കേരളം മറ്റൊരു പ്രളയത്തിൻെറ വക്കിൽ നിന്നും തലനാരിഴവ്യത്യാസത്തിൽ രക്ഷപ്പെട്ടു? മുല്ലപ്പെരിയാറിൽ പ്രളയഭീഷണി സൃഷ്ടിച്ചു കൊണ്ട് കേന്ദ്ര ജല കമ്മിഷൻ്റെ തോന്ന്യാസം! ശക്തിയായൊന്ന് എതിർക്കാൻ പോലും നമ്മുടെ സംസ്ഥാനത്തിന് കഴിയാത്ത തരത്തിൽ കേരളത്തെ വെട്ടി തമിഴ്നാട് മുന്നോട്ടു നീങ്ങി! മുല്ലപ്പെരിയാറിൽ പ്രളയ ഭീഷണിയെ ഉയർത്തി ജല കമ്മീഷൻ തീരുമാനമെടുത്തപ്പോൾ കേരളം എവിടെയായിരുന്നു?

കേരളം മറ്റൊരു പ്രളയത്തിൻെറ വക്കിൽ നിന്നും തലനാരിഴവ്യത്യാസത്തിൽ രക്ഷപ്പെട്ടെങ്കിലും മുല്ലപ്പെരിയാറിൽ പ്രളയഭീഷണി സൃഷ്ടിച്ചു കൊണ്ട് കേന്ദ്ര ജല കമ്മിഷൻ്റെ തോന്ന്യാസം. ശക്തിയായൊന്ന് എതിർക്കാൻ പോലും നമ്മുടെ സംസ്ഥാനത്തിന് കഴിയാത്ത തരത്തിലാണ് കേരളത്തെ വെട്ടി തമിഴ്നാട് മുന്നോട്ടു നീങ്ങിയത്. ഒടുവിൽ സ്വന്തം നാടിനോടുള്ള തമിഴ്‌നാടിൻ്റെ പ്രതിബദ്ധത തന്നെ വിജയിച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ റൂൾ കർവാണ് കേന്ദ്ര ജല കമ്മീഷൻ നിശ്ചയിച്ചത്. പ്രളയം നിയന്ത്രിക്കാൻ ഡാമുകളിൽ ഓരോ പത്തുദിവസവും നിലനിർത്താവുന്ന പരമാവധി ജലനിരപ്പ് ആണ് റൂൾ കർവ്. ജലനിരപ്പ് ഇതിലും കൂടിയാൽ വെള്ളം തുറന്നുവിടേണ്ടിവരും.
വർഷത്തിൽ രണ്ടു തവണ പരമാവധി ജലനിരപ്പ് ആയ 142 അടിയിൽ വെള്ളം സംഭരിക്കാൻ തമിഴ്നാടിന് അനുമതി നൽകുന്നവിധത്തിലാണ് റൂൾ കർവ് അംഗീകരിച്ചിരിക്കുന്നത്. ഡാമിന്റെ ഷട്ടർ പ്രവർത്തന മർഗരേഖക്ക് അനുമതി നൽകി. ഡാമിൽ സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കുന്ന കാര്യത്തിൽ ധാരണ ആയെങ്കിലും ഇതിൽ കൃത്യമായൊരു നിർദേശം ജലകമ്മിഷൻ മുന്നോട്ടുവെച്ചിട്ടില്ല.
കോതമംഗലം സ്വദേശി ഡോ.ജോ ജോസഫ് നൽകിയ ഹർജിയിൽ മുല്ലപ്പെരിയാർ ഡാമിന് റൂൾ കർവ്, ഷട്ടർ പ്രവർത്തനമാർഗരേഖ എന്നിവ ഉണ്ടാക്കാനും ഡാമിൽ സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കാനും സുപ്രീംകോടതി മാർച്ച് 16-നാണ് ഉത്തരവിട്ടത്. കോവിഡ് അടച്ചിടൽമൂലം കേസ് പലതവണ മാറ്റിവെച്ചു. വെള്ളിയാഴ്ച കേസ് എടുത്തെങ്കിലും റിപ്പോർട്ട് സമർപ്പിക്കാൻ മേൽനോട്ടസമിതി ഒരാഴ്ചകൂടി ആവശ്യപ്പെട്ടു. 25നാണ് ഇനി കേസ് പരിഗണിക്കുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസമാണ് ജലകമ്മിഷൻ കോടതിയിൽ റിപ്പോർട്ട് നൽകിയത്. 425 പേജുള്ളതാണ് റിപ്പോർട്ട്. ഇതിലാണ് വർഷത്തിൽ രണ്ടു തവണ ജലനിരപ്പ് അനുസരിച്ച് വെള്ളം സംഭരിക്കാൻ നിർദ്ദേശം നൽകിയത്.
ജൂണ് പത്തുമുതൽ നവംബർ 30 വരെ ഉള്ളതാണ് പുതിയ റൂൾ കർവ്. ജൂണ് പത്തിന് 136 അടി വരെ വെള്ളം സംഭരിക്കാൻ കഴിയും. സെപ്റ്റംബർ പത്തിന് 140 അടിയാണ് പരിധി. സെപ്റ്റംബർ 20-ന് 142 അടിയിൽ ആണ് റൂൾ കർവ്. പിന്നെ ജലനിരപ്പ് താഴ്ത്തിയിരിക്കുന്നു. ഒക്ടോബർ പത്തിന് 138.5 അടി. നവംബറിൽ റൂൾ കർവ് വീണ്ടും ഉയർത്തി. നവംബർ 20-ന് 141 അടിയിലും 30-ന് പരമാവധി ജലനിരപ്പ് ആയ 142 അടിയിലും ആണ് റൂൾ കർവ് നിശ്ചയിച്ചിരിക്കുന്നത്.
ജൂൺ മുതൽ നവംബർവരെ സെപ്റ്റംബർ 20നും നവംബർ 30നും പരമാവധി ജലനിരപ്പ് ആയ 142 അടി വരെ വെള്ളം സംഭരിക്കാൻ അനുവദിക്കുന്ന റൂൾ കർവിനെ കേരളം പലതവണ എതിർത്തെങ്കിലും ജലകമ്മിഷൻ പരിഗണിച്ചില്ല. പെരിയാറിന്റെ തീരത്തുള്ള ഇടുക്കി, ഇടമലയാർ ഡാമുകൾക്ക് അംഗീകരിച്ച റൂൾ കർവുപ്രകാരം ഒറ്റത്തവണ മാത്രമാണ് ജലനിരപ്പ് പരമാവധി ആക്കാൻ അനുമതിയുള്ളത്. ജലകമ്മിഷൻ തന്നെയാണ് ഈ റൂൾ കർവ് അംഗീകരിച്ചത്. എന്നാൽ പെരിയാർ തീരത്ത് തന്നെയുള്ള മുല്ലപ്പെരിയാർ ഡാമിൽ ഈ വ്യവസ്ഥ പാലിക്കാതെ രണ്ടു തവണ പരമാവധി ജലനിരപ്പിൽ വെള്ളം പിടിക്കാൻ അനുമതി നൽകുന്നതിനെയാണ് കേരളം എതിർത്തത്. പ്രളയത്തിന് കാരണമാവും എന്ന കേരളത്തിന്റെ വാദം ജലകമ്മിഷൻ അംഗീകരിച്ചില്ല. റൂൾ കർവ് നിലവിൽവന്നതോടെ തമിഴ്നാടിന് തോന്നിയ പോലെ ഇനി വെള്ളം സംഭരിക്കാൻ കഴിയില്ല. മുല്ലപ്പെരിയാറിൻെറ കാര്യത്തിൽ തമിഴ്നാട് കാണിക്കുന്ന ജാഗ്രത കാണിക്കാത്തതാണ് കേരളത്തിൽ എപ്പോഴും വിനയാകാറുള്ളത്. തമിഴ്നാട് കതിവശ്രദ്ധയോടെയാണ് മുല്ലപ്പെരിയാ ർ വിഷയത്തിൽ ഇടപെടാറുള്ളത്.
മുല്ലപ്പെരിയാർ വിഷയത്തിൽ ജലവിഭവ മന്ത്രിമാരായിരുന്ന പി ജെ ജോസഫും എൻ കെ പ്രേമചന്ദ്രനും മാത്രമാണ് കേരളത്തിൻ്റെ താത്പര്യങ്ങൾ സംരക്ഷിക്കാൻ മുമ്പ് ശ്രമിച്ചിട്ടുള്ളത്. എന്നാൽ ഇവരുടെ സംരക്ഷണ കവചത്തിന് അപ്പുറത്ത് നിന്നാണ് തമിഴ്നാട് കരുക്കൾ നീക്കിയത്. സുപ്രീം കോടതിയിലും മറ്റും തമിഴ്നാട് ജയിച്ചത് ഈ സാഹചര്യത്തിലാണ്. അല്ലെങ്കിലും മുല്ലപ്പെരിയാറിൻ്റെ കാര്യമൊന്നും ശ്രദ്ധിക്കാൻ കേരളത്തിന് സമയമില്ല. കേരളത്തിൻ്റെ താത്പര്യം മറ്റ് പലതിലുമാണെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റം പറയാനാവില്ല.
https://www.facebook.com/Malayalivartha