പ്രാര്‍ത്ഥനയോടെ വിശ്വാസികള്‍.... ഇന്ന് വിനായകചതുര്‍ത്ഥി.... ക്ഷേത്രങ്ങളില്‍ വിശേഷാല്‍ ഗണപതിഹോമം, അഷ്ടദ്രവ്യ മഹാഗണപതി ഹോമം, പൂജകള്‍, വഴിപാടുകള്‍ എന്നിവ നടക്കും

വിനായക ചതുര്‍ത്ഥി ദിനമായ ഇന്ന് ക്ഷേത്രങ്ങളില്‍ വിശേഷാല്‍ ഗണപതിഹോമം, അഷ്ടദ്രവ്യ മഹാഗണപതി ഹോമം, പൂജകള്‍, വഴിപാടുകള്‍ എന്നിവ നടക്കും.
പൂജ നടത്തുന്നതിനോ ഒരു പുതിയ തുടക്കം ആരംഭിക്കുന്നതിനോ മുമ്പ് ഹിന്ദുക്കള്‍ ഗണപതിയെ പ്രീതിപ്പെടുത്താനായി പൂജകള്‍ നടത്തുന്നു. ഇതിലൂടെ നിങ്ങളുടെ പ്രവൃത്തിയിലെ തടസ്സങ്ങള്‍ നീക്കം ചെയ്യപ്പെടുന്നു. അതിനാല്‍ , അദ്ദേഹത്തെ വിഘ് നേശ്വരന്‍ എന്ന് വിളിക്കുന്നു. അരിപ്പൊടി ഉപയോഗിച്ച് കോലം വരച്ചും പുതുതായി വാങ്ങിയ വിനായക പ്രതിമ അലങ്കരിച്ചും ആളുകള്‍ വിനായക ചതുര്‍ഥി ആഘോഷിക്കുന്നു
ഭാദ്രപാദ മാസത്തിലെ ശുക്ലപക്ഷത്തിലെ ചതുര്‍ത്ഥി ദിനമാണ് വിനായക ചതുര്‍ത്ഥിയായി ആചരിക്കുന്നത്. പൗരാണിക കാലം മുതല്‍ അഗ്നിസ്വരൂപനായ ഗണപതിയെ ആരാധിക്കുന്നവരെല്ലാം വിനായകചതുര്‍ത്ഥി ആഘോഷിക്കാറ് പതിവാണ്.
ചതുര്‍ത്ഥി ദിവസം ഗണപതി ഹോമം നടത്തുന്നത് സര്‍വ സങ്കടങ്ങളെയും നശിപ്പിക്കുമെന്നും ഐശ്വര്യപ്രദമാണ് എന്നുമാണ് വിശ്വാസം. അഷ്ടദ്രവ്യങ്ങള്‍ ഹോമിച്ച് ഗണപതിയെ പ്രസാദിപ്പിച്ചാല്‍ അതിന്റെ ഗുണാനുഭവങ്ങള്‍ ഒരുവര്‍ഷക്കാലം നിലനില്‍ക്കും എന്നും വിശ്വാസമുണ്ട്. കൊട്ടത്തേങ്ങ/ഉണങ്ങിയ നാളികേരം, പഴം, കരിമ്പ്, തേന്‍, ശര്‍ക്കര, അപ്പം, അട, മലര്‍ എന്നിവയാണ് അഷ്ടദ്രവ്യങ്ങള്‍.
അതേസമയം വിനായക ചതുര്‍ത്ഥിയോട് അനുബന്ധിച്ച് കിഴക്കേകോട്ടയില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ഗണപതി വിഗ്രഹം ശ്രദ്ധേയമാകുന്നു. കറുപ്പ് നിറത്തില്‍ രൂപകല്പന ചെയ്ത ഗണപതി വിഗ്രഹത്തിന് 11 അടി ഉയരവും അഞ്ചരയടി വീതിയുമുണ്ട്.
തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ നിന്നാണ് വിഗ്രഹം കൊണ്ടുവന്നത്. രാജസ്ഥാനില്‍ നിന്നുളള ശില്പികളാണ് വിഗ്രഹം പണികഴിപ്പിച്ചത്. ഗണേശോത്സവ ആഘോഷങ്ങളുടെ ഭാഗമായി ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഈ വിഗ്രഹം തിരുവനന്തപുരത്ത് എത്തിച്ചത്.
കറുപ്പ് നിറത്തിലുള്ള ഗണപതിയെ പ്രാര്‍ത്ഥിച്ചാല്‍ ശാപദോഷവും ദൃഷ്ടിദോഷവും മാറുമെന്നാണ് വിശ്വാസം.
https://www.facebook.com/Malayalivartha



























