ശബരിമലയിൽ പത്ത് ദിവസം കൊണ്ട് വരുമാനം പത്ത് കോടി കവിഞ്ഞു, നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ വരുമാനം വർധിക്കുമെന്ന പ്രതീക്ഷയിൽ ദേവസ്വം ബോർഡ്, കൂടുതൽ വരുമാനം കിട്ടിയത് അപ്പം, അരവണ വിൽപ്പനയിലൂടെ

ശബരിമല നട തുറന്ന് പത്ത് ദിവസം പിന്നിടുമ്പോൾ വരുമാനം പത്ത് കോടി കവിഞ്ഞു.നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ വരുമാനം വർധിക്കുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ.നവംബർ 16 മുതൽ 25 വരെയുള്ള പത്ത് ദിവസത്തുള്ളിൽ ശബരിമലയിൽ വരുമാനമായി ലഭിച്ചത് 10 കോടിയിലധികം രൂപയാണ്. അപ്പം, അരവണ വിൽപ്പനയിലൂടെയാണ് കൂടുതൽ വരുമാനം. നട വരവിലും വർധനയുണ്ടായി.
ലേലത്തിൽ പോകാതിരുന്ന നാളീകേരം ഉൾപ്പെടെയുള്ളവ കഴിഞ്ഞ തവണ ലേലത്തിൽ പോയിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ വർധനയുണ്ടായി. തിരക്ക് വർധിക്കുന്നതോടെ ശബരിമല വരുമാനവും ഉയരുമെന്നാണ് പ്രതീക്ഷ.സന്നിധാനത്ത് ഭക്തർക്ക് കൂടുതൽ ഇളവ് അനുവദിക്കാനും നീക്കമുണ്ട്. രാത്രി തിരിച്ചുപോകാൻ കഴിയാത്തവർക്കായി ഇളവ് നൽകണമെന്ന് ബോർഡ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നീലിമല വഴിയുള്ള പരമ്പരാഗത പാത ഉടൻ തുറക്കും. സന്നിധാനത്തേക്ക് മുൻകാലങ്ങളിലേതുപോലെ നീലിമല, അപ്പാച്ചിമേടുവഴി തീർഥാടകരെ കടത്തിവിടാനുള്ള ഒരുക്കങ്ങളിലാണ് ദേവസ്വം ബോർഡ്.ഇതിനായി സർക്കാരിന്റെ ഉന്നതാധികാരസമിതിയുടെ തീരുമാനം കാത്തിരിക്കുകയാണ് ബോർഡ്. തീർഥാടകരെ പ്രവേശിപ്പിക്കുന്നതിന് പാതയിൽ അടിസ്ഥാന സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.
ജലനിരപ്പിൽ കുറവുണ്ടാകുമ്പോൾ പമ്പ സ്‌നാനഘട്ടം ഭക്തർക്കായി തുറന്നു കൊടുക്കും.കൂടാതെ നെയ്യഭിഷേകത്തിനുള്ള നെയ്യ് ഭക്തരിൽ നിന്നും സുരക്ഷിതമായി സ്വീകരിച്ച് ശ്രീകോവിലിൽ നൽകാനാണ് തീരുമാനം. സർക്കാരിന്റെ അനുമതി ലഭിച്ചാൽ ഇത് നടപ്പാക്കും. തീർഥാടകർക്ക് എല്ലാ സൗകര്യവും ഒരുക്കുമെന്നും ആർക്കും ദർശനം കിട്ടാത്ത അവസ്ഥയുണ്ടാകില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ പറഞ്ഞു.
വെർച്വൽ ക്യൂവിൽ 45,000 പേർക്കുവരെ ബുക്കിങ് അനുവദിക്കുന്നുണ്ട്. മണ്ഡല, മകരവിളക്ക് ദിവസങ്ങളിലേക്കാണ് ഇത്രയും പേർക്ക് ദിവസവും ദർശനത്തിന് അനുമതിയെങ്കിലും സാധാരണദിവസങ്ങളിലും അരലക്ഷത്തോളം പേരെ സന്നിധാനത്തേക്കുവിടണമെന്ന പൊതു ആവശ്യത്തോട് ദേവസ്വം ബോർഡിനും യോജിപ്പുണ്ട്. വ്യാഴാഴ്ചവരെ 19 ലക്ഷം പേരാണ് വെർച്വൽ ക്യൂവിൽ ബുക്കുചെയ്തത്. കോവിഡ് കുറയുന്നതിനാൽ ശബരിമലയിലെ നിയന്ത്രണങ്ങളിൽ ഇളവുവേണമെന്നാണ് ദേവസ്വംബോർഡിന്റെ ആവശ്യം.
https://www.facebook.com/Malayalivartha


























