ആത്മസുഹൃത്ത് കരൾ പകുത്ത് നൽകിയിട്ടും കൃഷ്ണദാസ് യാത്രയായി...

ആത്മസുഹൃത്ത് പകുത്ത് നൽകിയ കരളുമായി ജീവിതത്തിലേയ്ക്ക് നടന്നടുത്ത കൃഷ്ണദാസിന് മുന്നിൽ വിധി വില്ലനായെത്തി.
കരള്‍രോഗം മൂർച്ഛിച്ചപ്പോൾ ഏതുവിധേയനെയും സുഹൃത്തിനെ രക്ഷിക്കാൻ ഉറ്റ ചങ്ങാതിയായ സനൂപ് ശസ്ത്രക്രിയയ്ക്കുള്ള പണം സമാഹരിച്ചും കരൾ പകുത്ത് നൽകിയും രക്ഷപെടുത്താൻ ശ്രമിച്ചു.
പക്ഷെ എല്ലാ പ്രാർത്ഥനകളും വിഫലമാക്കി കൃഷ്ണദാസ് മരണത്തിന് കീഴടങ്ങി. ഗൾഫിലെ ജോലിക്കിടയിൽ കഴിഞ്ഞ വർഷം അവധിക്ക് നാട്ടിൽ വന്നപ്പോൾ കൃഷ്ണദാസിന് കരൾ രോഗത്തിന്റെ ലക്ഷണങ്ങൾ പ്രകടമായിരുന്നു. ജ്യേഷ്ഠന്‍ കൃഷ്ണനുണ്ണിയുടെ ആകസ്മിക മരണം കൂടിയായപ്പോള്‍ കൃഷ്ണദാസിന്റെ കുടുംബം തളര്‍ന്നു.
മഞ്ഞപ്പിത്തം കൂടി ബാധിച്ചതോടെ കൃഷ്ണദാസിന്റെ സ്ഥിതി ഗുരുതരമായി. രോഗം മൂർഛിച്ചതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരള്‍ മാറ്റിവയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്കുള്ള പണം സുഹൃത്തുക്കളും വിവിധ സംഘടനകളും ചേര്‍ന്നു സമാഹരിച്ചു.
അതിനു നേതൃത്വം കൊടുത്തതും സനൂപാണ്. കരള്‍ദാതാവിനെ അന്വേഷിച്ചു നടക്കേണ്ടതില്ലെന്നും താന്‍ സന്നദ്ധനാണെന്നും സനൂപ് അറിയിച്ചതോടെയാണ് ശസ്ത്രക്രിയയ്ക്കു വഴി തെളിഞ്ഞത്.
തുടർന്ന് അഞ്ച് മാസം മുമ്പായിരുന്നു കൃഷ്ണദാസിന് സഹപാഠികൂടെയായ സനൂപ് കരളിന്റെ ഒരുഭാഗം നൽകിയത്. പ്രാർത്ഥനകൾക്കും വഴിപാടുകൾക്കും ഒടുവിൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി.
ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായതിന്റെ സന്തോഷത്തിലായിരുന്നു കൃഷ്ണദാസിന്റെയും സനൂപിന്റെയും വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും.
ബികോമിന് ഒന്നിച്ചു പഠിച്ചവരായിരുന്നു ഇരുവരും. കുമരനെല്ലൂര്‍ കൊടയ്ക്കാടത്തു പുത്തന്‍വീട്ടില്‍ വേണുഗോപാലിന്റെയും ഗീതയുടെയും മകനാണു കൃഷ്ണദാസ്. തൃശൂര്‍ മിലിറ്ററി കന്റീനിലെ സെയില്‍സ്മാനായ സനൂപ് കുമ്പളങ്ങാട് കരിമ്പനവളപ്പില്‍ രാധാകൃഷ്ണന്‍-വത്സല ദമ്പതികളുടെ മകനാണ്.
ആശുപത്രി വാസത്തിന് ശേഷം മാതാപിതാക്കൾക്കൊപ്പം വീട്ടിൽ കഴിയവെ കോവിഡ് ബാധിച്ചു.
ആ പ്രതിസന്ധിയും മറികടക്കാനായെങ്കിലും ശാരീരികാസ്വസ്ഥതകൾ കാരണം കൃഷ്ണദാസിനെ കഴിഞ്ഞായാഴ്ച വീണ്ടും അമൃത ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പക്ഷെ എല്ലാ പ്രാർത്ഥനകളും വിഫലമാക്കി സനൂപിനെയും കുടുംബത്തെയും തനിച്ചാക്കി കൃഷ്ണദാസ് യാത്രയായി.
പാൻക്രിയാസിലുണ്ടായ അണുബാധയെ തുടർന്നായിരുന്നു കൃഷ്ണദാസിന്റെ സഹോദരൻ കൃഷ്ണനുണ്ണി ജനുവരിയിൽ മരിച്ചത്. ഇതിന് പിന്നാലെയാണ് നിനച്ചിരിക്കാതെ കുടുംബത്തിന് മറ്റൊരു ആഘാതം ഉണ്ടായതും.
https://www.facebook.com/Malayalivartha






















