അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..

സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു. കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് വീണ പുറത്തിറങ്ങിയത്. കേസില്‍ വീണയെ വീണ്ടും നോട്ടീസ് നല്‍കി വിളിപ്പിച്ചേക്കുമെന്നാണ് സൂചന.കേസില്‍ തുടരന്വേഷണം നടത്താമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് വീണ ഉള്‍പ്പെടെയുള്ള എട്ട് പ്രതികള്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസ് നല്‍കിയത്.
വരുന്ന തിങ്കളാഴ്ചയ്ക്കുള്ളില്‍ (ജൂണ്‍ 29) ഹാജരാകാമെന്നാണ് വീണ ആദ്യം അറിയിച്ചിരുന്നതെങ്കിലും, ഇഡിയുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന് നേരത്തെ തന്നെ ഹാജരാകുകയായിരുന്നു. രാവിലെ ഒന്‍പതരയോടെ ഇഡി ഓഫീസിലെത്തിയ വീണയെ പത്തരയോടെയാണ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യാന്‍ തുടങ്ങിയത്. കേസില്‍ വീണ ഉള്‍പ്പെടെ ഏഴുപേരെയാണ് ഇഡി ഇതുവരെ ചോദ്യം ചെയ്തിട്ടുള്ളത്.നേരത്തെ, കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്ഐഒ) തയ്യാറാക്കിയ കുറ്റപത്രത്തിലെ 134 നിര്‍ണായക രേഖകള്‍ ഇഡിക്ക് ലഭിച്ചിരുന്നു. കൊച്ചിയിലെ കമ്പനികാര്യ കോടതിയില്‍ ഇഡി നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് ഈ രേഖകള്‍ കൈമാറിയത്.
ഇതിനെതിരെ സിഎംആര്‍എല്‍ കോടതിയില്‍ തടസ്സവാദങ്ങള്‍ ഉന്നയിച്ചെങ്കിലും കോടതി അത് തള്ളിക്കളയുകയായിരുന്നു. ഈ രേഖകളുടെ അടിസ്ഥാനത്തിലാണ് രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍ പുരോഗമിച്ചത്.സിഎംആര്‍എല്‍ എന്ന സ്വകാര്യ കമ്പനിയും, ടി. വീണയുടെ ഉടമസ്ഥതയിലുള്ള 'എക്സാലോജിക് സൊല്യൂഷന്‍സ്' എന്ന ഐടി കമ്പനിയും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടതാണ് കേസ്. എക്സാലോജിക് നല്‍കിയ ഐടി സേവനങ്ങള്‍ക്കുള്ള പ്രതിഫലമെന്ന നിലയില്‍ 2017 മുതല്‍ 2020 വരെയുള്ള കാലയളവില്‍ സിഎംആര്‍എല്‍ 1.72 കോടി രൂപ നല്‍കിയെന്നും,
എന്നാല്‍ കമ്പനിക്ക് അത്തരം സേവനങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നുമുള്ള ആദായനികുതി തര്‍ക്ക പരിഹാര ബോര്‍ഡിന്റെ കണ്ടെത്തലാണ് അന്വേഷണങ്ങള്‍ക്ക് ആധാരമായത്.തുടര്‍ന്ന് കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിലുള്ള സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്ഐഒ) ഈ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (പിഎംഎല്‍എ) എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസ് രജിസ്റ്റര്‍ ചെയ്തത്. യാതൊരു സേവനവും നല്‍കാതെ കൈപ്പറ്റിയ തുക അനധികൃത സാമ്പത്തിക ഇടപാടാണോ എന്നും, ഇതില്‍ കള്ളപ്പണ വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോ എന്നുമാണ് കേന്ദ്ര ഏജന്‍സികള്‍ പ്രധാനമായും അന്വേഷിക്കുന്നത്.
https://www.facebook.com/Malayalivartha






















