പ്രതീക്ഷിക്കും മുമ്പേ തിരിച്ചടി... അനില്‍കാന്ത് വിരമിക്കുമ്പോള്‍ ഡിജിപിയാകാമെന്ന് കാത്തിരുന്ന ടോമിന്‍ തച്ചങ്കരിയും സുധേഷ് കുമാറും പ്രതീക്ഷിക്കും മുമ്പേ അനില്‍കാന്തിന് രണ്ട് വര്‍ഷം നീട്ടിക്കൊടുത്തു; അനില്‍കാന്ത് കസേര ഉറപ്പിക്കുമ്പോള്‍ നിരാശരായി ഇരുവരും

ലോക്‌നാഥ് ബഹ്‌റയ്ക്ക് ശേഷം ആര് നല്ല പോലീസ് മേധാവിയാകുമെന്ന് കേരളം ചര്‍ച്ച ചെയ്തതാണ്. സര്‍ക്കാരിനൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന ഒരു ഡിജിപിയെ പാര്‍ട്ടിക്കും സര്‍ക്കാരിനും ആവശ്യമായിരുന്നു. അതില്‍ ലോക്‌നാഥ് ബഹ്‌റ നന്നായി വിജയിച്ചിരുന്നു. ബഹ്‌റ വിരമിച്ചപ്പോള്‍ പകരം ആര് എന്ന ചോദ്യം വന്നിരുന്നു. ടോമിന്‍ തച്ചങ്കരിയും സുധേഷ് കുമാറും ആകുമെന്ന് കരുതിയെങ്കിലും നറുക്ക് വീണത് അനില്‍ കാന്തിനാണ്.
പോലീസ് മേധാവിയായ അനില്‍കാന്ത് അക്ഷരാര്‍ത്ഥത്തില്‍ മുഖ്യമന്ത്രിയുടെ മനസ് കീഴടക്കുകയായിരുന്നു. ഇപ്പോഴിതാ രണ്ട് വര്‍ഷം കൂടി അനില്‍കാന്തിന് കാലാവധി നീട്ടി നല്‍കിയിരിക്കുകയാണ്. അപ്രതീക്ഷിതമായിരുന്നു സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന് സ്ഥാനത്തുടര്‍ച്ച. ഡിജിപി റാങ്കിലുള്ള 2 ഉന്നത ഉദ്യോഗസ്ഥര്‍ പൊലീസ് മേധാവിയുടെ കസേര ലക്ഷ്യമിട്ടു നടത്തിയ ചേരിപ്പോരാണു ജനുവരിയില്‍ നല്‍കേണ്ട ഉത്തരവ് 2 മാസം മുന്‍പേ ഇറക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രേരിപ്പിച്ചത്. സുപ്രീംകോടതി വിധിയും അനുകൂല ഘടകമായി.
അപ്രതീക്ഷിതമായിട്ടാണ് ലോക്‌നാഥ് ബെഹ്‌റയുടെ പിന്‍ഗാമിയായി ജൂലൈയില്‍ അനില്‍കാന്ത് എത്തിയത്, അതിനു 3 മാസം മുന്‍പ് സംസ്ഥാന സര്‍ക്കാര്‍ യുപിഎസ്‌സിക്ക് അയച്ച പട്ടികയില്‍ ആദ്യ 4 സ്ഥാനക്കാര്‍ ഡിജിപി റാങ്കിലുള്ള അരുണ്‍കുമാര്‍ സിന്‍ഹ, ടോമിന്‍ തച്ചങ്കരി, സുധേഷ് കുമാര്‍, ബി.സന്ധ്യ എന്നിവരായിരുന്നു. സിന്‍ഹ പിന്‍വാങ്ങിയതോടെ 3 പേരായി. എന്നാല്‍, തച്ചങ്കരിക്കും സുധേഷിനുമെതിരായ ആരോപണങ്ങളും കേസുകളും സംബന്ധിച്ച വിവരങ്ങള്‍ അതിനകം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും യുപിഎസ്‌സിക്കും ലഭിച്ചു. തച്ചങ്കരി അനുഭാവികള്‍ സുധേഷിനെതിരെയും മറുപക്ഷം തിരിച്ചും അയച്ചു കൊടുത്തതായിരുന്നു ഇവ.
