'മലയാളി പ്രേക്ഷകരുടെ ആസ്വാദന നിലവാരത്തെ കളിയാക്കുന്നതാണ് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജൂറിയുടെ നിലപാട്'; ടെലിവിഷന്‍ അവാര്‍ഡിന് യോഗ്യമായ സീരിയല് ഇല്ലെന്ന ജൂറിയുടെ നിലപാടിനെതിരെ കെ ബി ഗണേഷ് കുമാര്‍

ടെലിവിഷന്‍ അവാര്‍ഡിന് യോഗ്യമായ സീരിയല് ഇല്ലെന്ന ജൂറിയുടെ നിലപാടിനെതിരെ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. മലയാളി പ്രേക്ഷകരുടെ ആസ്വാദന നിലവാരത്തെ കളിയാക്കുന്നതാണ് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജൂറിയുടെ നിലപാടെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. അപേക്ഷ ക്ഷണിച്ചിട്ട് അവാര്‍ഡ് നല്‍കാതിരുന്നത് തെറ്റാണെന്നും ടെലിവിഷന്‍ അഭിനേതാക്കളുടെ സംഘടനയായ ആത്മയുടെ പ്രസിഡന്റായ ഗണേഷ് കുമാര്‍ പറഞ്ഞു.
അവാര്‍ഡിന് യോഗ്യമായ സീരിയല് ഇല്ലെന്ന ജൂറി കണ്ടെത്തല്‍ മര്യാദകേടാണ്. കേരളത്തിലെ പ്രേക്ഷകരുടെ ആസ്വാദന നിലവാരത്തെ ജൂറി കളിയാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മരിക്കുന്നതിന് തലേന്നും ടെലിവിഷന്‍ സീരിയല്‍ ആസ്വദിച്ചയാളാണ് തന്റെ പിതാവ് ആര്‍.ബാലകൃഷ്ണ പിള്ളയെന്നും അപേക്ഷ ക്ഷണിച്ച ശേഷം അവാര്‍ഡ് നല്‍കാതിരിക്കുന്നത് ശരിയല്ലെന്നും ഗണേഷ് പറഞ്ഞു. അങ്ങനെയാണെങ്കില്‍ മികച്ച സീരിയലിന് അപേക്ഷ ക്ഷണിക്കരുതായിരുന്നെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
'നിലവാരം കുറവ്, സീരിയലുകളില്‍ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നു'.... , 2020 ലെ കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നിര്‍ണയത്തിനായി കഥാ വിഭാഗത്തില്‍ പരിഗണിച്ച എന്‍ട്രികള്‍ പരിശോധിച്ച ശേഷമായിരുന്നു പുരസ്‌കാര നിര്‍ണ്ണയ കമ്മിറ്റികളുടെ ഈ പരാമര്‍ശം. ജൂറിയുടെ മുന്നിലെത്തിയ എന്‍ട്രികളില്‍ ഭൂരിഭാഗവും അവാര്‍ഡിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഒന്നും തന്നെ സാക്ഷാത്കരിക്കുന്നവയായിരുന്നില്ല. അതുകൊണ്ടുതന്നെ മികച്ച സീരിയല്‍, മികച്ച രണ്ടാമത്തെ സീരിയല്‍, മികച്ച സംവിധായകന്‍, മികച്ച കലാസംവിധായകന്‍ എന്നീ വിഭാഗങ്ങളില്‍ ഈ വര്‍ഷം പുരസ്‌കാരമില്ലെന്നും ജൂറി വ്യക്തമാക്കിയിരുന്നു.
ടെലിവിഷന്‍ പരമ്ബരകളില്‍ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിച്ചുകാണിക്കുന്നു. ഇതില്‍ ജൂറി കടുത്ത ആശങ്ക രേഖപ്പെടുത്തിയിരുന്നു. വീടുകളില്‍ കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്നു കാണുന്ന ഒരു മാധ്യമം എന്ന നിലയില്‍ ടെലിവിഷന്‍ പരമ്ബരകളിലും കോമഡി പരിപാടികളിലും ചാനലുകള്‍ ഉത്തരവാദിത്തബോധം പുലര്‍ത്തണമെന്നും ജൂറി അഭിപ്രായപ്പെട്ടു.
മറ്റു വിഭാഗങ്ങളിലെ എന്‍ട്രികളുടെ നിലവാരത്തകര്‍ച്ച കാരണം അവാര്‍ഡുകള്‍ നിര്‍ണയിക്കുന്നതിന് ജൂറിക്ക് ഏറെ പരിശ്രമിക്കേണ്ടി വന്നു. നിലവാരമില്ലാത്ത എന്‍ട്രികള്‍ നിരവധി വരുന്നതിനാല്‍ ഒരു പ്രിലിമിനറി സ്‌ക്രീനിംഗ് കമ്മറ്റി അത്യാവശ്യമാണെന്നും ജൂറി ശുപാര്‍ശ ചെയ്തു. കുട്ടികള്‍ക്കുവേണ്ടിയുള്ള ഹ്രസ്വചിത വിഭാഗത്തില്‍ എന്‍ട്രികള്‍ സമര്‍പ്പിക്കപ്പെട്ടില്ല എന്നത് ഖേദകരമാണെന്നും ജൂറി അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha
























