ആറ്റിങ്ങലില്‍ കുട്ടിയെ അപമാനിച്ച പിങ്ക് പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ കേസെടുക്കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവ്; പോലീസ് സേനാംഗങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കാനും നിർദ്ദേശം

ആറ്റിങ്ങലില്‍ കുട്ടിയെ അപമാനിച്ച പിങ്ക് പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ബാലനീതി വകുപ്പ് പ്രകാരം കേസെടുക്കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. പോലീസ് സേനാംഗങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കാനും ഉത്തരവില്‍ പറയുന്നു.
അപമാനത്തിനിരയായ കുട്ടിക്ക് മാനസികാഘാതം കുറയ്ക്കാന്‍ നടപടി സ്വീകരിക്കണം. ഉത്തരവ് നടപ്പാക്കി ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശമുണ്ട്. ആറ്റിങ്ങലില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ ബാലികയെയും പിതാവിനെയും പരസ്യമായി വിചാരണ നടത്തുകയും പിന്നീട് സ്വന്തം ബാഗില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തുകയുമായിരുന്നു.
ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. പരാതിക്കാരായ അച്ഛനെയും മകളെയും ആരോപണവിധേയരെയും വിളിച്ചുവരുത്തി ബാലാവകാശ കമ്മീഷന്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. വിശദമായ അന്വേഷണത്തിന് ശേഷമാണ് ഇപ്പോള്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവിറക്കിയത്.
പൊലീസിനെതിരെ നടപടിയെടുക്കണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ബാലിക ഹൈക്കോടതിയെ സമീപിച്ചു. പൊലീസിനെതിരെ രൂക്ഷവിമര്‍ശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. കുട്ടിയെ അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ എന്തുനടപടി എടുത്തെന്ന് കോടതി ചോദിച്ചിരുന്നു.
https://www.facebook.com/Malayalivartha
























