ടി പി കേസ് ഒതുക്കിയ തിരുവഞ്ചൂർ മച്ചാന് കൈയയച്ച് സഹായം: കോഴിക്കോട്ടെ പാലാരിവട്ടത്തിൽ ഇടത്- വലുത് ധാരണ

രണ്ടാം ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ ഒരു ഗമണ്ടൻ അഴിമതി ടി.പി.ചന്ദ്രശേഖരൻ കേസിൻെറ പ്രത്യുപകാരമായി പിണറായി സർക്കാർ ഒതുക്കി. ഉമ്മൻ ചാണ്ടി സർക്കാരിൽ ഗതാഗത മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതിസ്ഥാനത്തുള്ള കോടി കണക്കിന് രൂപയുടെ അഴിമതിയാണ് ടി.പി.കൊലക്കേസ് ഒതുക്കി കൊടുത്ത തിരുവഞ്ചൂരിന് വേണ്ടി പിണറായി സർക്കാർ തൊണ്ട തൊടാതെ വിഴുങ്ങിയത്.
74.63 കോടി മുടക്കി നിർമ്മിച്ച കോഴിക്കോട് മാവൂർ റോഡിലെ കെ.എസ്.ആർ.ടി.സി. ടെർമിന ലിലെ നിർമ്മാണ അഴിമതിയാണ് ഇതൻമാർ മുക്കിയത്.തിരുവഞ്ചൂർ രാധാക്യഷ്ണൻെറ കാലത്താണ് അഴിമതി നടന്നത്. ടെർമിനൽ ഇനിയും ഉപയോഗിക്കണമെങ്കിൽ 30 കോടി രൂപകൂടി മുടക്കണം. 10 നിലയുള്ള ഇരട്ട ടെർമിനലിന്റെ ബലക്ഷയം പരിഹരിക്കാതെ അവിടെ ബസ് സർവീസ് പോലും നടത്താൻ കഴിയില്ലെന്നാണ് ചെന്നൈ ഐ.ഐ.ടി. സംഘത്തിന്റെ പഠനറിപ്പോർട്ട്.ആവശ്യത്തിന് കമ്പി ഉപയോഗിക്കാതെയാണ് 20 ശതമാനം തൂണുകളും നിർമിച്ചത്. അറ്റകുറ്റപ്പണിനടത്തി ബലപ്പെടുത്താൻ ടെർമിനൽ ആറുമാസം അടച്ചിട്ട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലേക്ക് ബസ് സർവീസ് മാറ്റാൻ തീരുമാനിച്ചു. ഇതുസംബന്ധിച്ച് യോഗം വിളിക്കാൻ കളക്ടർക്ക് ഗതാഗതവകുപ്പ് നിർദേശം നൽകി.
കൊച്ചിയിലെ പാലാരിവട്ടം പാലത്തിന്റെ ഗതി ടെർമിനലിന് വരുമോയെന്ന ആശങ്കയാണ് ഇതിനകം ഉയർന്നിരിക്കുന്നത്. മന്ത്രി മുഹമ്മദ് റിയാസിൻ്റെ താത്പര്യപ്രകാരമാണ് 5 വർഷം മുമ്പ് നിർമ്മാണം പൂർത്തിയാക്കിയ കോഴിക്കോട് ബസ് സ്റ്റാൻ്റ് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാൻ തീരുമാനിച്ചത്. മുഹമ്മദ് റിയാസിനൊപ്പം മന്ത്രി ആൻ്റണിരാജുവും കോഴിക്കോട് ബസ് സ്റ്റാൻ്റ് സന്ദർശിച്ചിരുന്നു. ആ ലിഫ് ബിൽഡേഴ്സിലാണ് ടെർമിനൽ വാടകയ്ക്ക് നൽകിയത്. ആലിഫ് ബിൽഡേഴ്സ് പരിശോധിച്ചപ്പോഴാണ് കെട്ടിടത്തിലെ ബലക്ഷയം തിരിച്ചറിഞ്ഞത്. ഇക്കാര്യം മന്ത്രിതലത്തിൽ ചർച്ചയായി. ടെർമിനൽ നിർമാണത്തിലെ അപാകതയെകുറിച്ച് വിജിലൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിർമാണത്തിന് മേൽനോട്ടംവഹിച്ച ചീഫ് എൻജിനിയറെയും രൂപകല്പനചെയ്ത ആർക്കിടെക്ടിനെയും അന്വേഷണപരിധിയിൽ കൊണ്ടുവരാൻ ഗതാഗതമന്ത്രി ആന്റണി രാജു നിർദേശം നൽകി. പാലാരിവട്ടം പാലം നിർമ്മിച്ച മന്ത്രി ഇബ്രാഹിം കുഞ്ഞിനെ പ്രതിയാക്കിയെങ്കിലും കോഴിക്കോട്ടെ പാലാരിവട്ടത്തിൽ നിന്നും ഗതാഗത മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനെ ഒഴിവാക്കി. 2015-ൽ ഉദ്ഘാടനംചെയ്ത ടെർമിനൽ ഓഗസ്റ്റിലാണ് 17 കോടിയുടെ നിക്ഷേപത്തിനും പ്രതിമാസം 43 ലക്ഷം വാടകയ്ക്കുമായി അലിഫ് ബിൽഡേഴ്സിന് കൈമാറിയത്.
