തിരുവനന്തപുരത്ത് യുവതിക്ക് അയല്‍വാസിയുടെ ക്രൂരമർദ്ദനം; വധശ്രമം അടക്കമുള്ള കുറ്റം ചൂണ്ടിക്കാട്ടി യുവതി പൊലീസില്‍ പരാതി നല്‍കി; മർദ്ദനത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്

പൂന്തുറയില്‍ യുവതിക്ക് അയല്‍വാസിയുടെ ക്രൂരമർദ്ദനം. ആമിന എന്ന 23കാരിക്കാണ് മർദ്ദനമേറ്റത്. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെയാണ് യുവതിയെ വീട്ടില്‍ കയറി മർദിച്ചത്. സുധീര്‍, നൗഷാദ് എന്നിവരാണ് ആമിനയെ മര്‍ദിച്ചത്. മർദ്ദനത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. ആമിന തന്റെ വീടിന്റെ താഴത്തെ നില ജോലിക്കാരായ രണ്ട് പേര്‍ക്ക് വാടകയ്ക്ക് നല്‍കിയിരുന്നു. ഇവിടെ നിന്ന് ചില ശബ്ദങ്ങള്‍ കേട്ടു എന്നു പറഞ്ഞാണ് സുധീറും നൗഷാദും ആമിനയെ ചോദ്യം ചെയ്തത്. വീട്ടിലേക്ക് അതിക്രമിച്ച് കയറി ഇവര്‍ ആമിനയെ മര്‍ദിച്ചു.
നിലത്തിട്ട് ചവിട്ടുകയും മുടിക്കുത്തിന് പിടിച്ച് വലിക്കുകയും ചെയ്തു. മതിലിനോട് ചേര്‍ത്ത് തല ഇടിക്കുന്നതും വിഡിയോയില്‍ കാണാം. തടയാന്‍ ശ്രമിച്ചവരെ ഇവര്‍ തട്ടിമാറ്റുന്നുണ്ട്.
യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു മര്‍ദനമെന്ന് നാട്ടുകാര്‍ പറയുന്നു. വധശ്രമം അടക്കമുള്ള കുറ്റം ചൂണ്ടിക്കാട്ടി ആമിന പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ സുധീറിനും നൗഷാദിനുമെതിരെ പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha

























