എല്ലാം മാറിമറിയുമ്പോള്‍... സൂര്യ ഗായത്രിയുടെ കൊലയ്ക്ക് പിന്നില്‍ പ്രണയമല്ലെന്ന് പോലീസ്; കഞ്ചാവിന് അടിമയായ അരുണിന്റെ ശ്രമം സൂര്യഗായത്രിയെ മറ്റൊരു തരത്തില്‍ ഉപയോഗപ്പെടുത്താന്‍; അന്വേഷണം പുരോഗമിക്കുമ്പോള്‍ അമ്പരന്ന് നാട്ടുകാര്‍

അടുത്തിടെ കേരളത്തെ ഞെട്ടിപ്പിച്ച കൊലപാതകമാണ് തിരുവനന്തപുരം നെടുമങ്ങാട് നടന്നത്. പ്രണയ നൈരാശ്യം കാരണമാണ് സൂര്യഗായത്തിയുടെ (20) കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ സൂര്യഗായത്രിയെ പ്രണയ നൈരാശ്യം കാരണമാണ് യുവാവ് കുത്തിക്കൊന്നതെന്ന പ്രചാരണം വസ്തുതാപരമല്ലെന്ന് പൊലീസ്.
സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞു. രണ്ടുപേരുടെയും ബാങ്ക് അക്കൗണ്ട് രേഖകള്‍ പൊലീസ് വിശദമായി പരിശോധിക്കുകയാണ്. കഞ്ചാവിനും മദ്യത്തിനും അടിമയായ പ്രതി അരുണ്‍ യുവതിയെ സ്വന്തമാക്കി ക്രിമിനല്‍ സംഘങ്ങള്‍ക്ക് നല്‍കാനാണ് ശ്രമിച്ചിരുന്നത്. ഇയാളില്‍ നിന്ന് രക്ഷപ്പെടാനാണ് കൊല്ലം സ്വദേശിയായ യുവാവിനൊപ്പം സൂര്യഗായത്രി നാടുവിട്ടത്.
നാട്ടില്‍ മടങ്ങിയെത്തിയ യുവതി അരുണിനെ ഭയന്ന് മുമ്പ് താമസിച്ചിരുന്ന സ്ഥലത്തുനിന്ന് മാറി ഉഴപ്പാക്കോണത്ത് വാടക വീടെടുക്കുകയായിരുന്നു. രഹസ്യമായി നിരീക്ഷിച്ച് വീട് തേടിപ്പിടിച്ചാണ് അരുണ്‍ ഇവിടെയെത്തിയത്. അടുക്കള വാതിലിലൂടെ അകത്തുകടന്നതുകണ്ട വത്സല ബഹളംവച്ചപ്പോള്‍ വായ പൊത്തിപ്പിടിച്ച് കൈത്തണ്ടയില്‍ കുത്തിപ്പരിക്കേല്പിച്ചു. സൂര്യ ഓടിയെത്തിയപ്പോള്‍ നിലത്തുവീഴ്ത്തി നിരവധി തവണ കുത്തിയ ശേഷം ഇയാള്‍ സ്വയം കൈയ്ക്ക് കുത്തുകയായിരുന്നു. വത്സലയും മകളും ആക്രമിക്കാന്‍ ശ്രമിച്ചെന്ന് വരുത്തിത്തീര്‍ക്കാനാണിതെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് ഇയാള്‍ മൊഴി നല്‍കി.
വത്സലയുടെ നിലവിളി കേട്ട് അയല്‍വാസികളെത്തിയപ്പോള്‍ പിറകിലെ ഇടവഴിയിലൂടെ അരുണ്‍ രക്ഷപ്പെട്ടു. സമീപത്തെ വീടിന്റെ ടെറസില്‍ നിന്നാണ് നാട്ടുകാരും പൊലീസും ചേര്‍ന്ന് ഇയാളെ പിടികൂടിയത്. കസ്റ്റഡിയിലാകുമ്പോള്‍ അരുണ്‍ മദ്യലഹരിയിലായിരുന്നു.
കൊലക്കത്തിയുമായി വ്യാജനമ്പര്‍ പതിച്ച ബൈക്കിലെത്തിയത് സൂര്യയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണെന്ന് പൊലീസ് വ്യക്തമാക്കി. പ്രാഥമിക ചികിത്സയ്ക്കും അന്വേഷണത്തിനും ശേഷം ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന്റെ വസതിയില്‍ ഹാജരാക്കിയ പ്രതി റിമാന്‍ഡിലാണ്. രണ്ടുദിവസത്തിനുള്ളില്‍ തെളിവെടുപ്പിന് കസ്റ്റഡിയില്‍ വാങ്ങുമെന്ന് നെടുമങ്ങാട് ഡിവൈ.എസ്.പി അനില്‍കുമാര്‍ പറഞ്ഞു. യുവതിയും അമ്മയും ലോട്ടറി വില്പന നടത്തിവന്ന കല്ലിംഗല്‍ ജംഗ്ഷന്‍ കേന്ദ്രീകരിച്ച് അരുണ്‍ ഉള്‍പ്പെടെയുള്ള ക്രിമിനല്‍ സംഘങ്ങള്‍ താവളമാക്കിയതു സംബന്ധിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
'നിനക്ക് സുഖം തന്നെയല്ലേ' എന്ന് ചോദിച്ചാണ് തലമുടിയില്‍ ചുറ്റിപ്പിടിച്ച് ചുമരിലിടിച്ചത്. നിലത്തുവീണ മകളുടെ ദേഹത്ത് മുപ്പതിലേറെ തവണ കത്തി കുത്തിയിറക്കി ' നൊന്തുപെറ്റ മകള്‍ കണ്മുന്നില്‍ ക്രൂരമായി കൊല്ലപ്പെട്ടതിന്റെ തളര്‍ച്ചയില്‍ വികലാംഗയായ വത്സലയ്ക്ക് വാക്കുകള്‍ മുഴുവിപ്പിക്കാനായില്ല. അവന്‍ എങ്ങനെ വീട് കണ്ടുപിടിച്ചെന്നും മകളോട് ഇത്രയ്ക്ക് വലിയ പക എന്തിനായിരുന്നെന്നും ചോദിച്ച് അലമുറയിടുകയാണ് ഇപ്പോഴും ഈ അമ്മ.
സ്വന്തമായി വീടില്ലാത്ത വത്സലയും മകളും വര്‍ഷങ്ങളായി വാടക വീടുകളില്‍ മാറിമാറി താമസിക്കുകയാണ്. ലോട്ടറി വില്‍ക്കാന്‍ കുഞ്ഞുനാള്‍ മുതല്‍ അമ്മയോടൊപ്പം ആര്യയെന്ന് നാട്ടുകാര്‍ വിളിക്കുന്ന സൂര്യഗായത്രിയും പോകുമായിരുന്നു.
രാവിലെ സത്രംമുക്കിലെ ശിവന്‍കോവിലിന് മുന്നിലും പിന്നീട് കല്ലിംഗലിലെ ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപത്തുമാണ് പതിവായുള്ള ലോട്ടറി വില്പന. പല ഭാഗങ്ങളില്‍ നിന്നുമെത്തുന്നവര്‍ സൂര്യയില്‍ നിന്ന് ടിക്കറ്റെടുക്കുക പതിവായിരുന്നു. ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നില്‍ നിന്നാണ് പ്രതി അരുണുമായുള്ള പരിചയം തുടങ്ങിയത്. അതാണിപ്പോള്‍ കൊലപാതകത്തില്‍ അവസാനിച്ചത്.
"
https://www.facebook.com/Malayalivartha


