കെട്ടിടം ബലപ്പെടുത്തി ഉപയോഗ യോഗ്യമാക്കുന്നതു വരെ വാടക ലഭിക്കില്ല. ഷോപ്പിങ് കോംപ്ലക്സ് ലേലത്തിൽ നൽകി വരുമാനമുണ്ടാക്കാനുള്ള പദ്ധതിക്കും തിരിച്ചടിയായിരിക്കുകയാണ്. അലിഫ് ബിൽഡേഴ്സിൽനിന്ന് വാങ്ങിയ 17 കോടിക്കുപുറമേ 13 കോടികൂടി കെട്ടിടം ബലപ്പെടുത്താൻ കെ.ടി.ഡി.എഫ്.സി. മുടക്കണം. നിക്ഷേപവും സ്റ്റാമ്പ് ഡ്യൂട്ടിയും ഉൾപ്പെടെ 21 കോടി മുടക്കിയ കമ്പനിയും ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുകയാണ്. കെട്ടിടത്തിന് ഘടനയിൽ ചില മാറ്റങ്ങൾ വരുത്തി ആകർഷകമാക്കാൻ അലിഫ് ഒരു ആർക്കിടെക്റ്റിനെ നിയോഗിച്ചിരുന്നു.
ബലപ്പെടുത്തൽ കഴിഞ്ഞശേഷമേ അവർക്കും നവീകരണം തുടങ്ങാൻ കഴിയുള്ളൂ. തൂണുകൾക്ക് ചുറ്റും കോൺക്രീറ്റ് ചെയ്തു ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. അപ്പോൾ തൂണുകൾക്ക് വീതി കൂടും. ഇത് ഭാവിയിൽ ബസ് സർവീസിന്റെ സൗകര്യത്തെ ബാധിക്കുമെന്ന് കെ.എസ്.ആർ.ടി.സി. ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകർ പറഞ്ഞു.
ടെർമിനൽ രൂപകല്പന ചെയ്തതുതന്നെ ബസ് സർവീസിന് പ്രാധാന്യം നൽകാതെയാണ്. അതിനുപുറമേയാണ് നിർമാണത്തിൽ വ്യാപകക്രമക്കേടുണ്ടെന്ന കണ്ടെത്തൽ.
ബസുകളുടെ പാർക്കിങ്ങും അറ്റകുറ്റപ്പണിയും നടക്കാവിലെ റീജണൽ ഷോപ്പിലേക്ക് മാറ്റും. ആറുമാസം കഴിഞ്ഞേ ഷോപ്പിങ് കോംപ്ലക്സ് ഏറ്റെടുത്ത അലിഫ് ബിൽഡേഴ്സിൽനിന്ന് വാടക ഈടാക്കുകയുള്ളൂ. ഏതായാലും വൻ അഴിമതിയാണ് കോഴികോട് നടന്നിരിക്കുന്നത്. തിരുവഞ്ചൂർ മന്ത്രിയായിരുന്ന കാലത്ത് നിർമ്മാണം നടത്തിയതു കൊണ്ടു മാത്രമാണ് മന്ത്രിയെ പ്രതിയാക്കാതെ കേസെടുത്തത്. ടി.പി.ചന്ദ്രശേഖരൻ വധ കേസ് ഇടതുപക്ഷത്തിന് അനുകൂലമാക്കി നൽകിയതിൽ തിരുവഞ്ചൂർ നടത്തിയ ശ്രമങ്ങൾ ചരിത്രമാണ്.
https://www.facebook.com/Malayalivartha

























