മോന്‍സന്റെ ചെമ്പോല സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കി: അയ്യപ്പന്‍ പണി കൊടുത്തു

ഗജ പോക്കിരിയെന്ന് വഞ്ചിക്കപ്പെട്ടവര്‍ വിശേഷിപ്പിക്കുന്ന മോന്‍സന്‍ എബ്രഹാം ശബരിമലക്കെതിരെ സൃഷ്ടിച്ച വ്യാജരേഖയായ ചെമ്പോല തീട്ടൂരം സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വരെ നല്‍കിയിട്ടുണ്ടെന്നു സംശയിക്കുന്നു.
ശബരിമലയ്‌ക്കെതിരെ സിപിഎം ഉപയോഗിച്ചത് കോടികളുടെ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന്റെ സ്വകാര്യ ശേഖരത്തില്‍ നിന്നുള്ള ചെമ്പോല. ഇതിന്റെ വിശ്വാസ്യതയെ കുറിച്ച് സംശയം തോന്നിയിട്ടും അതിന്റെ പകര്‍പ്പ് കോടതിയിലാക്കാന്‍ സര്‍ക്കാര്‍ ഉന്നതര്‍ നിര്‍ദ്ദേശം നല്‍കിയെന്നാണ് സൂചന.
മോന്‍സണ്‍ മാവുങ്കലിന്റെ ചെമ്പോലയില്‍ നിന്നാണ് സി പി എം മുഖപത്രമായ ദേശാഭിമാനി ശബരിമല സംബന്ധിച്ച് ആധികാരിക കണ്ടെത്തലുകള്‍ നടത്തിയത്. ശബരിമല ദ്രാവിഡ ക്ഷേത്രമാണെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലത്തോടൊപ്പം സര്‍ക്കാര്‍ സമര്‍പ്പിച്ച രേഖയും ഇതാണെന്ന സൂചനകളാണ് പുറത്തുവരുന്നത്.
ചെമ്പോല തീട്ടൂരം വ്യാജമാണെന്ന് അറിഞ്ഞതോടെ അതിന്റെ ആധികാരികത പരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ല.
2 018 ഡിസംബര്‍ 8ന് 'ശബരിമല ദ്രാവിഡ ആരാധനാകേന്ദ്രം: 351 വര്‍ഷം പഴക്കമുള്ള രേഖ തെളിവ്' എന്ന തലക്കെട്ടിലാണ് തട്ടിപ്പ് വീരന്റെ ചെമ്പോലയുമായി ദേശാഭിമാനി വാര്‍ത്ത നല്‍കിയത്. മോന്‍സണ്‍ കാട്ടിയ 351 മലയാളവര്‍ഷം പഴക്കമുള്ള രാജമുദ്രയുള്ള രേഖയാണ് ദേശാഭിമാനിക്ക് ആധികാരിക ചരിത്രരേഖയായത്.
മോന്‍സന്‍ തന്നെയാണ് രേഖകള്‍ പാര്‍ട്ടിക്ക് കൈമാറിയതെന്നാണ് വിവരം. രേഖ നല്‍കി പറ്റിച്ച ശേഷം ഗജപോക്കിരി പൊട്ടിച്ചിരിച്ചിട്ടുണ്ടാവാം.
ശബരിമല മൂന്നരനൂറ്റാണ്ട് മുമ്പ് ദ്രാവിഡ ആരാധനാകേന്ദ്രമായിരുന്നുവെന്നും അവിടെ വൈദിക ചടങ്ങുകളോ അനുഷ്ഠാനങ്ങളോ ഉണ്ടായിരുന്നില്ലെന്നും വ്യക്തമാക്കുന്ന പന്തളം കൊട്ടാരം രേഖ കണ്ടെത്തി. കലൂരിലെ ഡോ. മോന്‍സണ്‍ മാവുങ്കലിന്റെ സ്വകാര്യശേഖരത്തിലാണ് ഈ രേഖയുള്ളത്.
പന്തളം കോവിലധികാരി മകരവിളക്കിനും അനുബന്ധചടങ്ങുകള്‍ക്കും പണം അനുവദിച്ച് 'ചവരിമല' കോവില്‍ അധികാരികള്‍ക്ക് കൊല്ലവര്‍ഷം 843ല്‍ എഴുതിയ ചെമ്പോല തിട്ടൂരമാണ് ശബരിമലയുടെ പ്രാചീന ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നത്.
വായനക്കാര്‍ക്ക് മനസ്സിലാകാന്‍ വേണ്ടി ശബരിമലയ്ക്ക് കോലെഴുത്തില്‍ ചവരിമല എന്നാണ് എഴുതിയിരുന്നത് എന്ന പത്രത്തിന്റെ കൂട്ടിച്ചേര്‍ക്കലുമുണ്ട്.
മോന്‍സണ്‍ മാവുങ്കലിന്റെ ചെമ്പോല നോക്കിയാണ് ശബരിമലയില്‍ യുവതീപ്രവേശന വിലക്കില്ലായിരുന്നുവെന്ന് ദേശാഭിമാനിയും സിപിഎം നേതാക്കളും പ്രസംഗിച്ചു നടന്നത്. തന്ത്രിമാരെക്കുറിച്ചും ബ്രാഹ്മണശാന്തിമാരെക്കുറിച്ചുമൊന്നും മോന്‍സണിന്റെ ചെമ്പോലയില്‍ പരാമര്‍ശമില്ലാത്തതും പത്രത്തിന് ആവേശമായി.
2019 ജനുവരി 10ന് ഇതേ വാര്‍ത്ത ദേശാഭിമാനി വീണ്ടും ഓണ്‍ലൈനില്‍ നല്‍കി എന്നതാണ് കൗതുകകരം. 'തന്ത്രി കുടുംബത്തിന്റെ പരാമര്‍ശം: വാദം പൊളിച്ച് ചെമ്പോല തിട്ടൂരം' എന്നായിരുന്നു പുതിയ വാര്‍ത്തയുടെ തലക്കെട്ട്. 'ആധികാരിക' രേഖ മോന്‍സണ്‍ മാവുങ്കലിന്റെ ചെമ്പോല തന്നെ. തൃപ്പൂണിത്തുറ ഹില്‍പാലസ് പൈതൃക പഠന കേന്ദ്രം ഡയറക്ടറായിരുന്ന ചരിത്രകാരന്‍ ഡോ. എം.ആര്‍. രാഘവവാര്യരുടെ അഭിപ്രായം വാര്‍ത്തയ്ക്ക് വിശ്വാസ്യത കൂട്ടാന്‍ ഉള്‍പ്പെടുത്തിയിരുന്നു.
ചെമ്പോല വസ്തുനിഷ്ഠവും ആശ്രയിക്കാന്‍ കഴിയുന്നതുമായ രേഖയാണെന്ന് രാഘവ വാര്യര്‍ പറഞ്ഞതായാണ് ദേശാഭിമാനി പറയുന്നത്. എന്നാല്‍ ഇത് ഡോ. രാഘവ വാര്യര്‍ നിഷേധിച്ചു. അതിന്റെ ആധികാരികത താന്‍ പരിശോധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞതോടെ പാര്‍ട്ടി വെട്ടിലായി.
മാവുങ്കലിന്റെ പറ്റിപ്പ് ഇനിയുമുണ്ട്. അത് എവിടെയൊക്കെ നല്‍കിയിട്ടുണ്ടെന്ന് കണ്ടറിയാം.
"
https://www.facebook.com/Malayalivartha


























