ലഖിംപൂര്‍ ഖേരി ആക്രമണത്തില്‍ ആരോപണവിധേയനായ കേന്ദ്രമന്ത്രി അജയ് മിശ്ര രാജിവയ്ക്കാത്തത് ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ അടിത്തറയിളക്കുമെന്ന് പാര്‍ട്ടി നേതൃത്വത്തിനു മുന്നറിയിപ്പു നല്‍കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലഖിംപൂര്‍ ഖേരി ആക്രമണത്തില്‍ ആരോപണവിധേയനായ കേന്ദ്രമന്ത്രി അജയ് മിശ്ര രാജിവയ്ക്കാത്തത് ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ അടിത്തറയിളക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പാര്‍ട്ടി നേതൃത്വത്തിനു മുന്നറിയിപ്പു നല്‍കിയിരിക്കുന്നു.
അടുത്തുവരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും ഉത്തര്‍പ്രദേശില്‍ നേട്ടമുണ്ടാക്കുമെന്നും ബിജെപിയുടെ അടിപതറിക്കഴിഞ്ഞുവെന്നുമാണ് യോഗി കേന്ദ്രത്തിന് നല്‍കുന്ന മുന്നറിയിപ്പ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജിപിക്കു തിരിച്ചടിയുണ്ടായാല്‍ പഴി തന്റെ ചുമലില്‍ കെട്ടിവയ്ക്കരുതെന്നും യോഗി ആദിത്യനാഥ് മുന്‍കൂര്‍ജാമ്യം എടുത്തുകഴിഞ്ഞു.
ലഖീംപൂര്‍ ആക്രമണം ഇത്തരത്തിലെങ്കിലും വഷളാകാതെ നോക്കിയത് യോഗിയുടെ കഴിവാണെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത സൃഷ്ടിക്കാനും യോഗി തന്ത്രപരമായ നീക്കങ്ങള്‍ നടത്തുകയും ചെയ്തുകഴിഞ്ഞു. മുഖ്യമന്ത്രി യോഗിയുടെ മിടുക്കെന്നും മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ഇന്ത്യ ന്യൂസ് എഡിറ്റര്‍ ഇന്‍ചീഫുമായ രജത് ശര്‍മ്മ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍ ഇത് യോഗി മാധ്യമങ്ങളെ കൈയിലെടുത്ത് നടത്തുന്ന വാര്‍ത്താ നാടകമാണെന്നും സംസ്ഥാനത്തെ പൊതുവികാരം ബിജെപിക്ക് എതിരാണെന്നും ദേശീയ മാധ്യമങ്ങള്‍ വിലയിരുത്തുന്നു. ലഖിംപുര്‍ ഖേരി കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ സമീപനത്തിലും പ്രത്യേക അന്വേഷണ സംഘത്തിന്റെ കാര്യത്തിലും ചീഫ് ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ച് അതൃപ്തിയറിയിച്ചത് ബിജെപിക്ക് വീണ്ടും തിരിച്ചടിയായി.
ഏതാനും പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥരാണു സംഘത്തിലുള്ളതെന്നു കോടതി തുറന്നടിക്കുകയും ചെയ്തു. കേസ് സിബിഐയ്ക്കു വിടാന്‍ ആലോചനയുണ്ടോയെന്നു ചോദിച്ച ചീഫ് ജസ്റ്റിസ്, സിബിഐ പോലും ഇക്കാര്യത്തില്‍ ഒരു പരിഹാരമല്ലെന്നു വിമര്‍ശിച്ചിരിക്കുകയാണ്.
കേന്ദ്രമന്ത്രിയുടെ മകനെതിരെയുള്ള ആരോപണം ഗുരുതരമാണെന്നും ലഖിംപൂര്‍ ഖേരി ആക്രമണം രാജ്യവ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ടെന്നും യോഗി കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപി നേതൃത്വത്തെ അറിച്ചുകഴിഞ്ഞു.
കര്‍ഷകരെ കൊലപ്പെടുത്തിയ കേസില്‍ കോണ്‍ഗ്രസാണ് നേട്ടമുണ്ടാക്കിയിരിക്കുന്നതെന്നും പ്രിയങ്ക ഉത്തര്‍പ്രദേശില്‍ കളംപിടിച്ചുകഴിഞ്ഞതായും യോഗി ആദിത്യനാഥ് ആഭ്യന്ത്രമന്ത്രി അമിത് ഷായെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍
ആശിഷ് മിശ്ര ഓടിച്ച കാര്‍ കര്‍ഷകര്‍ക്കിടയിലേക്ക് ഇടിച്ചു കയറ്റിയ സംഭവം വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ കര്‍ഷകരില്‍ ബിജെപിക്കെതിരായ പൊതുവികാരം സൃഷ്ടിച്ചുകഴിഞ്ഞു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 45 ലക്ഷവും പരിക്കേറ്റവര്‍ക്ക് 10 ലക്ഷവും അക്രമത്തെക്കുറിച്ച് റിട്ട. ഹൈക്കോടതി ജഡ്ജിയെക്കൊണ്ട് അന്വേഷിക്കാനും യോഗി മണിക്കൂറുകള്‍ക്കകം ഉത്തരവിട്ടെങ്കിലും പോതുവികാരം ബിജെപിക്ക് എതിരാണ്. സംഗതി പിടിവിട്ടുപോയ സാഹചര്യത്തില്‍ പ്രശ്നം വഷളാക്കിയത് പ്രിയങ്കാ ഗാന്ധിയും രാഹുലും സിദ്ധുവുമാണെന്ന് യോഗി പരിഹസിക്കുകയും ചെയ്തു.
കസ്റ്റഡിയില്‍ ഇരിക്കവെ സീതാപൂരിലെ ഗസ്റ്റ് ഹൗസ് തൂത്ത് വാരുന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനെ യോഗി ആദിത്യനാഥ് പരസ്യമായി മാധ്യമങ്ങളില്‍ പരിഹാസിച്ചതും വിവാദമായിരിക്കുന്നു.
തൂപ്പുജോലി പോലുള്ള പണികള്‍ ചെയ്യാനുള്ള കഴിവ് അവര്‍ക്ക് ഉണ്ടാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നാണ് യോഗി പ്രതികരിച്ചത്. സംഘര്‍ഷഭൂമിയായ ലഖിംപൂര്‍ ഖേരി സന്ദര്‍ശിക്കുന്നതില്‍ നിന്ന് പ്രിയങ്കയെ തടയുകയും സീതാപൂരില്‍ വെച്ച് ഉത്തര്‍ പ്രദേശ് പൊലിസ് കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. അവിടെയുള്ള ഗസ്റ്റ് ഹൗസിലാണ് പ്രിയങ്കയെ തടഞ്ഞുവെച്ചത്. ഗസ്റ്റ് ഹൗസിലെ മുറി പ്രിയങ്ക അടിച്ചുവാരി
വൃത്തിയാക്കിയായിരുന്നു പ്രതിഷേധം.
ലഖിംപൂര്‍ കേസില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്‍ ആഷിഷ് മിശ്ര ചോദ്യംചെയ്യലിന് ഹാജരാകാതെ വന്നതും വന്‍ വിമര്‍ശനത്തിന്
ഇടയാക്കിയിരിക്കുകയാണ്. ആശിഷ് നേപ്പാളിലേക്ക് ഒളിച്ചു കടന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. . കുറ്റക്കാര്‍ക്കെതിരെ കര്‍ശന
നടപടിയെടുക്കുമെന്നും ആരെയും വെറുെത വിടില്ലെന്നും യു.പി നിയമമന്ത്രി ബ്രിജേഷ് പഥക്ക് പറഞ്ഞെങ്കിലും ഉന്നതരായ പ്രതികള്‍ രക്ഷപ്പെട്ടതാണ് വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്. ഇതിനിടെയാണ് ലഖീംപൂര്‍ കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥയ്ക്കും അവഗണനയ്ക്കുമെതിരെ കോടതി ശക്തമായ വിമര്‍ശനവുമായി രംഗത്തുവരുന്നത്.
ലഖിംപൂര്‍ സംഘര്‍ഷത്തില്‍ സ്വമേധയാ എടുത്ത കേസ് സുപ്രീം കോടതി പരിഗണിക്കുന്ന സാഹചര്യത്തിലായിരുന്നു ആശിഷ് മിശ്രയോട് ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മണിക്കൂറുകള്‍ പിന്നിട്ടിട്ടും ആശിഷ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായിട്ടില്ല. ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിക്കരികില്‍ ആശിഷ് മിശ്ര ഉണ്ടായിരുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ല കൂടിയാണ് ലഖിംപൂര്‍. കൊലപാതകമുള്‍പ്പെടെ ഗുരുതരമായ വകുപ്പുകളാണ് കേന്ദ്രമന്ത്രിയുടെ മകനെതിരെ ചുമത്തിയിട്ടുള്ളത്. കര്‍ഷകര്‍ മരിക്കാനിടയായ സംഭവത്തില്‍ ഉത്തര്‍പ്രദേശ് പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് സുപ്രീം കോടതി പരസ്യമായി വ്യക്തമാക്കുകയും ചെയ്തു. ലഖിംപൂരില്‍ നടന്നത് ക്രൂരമായ കൊലപാതകമാണെന്നും എന്നാല്‍ സര്‍ക്കാരിന്റെ നടപടികള്‍ വാക്കുകളില്‍ മാത്രം ഒതുങ്ങുകയാണെന്നും കോടതി വിമര്‍ശിച്ചു.
ലഖിംപൂരില്‍ കര്‍ഷകര്‍ വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മിഷനെ പ്രഖ്യാപിച്ച് സര്‍ക്കാര്‍ മുഖം മിനുക്കാന്‍ ശ്രമം
നടത്തുകയാണ്.അലഹബാദ് ഹൈക്കോടതി റിട്ടയേര്‍ഡ് ജഡ്ജി പ്രദീപ്കുമാര്‍ ശ്രീവാസ്തവയ്ക്കാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha

























