മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142ന് മുകളിലെത്തിയ 30ന് ചൊവ്വാഴ്ച അണക്കെട്ടിലുണ്ടായിരുന്നത് കേരളത്തില്‍ നിന്നുള്ള ഒരു ഓവര്‍സിയറും ക്ലാസ് ഫോര്‍ ജീവനക്കാരനും മാത്രം; തമിഴ്‌നാട് എക്‌സി. എന്‍ജിനീയര്‍ ഉള്‍പ്പെടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മാസങ്ങളായി അണക്കെട്ടില്‍ തുടരുന്നു

മുല്ലപ്പെരിയാറില്‍ കഴിഞ്ഞ ഒക്ടോബറില്‍ ജലവിഭവമന്ത്രി അണക്കെട്ട് സന്ദര്‍ശിച്ച ശേഷം കേരളത്തില്‍നിന്നുള്ള എന്‍ജിനീയര്‍മാര്‍ ആരും അണക്കെട്ടിലെത്തിയിട്ടില്ല. കുമളിയിലും തേക്കടിയിലും മുല്ലപ്പെരിയാര്‍ അണക്കെട്ട് നിരീക്ഷണത്തിന് ഓഫിസും അണക്കെട്ടില്‍ പോകാന്‍ വനം വകുപ്പിന്റെ ബോട്ടും ഉണ്ടായിട്ടും ഉയര്‍ന്ന ഉദ്യോഗസ്ഥരാരും അണക്കെട്ടിലേക്ക് തിരിഞ്ഞുനോക്കാതിരിക്കുന്നത് തമിഴ്‌നാടുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് സംശയമുയരുന്നു.
അണക്കെട്ടില്‍ 138.75 അടി ജലനിരപ്പ് ഉള്ളപ്പോഴാണ് ജലവിഭവ മന്ത്രി കഴിഞ്ഞ ഒക്ടോബര്‍ 10ന് അണക്കെട്ട് സന്ദര്‍ശിച്ചത്. പിന്നീട് ജലനിരപ്പ് 142ലേക്ക് ഉയരുകയും പലതവണ രാത്രിയും പുലര്‍ച്ചയും ഷട്ടര്‍ തുറന്ന് ജലം ഇടുക്കിയിലേക്ക് ഒഴുക്കിയപ്പോഴും കേരളത്തിന്റെ ഒറ്റ എന്‍ജിനീയര്‍പോലും അണക്കെട്ടിലില്ലായിരുന്നു എന്നത് ഞെട്ടിക്കുന്നതാണ്.
ജലനിരപ്പ് 142ന് മുകളിലെത്തിയ 30ന് ചൊവ്വാഴ്ച അണക്കെട്ടിലുണ്ടായിരുന്നത് ഒരു ഓവര്‍സിയറും ക്ലാസ് ഫോര്‍ ജീവനക്കാരനും മാത്രം. തമിഴ്‌നാട് എക്‌സി. എന്‍ജിനീയര്‍ ഉള്‍പ്പെടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മാസങ്ങളായി അണക്കെട്ടില്‍ തുടരുമ്പോഴാണ് കേരളത്തിലെ ഉദ്യോഗസ്ഥരുടെ പിന്‍മാറ്റം.
സ്പില്‍വേ ഷട്ടറുകള്‍ തുറക്കുന്നതു സംബന്ധിച്ച സാങ്കേതിക കാര്യങ്ങളോ ജലത്തിന്റെ അളവോ മറ്റു വിവരങ്ങളോ സംബന്ധിച്ച് കാര്യമായ അറിവില്ലാത്ത ജൂനിയര്‍ ജീവനക്കാരെ അണക്കെട്ടിലേക്ക് അയച്ചശേഷം കുമളിയിലുള്ള അസി.എക്‌സി.എന്‍ജിനീയര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ അണക്കെട്ടില്‍ പോകാതെ ഒഴിഞ്ഞുനില്‍ക്കുകയാണ്. മാധ്യമങ്ങള്‍ക്ക് അണക്കെട്ടിലെ വിവരങ്ങള്‍ നല്‍കരുതെന്ന് കര്‍ശന നിര്‍ദേശവും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ നല്‍കി. ഇതെല്ലാം നിയന്ത്രണമില്ലാതെ ഷട്ടര്‍ തുറക്കാനും ജലം ഒഴുക്കാനും തമിഴ്‌നാടിന് സഹായകമായി.
അണക്കെട്ടിലെ ജലനിരപ്പ്, പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവ് ഇക്കാര്യങ്ങളെല്ലാം തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ എഴുതി നല്‍കുന്നത് വാങ്ങി കേരളത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയെന്ന ചുമതല മാത്രമാണ് ദിവസങ്ങളായി അണക്കെട്ടിലേക്ക് പോകുന്ന ജലവിഭവ വകുപ്പ് ജീവനക്കാര്‍ക്കുള്ളത്. അണക്കെട്ടില്‍ തമിഴ്‌നാടിന് പൂര്‍ണ സ്വാതന്ത്ര്യം അനുവദിച്ചു നല്‍കി ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം വിട്ടതോടെയാണ് നിയന്ത്രണമില്ലാതെ ജലനിരപ്പ് ഉയര്‍ത്തി കേരളത്തെ മുള്‍മുനയില്‍ നിര്‍ത്താന്‍ തമിഴ്‌നാടിനായത്.
https://www.facebook.com/Malayalivartha