2.10 കോടിയിൽ പരം രൂപയുടെ സുനാമി വിദേശ ഫണ്ട് വെട്ടിപ്പ് നടത്തിയ കേസിൽ സാഹിത്യകാരൻ പോൾ സക്കറിയ അടക്കം 6 പേർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. കുറ്റപത്രം ഫയലിൽ സ്വീകരിച്ച തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി പ്രതികളെ ഫെബ്രുവരി 15 ന് ഹാജരാക്കാൻ ഉത്തരവിട്ടു. പ്രതികളെ ഹാജരാക്കാൻ സി ബി ഐ തിരുവനന്തപുരം യൂണിറ്റ് എസ്.പിയോടാണ് സി ജെ എം ആർ. രേഖ ഉത്തരവിട്ടത്. അഞ്ചു കുറ്റപത്രങ്ങളായി വിഭജിച്ച കേസിൽ ഒരു കുറ്റപത്രമാണ് ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത്. ബാക്കി കുറ്റപത്രങ്ങൾ വരും നാളുകളിൽ സിബിഐ സമർപ്പിക്കും.ചെറിയതുറ ഫിഷർമെൻ കോളനിയിലും കോട്ടയം എടമറ്റത്തും രജിസ്റ്റേറ്റേഡ് ഓഫീസ് പ്രവർത്തിക്കുന്ന ക്രിസ്ത്യൻ ചാരിറ്റബിൾ സംഘടനാ സ്ഥാപനങ്ങളായ ഗുഡ് സമരിറ്റൻ പ്രോജക്റ്റ് ഇന്ത്യ , കാത്തലിക് റിഫോർമേഷൻ ലിറ്ററേച്ചർ സൊസൈറ്റി , ഭാരവാഹികളായ കെ.പി. ഫിലിപ്പ് , തോമസ് എബ്രഹാം കള്ളിവയൽ , ജോജോ ചാണ്ടി എന്ന ക്യാപ്റ്റൻ ജോജോ ചാണ്ടി , സാഹിത്യകാരൻ എം.പി. സ്കറിയ എന്ന പോൾ സഖറിയ എന്നിവരാണ് 1 മുതൽ 6 വരെയുള്ള പ്രതികൾ.ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായും സുനാമി പുനരധിവാസ പ്രവർത്തനങ്ങൾക്കായും ഹോളണ്ടടക്കമുള്ള വിദേശ ളിൽ നിന്നും എഫ് സി എൻ ആർ അക്കൗണ്ട് വഴി അയച്ച കോടിക്കണക്കിന് രൂപക്ക് കോട്ടയം , ആലപ്പുഴ , തിരുവനന്തപുരം എന്നീ ജില്ലകളിൽ വാങ്ങിയ ഭൂമി വിൽപ്പന നടത്തി കിട്ടി 1.7 കോടി രൂപ സ്വന്തം ആവശ്യങ്ങൾക്കായി ദുർവിനിയോഗം ചെയ്തു. മൂക ബധിര വിദ്യാർത്ഥർക്കായി സിബിഎസ്ഇ സ്ക്കൂൾ തുടങ്ങാനയച്ച 1.7 കോടി രൂപ വക മാറ്റി പണമയച്ച വിശ്വാസികളെ വഞ്ചിച്ചു തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് സി ബി ഐ കുറ്റപത്രം സമർപ്പിച്ചത്. 2010 ൽ നിലവിൽ വന്ന ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ നിയമത്തിലെ 7 , 12 , 17 , 19 , 33 എന്നീ വകുപ്പുകളും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 406 ഉം ചേർത്താണ് കോടതി പ്രതികൾക്കെതിരെ കലണ്ടർ കേസ് എടുത്ത് പ്രതികളെ ഹാജരാക്കാൻ ആവശ്യപ്പെട്ടത്.
"