അമ്പരന്ന് പാകിസ്ഥാന്‍... അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാന്റെ അതിരുവിട്ട ഇടപെടലുകള്‍ക്കെതിരെ ജനം പ്രക്ഷോഭത്തില്‍; പാകിസ്താന്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെ തെരുവിലിറങ്ങി; പ്രക്ഷോഭങ്ങള്‍ക്കുനേരെ താലിബാന്‍ വെടിവെപ്പ്

അഫ്ഗാനിസ്ഥാനില്‍ ലാത്തിച്ചാര്‍ജ് എന്നൊന്നില്ല. ചെറിയ കാര്യത്തിന് പോലും വെടിവയ്പ്പാണ് മിനിമം. പഞ്ച്ശീറില്‍ പ്രതിരോധ സേനയുമായുള്ള ഏറ്റുമുട്ടലിനിടെ താലിബാനെ സഹായിച്ചുകൊണ്ട് പാകിസ്താന്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെ
വലിയ റാലിയാണ് നടന്നത്. ഇതിനെതിരെയാണ് വെടിവച്ചത്.
അഫ്ഗാനിസ്താനിലെ പാകിസ്താന്‍ ഇടപെടലുകള്‍ക്കെതിരേ കാബൂളിലെ പാക് കാര്യാലയത്തിനുമുമ്പില്‍ സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ ചൊവ്വാഴ്ച പ്രതിഷേധിച്ചത്. പ്രക്ഷോഭകരെ പിന്തിരിപ്പിക്കാന്‍ താലിബാന്‍ ആകാശത്തേക്ക് വെടിയുതിര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പാക് സര്‍ക്കാരിന്റെ യന്ത്രപ്പാവയായ സര്‍ക്കാരിനെ തങ്ങള്‍ക്കാവശ്യമില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. പാക് രഹസ്യാന്വേഷണ വിഭാഗമായ ഐ.എസ്.ഐ. അഫ്ഗാനിസ്താനില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. താലിബാന്‍ സര്‍ക്കാര്‍ രൂപവത്കരണം സംബന്ധിച്ച അന്തിമതീരുമാനമെടുക്കുന്നതിനായി ഐ.എസ്.ഐ. തലവന്‍ ഫായിസ് അഹമ്മദ് കാബൂളിലെത്തിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ താലിബാന്‍ നടത്തിയ വെടിവെപ്പിനിടെ ആളുകള്‍ സുരക്ഷിതയിടംതേടി ഓടിരക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നേരത്തേ പഞ്ച്ശീര്‍ പിടിച്ചതായി അവകാശപ്പെട്ട് താലിബാന്‍ നടത്തിയ ആഘോഷവെടിവെപ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടിരുന്നു. പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ചില മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റുചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തു.
അഫ്ഗാനിസ്താനില്‍ തങ്ങളുടെ അധീനതയിലല്ലാത്ത അവസാന പ്രവിശ്യയായ പഞ്ച്ശീറും പിടിച്ചെടുത്തതോടെ യുദ്ധം അവസാനിച്ചതായി താലിബാന്‍ വ്യക്തമാക്കി. 'യുദ്ധത്തിന് അന്ത്യമായി. ഇനി രാജ്യം പുനര്‍നിര്‍മിക്കുന്നതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കും. താലിബാന്‍ വക്താവ് സബിനുള്ള മുജാഹിദ് പറഞ്ഞു. എന്നാല്‍ അവകാശവാദങ്ങള്‍ തള്ളിയ പഞ്ച്ശീര്‍ പ്രതിരോധസേന നേതാവ് അഹമ്മദ് മസൂദ് പോരാട്ടം തുടരുന്നതായി വ്യക്തമാക്കി.
സംഘടനയുടെ ആയിരക്കണക്കിന് അംഗങ്ങള്‍ ചേര്‍ന്ന് ഒറ്റ രാത്രികൊണ്ട് പഞ്ച്ശീര്‍ കീഴടക്കിയെന്നാണ് താലിബാന്റെ അവകാശവാദം. പഞ്ച്ശീര്‍ പ്രവിശ്യാ ഗവര്‍ണറുടെ കാര്യാലയത്തിന് മുന്നില്‍ താലിബാന്‍ പതാക ഉയര്‍ത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
താലിബാനെതിരേ ദേശീയതലത്തില്‍ ഐക്യം രൂപപ്പെടണമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട ശബ്ദസന്ദേശത്തില്‍ മസൂദ് ആവശ്യപ്പെട്ടു. താലിബാന്‍ ആക്രമണത്തില്‍ അനന്തരവനും സേനയിലെ മുതിര്‍ന്ന അംഗവുമായ അബ്ദുള്‍ വുദോദ് സാറാ കൊല്ലപ്പെട്ടതായും മസൂദ് സ്ഥിരീകരിക്കുന്നുണ്ട്. അതിനിടെ പാകിസ്താന്‍ സൈന്യത്തിന്റെ എം.ഐ17 ഹെലികോപ്റ്റര്‍ പാഞ്ച്ശീറിലെത്തിയതിന്റെ ദൃശ്യങ്ങള്‍ പ്രതിരോധസേന പുറത്തുവിട്ടു. പ്രവിശ്യ പിടിച്ചതായുള്ള താലിബാന്‍ അവകാശവാദത്തിനു പിന്നാലെയായിരുന്നു ഇത്.
നീണ്ട ഇടവേളകള്‍ക്കുശേഷം അഫ്ഗാനിസ്താനിലെ സര്‍വകലാശാലകളില്‍ ക്ലാസുകള്‍ പുനരാരംഭിച്ചു. ക്ലാസുകളില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും കര്‍ട്ടനിട്ട് വേര്‍തിരിച്ചിരിക്കുന്നതിന്റെ ചിത്രങ്ങള്‍ ആമാജ് ന്യൂസ് ട്വിറ്ററിലൂടെ പുറത്തുവിട്ടു. ക്ലാസുകള്‍ തുടങ്ങുന്നതിനു മുമ്പ് വിദ്യാര്‍ഥികള്‍ക്ക് കര്‍ശനമായ നിര്‍ദേശങ്ങള്‍ താലിബാന്‍ നല്‍കിയിരുന്നു.
"
https://www.facebook.com/Malayalivartha


