ഇതോടെ കേന്ദ്ര സര്‍ക്കാര്‍ ഇന്റലിജന്‍സ് ബ്യൂറോ വഴി വിവരങ്ങള്‍ ശേഖരിച്ചു. കേന്ദ്രം അംഗീകരിച്ചു പാനല്‍ മടങ്ങിയെത്തിയപ്പോള്‍ തച്ചങ്കരി പുറത്തായി. സുധേഷ് ഒന്നാമതും സന്ധ്യ രണ്ടാമതും അനില്‍കാന്ത് മൂന്നാമതുമായിരുന്നു. അതില്‍ നിന്നാണ് 7 മാസം മാത്രം സര്‍വീസ് ബാക്കിയുള്ള അനില്‍കാന്തിനെ മേധാവിയാക്കിയത്.
അനില്‍കാന്തിന് വെറും ഏഴുമാസമല്ലേ ഉള്ളൂ എന്ന് കരുതി ആശ്വസിച്ചിരുന്നപ്പോഴാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. ബി. സന്ധ്യ സംസ്ഥാനത്തെ ആദ്യ വനിതാ പൊലീസ് മേധാവിയാകുമെന്നു കരുതിയെങ്കിലും ചില കേസുകള്‍ കൈകാര്യം ചെയ്ത രീതി സര്‍ക്കാര്‍ താല്‍പര്യത്തിനു ചേര്‍ന്നില്ല. ജനുവരി 31 ന് അനില്‍കാന്ത് വിരമിക്കാനിരിക്കെ ആ കസേര ലക്ഷ്യമിട്ട് തച്ചങ്കരി, സുധേഷ്‌കുമാര്‍ അനുകൂലികള്‍ വീണ്ടും ചരടുവലി തുടങ്ങി.
ഇതോടെ ഇരുവര്‍ക്കുമെതിരായ കേസുകെട്ടുകള്‍ വീണ്ടും യുപിഎസ്‌സിയില്‍ എത്തി. ഇതു സര്‍ക്കാരിനു വീണ്ടും തലവേദനയാകുമെന്ന മുന്നറിയിപ്പു പാര്‍ട്ടി നേതൃത്വവും നല്‍കി. വിരമിച്ചാലും 2 വര്‍ഷത്തെ സര്‍വീസ് ഉറപ്പാക്കണമെന്ന സുപ്രീം കോടതി വിധിയാണ് അനില്‍കാന്തിന് തുണയായത്. അതോടെ ഇന്നലത്തെ മന്ത്രിസഭയില്‍ അജന്‍ഡയ്ക്കു പുറത്തുള്ള ഇനമായി തീരുമാനമെടുത്തു.
അതേസമയം 5 സംസ്ഥാനങ്ങളില്‍ ഡിജിപിമാരുടെ സേവനം നീട്ടി നല്‍കിയിട്ടുണ്ട്. പ്രകാശ് സിങ് കേസില്‍ 2018 ലും 2019 ലും സുപ്രീം കോടതി ആവര്‍ത്തിച്ച് ഉത്തരവിട്ട കാര്യമാണ് 2 വര്‍ഷ സര്‍വീസ് ഉറപ്പാക്കല്‍. പൊലീസ് മേധാവി പദവിയിലേയ്ക്ക് പരിഗണിക്കാന്‍ 6 മാസമെങ്കിലും സര്‍വീസ് ഉണ്ടായിരിക്കണം, വിരമിച്ചാലും 2 വര്‍ഷം കാലാവധി നിര്‍ബന്ധമായും നല്‍കണം, അച്ചടക്ക നടപടിയുടെ ഭാഗമായി മാറ്റുന്നെങ്കില്‍ കോടതിയെ ബോധ്യപ്പെടുത്തണം, അല്ലെങ്കില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന സത്യവാങ്മൂലം പൊലീസ് മേധാവി നല്‍കണം. ഇതെല്ലാമാണു കോടതി ഉത്തരവില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം തന്നെ തമിഴ്‌നാട്, ഹരിയാന, രാജസ്ഥാന്‍, യുപി, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പൊലീസ് മേധാവിമാര്‍ക്കു 2 വര്‍ഷം സര്‍വീസ് ഉറപ്പാക്കി ഉത്തരവിട്ടിരുന്നു. ഇതിന് പുറമേയാണ് അനില്‍ കാന്ത് സീറ്റുറപ്പിച്ചത്.
"
https://www.facebook.com/Malayalivartha