പ്രണയത്തിലായിരുന്നതുകൊണ്ടുമാത്രം, യുവതി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കിയെന്ന് കരുതാനാകില്ല; തടയാന്‍ പറ്റാത്ത നിര്‍ബന്ധത്തിന് മുന്നിലുള്ള നിസഹായതയെ സമ്മതമായി കണക്കാക്കാനാകില്ലെന്ന് കേരള ഹൈക്കോടതി

തടയാന്‍ പറ്റാത്ത നിര്‍ബന്ധത്തിന് മുന്നിലുള്ള നിസഹായതയെ സമ്മതമായി കണക്കാക്കാനാകില്ലെന്ന് കേരള ഹൈക്കോടതി. ബലാത്സംഗക്കേസിലെ പ്രതി നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്.
പ്രതിയുമായി പ്രണയത്തിലായിരുന്നതുകൊണ്ടുമാത്രം, യുവതി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കിയെന്ന് കരുതാനാകില്ലെന്ന് ജസ്റ്റിസ് ആര്‍ നാരായണ പിഷാരടി ഉത്തരവില്‍ പറഞ്ഞു.
സമ്മതവും സമര്‍പ്പണവും തമ്മില്‍ വ്യത്യാസമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. വിചാരണ കോടതി ശിക്ഷിച്ചതിനെതിരെ 26-കാരനായ ശ്യാം ശിവന്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി.
പ്രതി 2013ല്‍ തനിക്ക് ബന്ധമുണ്ടായിരുന്ന പെണ്‍കുട്ടിയെ മൈസൂരിലേക്ക് കൊണ്ടുപോകുകയും സമ്മതമില്ലാതെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തുവെന്ന് കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി. പ്രതി യുവതിയുടെ സ്വര്‍ണ്ണാഭരണങ്ങളെല്ലാം വിറ്റ് ഗോവയിലേക്ക് കൊണ്ടുപോയി വീണ്ടും ബലാത്സംഗം ചെയ്തതായും അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
യുവതി തന്നോടൊപ്പം വന്നില്ലെങ്കില്‍ വീടിനു മുന്നില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി തെളിവുകള്‍ വ്യക്തമാക്കുന്നുവെന്നും തുടര്‍ന്നുള്ള അവസരങ്ങളില്‍ പ്രതിയുടെ നടപടിയെ അവര്‍ എതിര്‍ത്തില്ലെന്ന് അനുമാനിച്ചാല്‍ പോലും, പ്രതി യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് അവരുടെ സമ്മതത്തോടെയാണെന്ന് കണ്ടെത്താന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
എന്നാല്‍ ഇരയുടെ പ്രായം തെളിയിക്കപ്പെടാത്തതിനാല്‍ പോക്‌സോ നിയമപ്രകാരമുള്ള ശിക്ഷ കോടതി റദ്ദാക്കി. കുറ്റാരോപിതന്റെ പ്രവൃത്തി ഐപിസി സെക്ഷന്‍ 366, 376 (തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും) പ്രകാരം ശിക്ഷാര്‍ഹമായ കുറ്റങ്ങളാണെന്നും കോടതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha























