കല്ലറങ്ങാടിനെതിരെ മഹല്ല് നേതാക്കള്‍; ലൗ ജിഹാദ്, നര്‍ക്കോട്ടിക്‌സ് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ മുസ്ലീം സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത്, ബിഷപ്പിന്റെ പ്രസ്താവന ബോധപൂര്‍വമാണെന്നും മതസ്പര്‍ധ വളര്‍ത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്നും മഹല്ല് കമ്മിറ്റി

ലൗ ജിഹാദ്, നര്‍ക്കോട്ടിക്‌സ് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ മുസ്ലീം സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നു. കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ദേശീയ ഭാരവാഹിയും പാലാ ബിഷപ്പുമായ ജോസഫ് കല്ലറങ്ങാട്ടിനെതിരെ നടപടി ആവശ്യപ്പെട്ട് കോട്ടയം താലൂക്ക് മഹല്ല് മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരിക്കുന്നത്.
ബിഷപ്പിന്റെ പ്രസ്താവന ബോധപൂര്‍വമാണെന്നും മതസ്പര്‍ധ വളര്‍ത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്നും മഹല്ല് കമ്മിറ്റി പരാതിയില്‍ പറയുന്നു. 153 എ വകുപ്പു പ്രകാരം ജാമ്യമില്ലാതെ കേസ് എടുക്കണമെന്നാണ് മഹല്ല് കമ്മിറ്റി പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പിഡിപി ഉള്‍പ്പെടെ വിവിധ സംഘടനകള്‍ പാലാ ബിഷപ്‌സ് ഹൗസിലേക്ക് പ്രകടനം നടത്താന്‍ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തില്‍ പോലീസ് പാലായില്‍ കനത്ത ജാഗ്രത പുലര്‍ത്തുകയാണ്. കത്തോലിക്കാ പെണ്‍കുട്ടികളെയും യുവാക്കളെയും നര്‍ക്കോട്ടിക്-ലൗ ജിഹാദികള്‍ ഇരയാക്കുന്നെന്നായിരുന്നു പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വിവാദ പരാമര്‍ശം.
ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആയുധം ഉപയോഗിക്കാനാകാത്ത സ്ഥലങ്ങളില്‍ ഇത്തരം കുത്സിത മാര്‍ഗങ്ങളാണ് ഉപയോഗിക്കുന്നതെന്നും ബിഷപ് കല്ലറങ്ങാട്ട് കുറവിലങ്ങാട് പള്ളിയില്‍ നടത്തിയ പ്രസംഗത്തില്‍ ആരോപിച്ചിരുന്നു. കത്തോലിക്കാ യുവാക്കളെയും ഹൈന്ദവ യുവാക്കളെയും ലക്ഷ്യംവെച്ച് മയക്കുമരുന്നിലും മറ്റ് ലഹരിക്കും അടിമയാക്കുന്നതിനുവേണ്ടി പ്രത്യേക സംഘങ്ങള്‍ കേരളത്തില്‍ പലയിടത്തായി പ്രവര്‍ത്തിക്കുന്നുണ്ട്. ആയുധം ഉപയോഗിച്ച് യുദ്ധംചെയ്യാനാവാത്ത സ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള കുതന്ത്രങ്ങളിലൂടെ മറ്റു മതങ്ങളെ നശിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇക്കൂട്ടര്‍ക്കുള്ളതെന്നും കല്ലറങ്ങാട്ട് ആരോപിച്ചിരുന്നു. അതിനിടെ പാലാ ബിഷപ്പിന്റെ പ്രസംഗം അനവസരത്തിലുള്ളതാണെന്ന പ്രസ്താവനയുമായി പ്രതിപക്ഷനേതാവ് വിഡി സതീശനും പിടി തോമസും രംഗത്തുവന്നു.കേരളത്തില്‍ നര്‍ക്കോട്ടിക്‌സ് ജിഹാദ് പ്രവര്‍ത്തിക്കുന്നുവെന്ന പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിന്റെ വിവാദ പ്രസ്താവനയോടു യോജിക്കാനാവില്ലെന്നാണ് പ്രതിപക്ഷ നേതാവ് സതീശന്‍ പറയുന്നത്.
കേരളത്തിലെ സമാധാന അന്തരീക്ഷവും മനുഷ്യര്‍ തമ്മിലുള്ള പരസ്പര വിശ്വാസവും തകര്‍ക്കുന്ന ഒരു നീക്കവും ഉണ്ടാകരുതെന്ന നിലപാടാണ് സതീശന്‍ മുന്നോട്ടുവയ്ക്കുന്നത്. കുറ്റകൃത്യങ്ങള്‍ക്ക് ജാതിയോ മതമോ ഇല്ലെന്നു ജാതി തിരിച്ചും മതം നോക്കിയും ഇവയുടെ കണക്കെടുക്കുന്നതും ഏതെങ്കിലും സമുദായത്തിനു മേല്‍ കുറ്റം ചാര്‍ത്തുന്നതും ശരിയല്ലെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ പക്ഷം. ഇതിനൊപ്പമാണ് ബിഷപ്പിന്റെ നര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവനയെ കോണ്‍ഗ്രസ് നേതാവ് പിപി ടി തോമസും തള്ളിപ്പറഞ്ഞിരിക്കുന്നത്.
ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന സമുദായ സൗഹാര്‍ദ്ധം വളര്‍ത്താന്‍ ഉപകരിക്കുന്നതല്ലെന്നാണ് പി ടി തോമസ് പറയുന്നത്. സാമ്പത്തിക ലാഭവും വ്യക്തികളുടെ സ്വാര്‍ത്ഥതയുമാണ് കുറ്റകൃത്യങ്ങളുടെ കാതല്‍.ജാതി- മതാടിസ്ഥാനത്തില്‍ കുറ്റവാളികള്‍ പ്രവര്‍ത്തിക്കുന്നത് ആധുനിക കാലഘട്ടത്തില്‍ വിരളമാണ്. ഇത്തരം നിരീക്ഷണങ്ങള്‍ സമൂഹത്തിലുണ്ടാക്കുന്ന വിള്ളല്‍ അപകടരമാണ്. മത സൗഹാര്‍ദ്ധം പുലര്‍ത്തിപോരുന്ന സമുദായങ്ങളെ ഭിന്നിപ്പിക്കാന്‍ ആരും ഇന്ധനം നല്‍കരുതെന്നാണ് പി ടി തോമസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. അതേസമയം പാലാ ബിഷപ്പിനെ പിന്തുണച്ച് പാലായിലെ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും രംഗത്തു വന്നതും ജോസ് കെ മാണി ഉള്‍പ്പെടെ കേരള കോണ്‍ഗ്രസുകാര്‍ മൗനം പാലിച്ചുനില്‍ക്കുന്നതും മറ്റൊരു വിവാദത്തിന് ഇടയാക്കുകയാണ്.
ജിഹാദ് നര്‍ക്കോട്ടിക് ജിഹാദ് എന്നീ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉന്നയിച്ചത് ഒരു സാമൂഹ്യ വിപത്തിനെ കുറിച്ചുള്ള ആശങ്കയാണെന്ന് യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടിരിക്കുന്നു. ഈ വിഷയത്തില്‍ നീതിയുക്തമായ അന്വേഷണം നടത്തി യാഥാര്‍ത്ഥ്യങ്ങള്‍ പുറത്ത് കൊണ്ടുവരാനുള്ള ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനുണ്ട്. അതിന് തയ്യാറാകാതെ മതവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധ ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങള്‍ പൊതുസമൂഹം തിരിച്ചറിയണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ നിലപാട്. ബിഷപ്പ് കല്ലറങ്ങാടിന്റെ പരാമര്‍ശനത്തെ പൂര്‍ണമായി പിന്തുണച്ചിരിക്കുകയാണ് കോട്ടയം ജില്ലയിലെ ബി.ജെ.പി നേതൃത്വം. പാര്‍ട്ടി മുഖപത്രമായ ജന്‍മഭൂമിയുടെ ഇന്നത്തെ ഒന്നാം പേജ് തലക്കെട്ട് വാര്‍ത്തയും ബിഷപ്പ് കല്ലറങ്ങാട്ടിന്റെ പള്ളിപ്രസംഗമാണ്.
കേരളത്തില്‍ പിടികൂടുന്ന മയക്കുമരുന്നുകളുടെ ബാഹുല്യം നര്‍ക്കോട്ടിക് ജിഹാദിസലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും കോടികള്‍ വില വരുന്ന ഹാഷിഷ് പോലുള്ള മയക്കുമരുന്നുകള്‍ എവിടെ നിന്നാണ് എത്തുന്നതെന്ന് അന്വേഷണം നടത്താന്‍ പൊലീസും രഹസ്യാന്വേഷണ വിഭാഗവും തയാറാകണമെന്നും ബിജെപി കോട്ടയം നേതാക്കള്‍ ആവശ്യപ്പെട്ടു. ഒരു ബിഷപ്പ് ആശങ്കപ്പെട്ടിട്ടും നമ്മുടെ നിയമ സംവിധാനം ഉറക്കം നടിക്കുന്നതെന്താണെന്ന് മനസ്സിലാകുന്നില്ലെന്നും ബിജെപി നേതൃത്വം തുറന്നടിച്ചു.
https://www.facebook.com/Malayalivartha



























