര്‍ പിന്നാമ്പുറം അറിയാത്ത പാവങ്ങളാണ്. അവരോട് അനുകമ്പ മാത്രമാണുള്ളത്. അന്നന്നത്തെ കാര്യത്തിന് വേണ്ടി അവര്‍ എന്തെങ്കിലും പറയുകയാണ്.
അതില്‍ ഗൗരവമായി ഒന്നും കാണുന്നില്ല. ഉമ്മന്‍ചാണ്ടിയുടെയും ആന്റണിയുടെയും അനുയായി ആയിട്ടാണ് താന്‍ വന്നത്. താന്‍ ഗ്രൂപ്പ് മാറിയോ എന്ന് എ.കെ. ആന്റണിയും ഉമ്മന്‍ചാണ്ടിയും പറയട്ടെ എന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.
ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടിക സംബന്ധിച്ച് തന്നോട് ഒരു തവണ പോലും ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് പറഞ്ഞത്. ഒരു ലിസ്റ്റിന്റെ പേരിലല്ല തന്റെ നിലപാട്. ജീവരക്തം നല്‍കി കൊണ്ടു വന്ന നിലപാടാണെന്നും അത് ആന്റണിയും ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കുമെന്നും തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി. അതിന് പിന്നാലെയാണ് മകന്റെ നിയമനവും മരവിപ്പിക്കലും.
"
https://www.facebook.com/Malayalivartha

























