ഓണാഘോഷത്തിനിടെ വിദ്യാര്‍ത്ഥിനി മരിച്ച സംഭവം: മുഖ്യപ്രതി കുറ്റം സമ്മതിച്ചു

പെണ്‍കുട്ടിയെ ജീപ്പിടിപ്പിച്ച് കൊന്ന പ്രതി പിടിയില്‍. സി.ഇ.ടി എഞ്ചിനീയറിംഗ് കോളജില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ത്ഥിനി ജീപ്പിടിച്ച് മരിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതി ബൈജു കുറ്റം സമ്മതിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികളെ മുഴുവന്‍ തിരിച്ചറിഞ്ഞതായും സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
ഇന്ന് രാവിലെയാണ് അപകടമുണ്ടാക്കിയ ജീപ്പ് ഓടിച്ച കണ്ണൂര്‍ സ്വദേശിയായ ബൈജു അറസ്റ്റിലായത്. ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ബൈജുവിനെ പിടികൂടിയത്. സി.ഇ.ടിയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് ബൈജു.
കൊടൈക്കനാലിലും മധുരയിലുമായി വിവിധ ഇടങ്ങളില്‍ ഒളിവിലായിരുന്ന ബൈജു ബന്ധുക്കളെ കസ്റ്റഡിയില്‍ എടുത്ത വിവരം അറിഞ്ഞ് ഇന്ന് രാവിലെ കീഴടങ്ങുകയായിരുന്നു. അന്വേഷണം ഊര്‍ജിതമാക്കിയതിന്റെ ഭാഗമായി ഇയാളുടെ അടുത്ത ബന്ധുക്കളെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ ശേഷം പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇക്കാര്യം അറിഞ്ഞ ബൈജു സുഹൃത്തുക്കള്‍ക്കൊപ്പം എത്തി കീഴടങ്ങാന്‍ തയ്യാറാവുകയായിരുന്നു. ഇയാളെ ഇന്ന് സി.ഇ.ടിയില്‍ എത്തിച്ച് തെളിവെടുക്കും.
ഹോസ്റ്റല്‍ സംഘത്തിലെ നൂറോളം വിദ്യാര്‍ത്ഥികളെ കയറ്റി കോളജ് മുറ്റത്തേക്ക് ഓടിച്ചുകയറ്റിയ ലോറി കഴക്കൂട്ടത്തു നിന്നു പൊലീസ് കസ്റ്റഡിയിലെടുത്തു. തസ്‌നിയെ ഇടിച്ച ജീപ്പും ഇതിന് ഒപ്പമുണ്ടായിരുന്ന ഹോസ്റ്റല്‍ സംഘത്തിന്റെ മറ്റൊരു ജീപ്പും കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ഇവ കേസിന്റെ ഭാഗമാക്കാനാണു തീരുമാനം. കാലങ്ങളായി ഹോസ്റ്റലില്‍ ഒളിപ്പിച്ചിരുന്ന രണ്ടു ജീപ്പുകളും ഇനി കുട്ടികള്‍ക്കു വിട്ടുകൊടുക്കരുതെന്നു കോളജ് അധിക!ൃതര്‍ തന്നെ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, തസ്‌നിയുടെ മരണത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ കേസെടുത്തു. സിറ്റി പൊലീസ് കമ്മിഷണറും സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മേധാവിയും പ്രിന്‍സിപ്പലും ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കണം. അതിനിടെ സംസ്ഥാനത്തെ കോളജുകളില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്കു മാര്‍ഗരേഖയുണ്ടാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് അറിയിച്ചു. സിഇടി സംഭവത്തെത്തുടര്‍ന്നാണു നടപടി. കോളജുകളിലെ അക്രമം തടയാന്‍ ആഭ്യന്തരവകുപ്പ് ഉന്നതതല യോഗം വിളിച്ചു. കലാലയങ്ങളിലെ അക്രമം തടയാന്‍ ചൊവ്വാഴ്ച ആഭ്യന്തര വകുപ്പ് വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും പങ്കെടുക്കും. ഈ യോഗത്തില്‍വച്ച് ആഘോഷങ്ങള്‍ക്ക് മാര്‍ഗ രേഖയുണ്ടാക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നു മന്ത്രി വ്യക്തമാക്കി.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കോളജുകളിലെയും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ആഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി സിറ്റി പൊലീസ് കമ്മിഷണര്‍ എച്ച്. വെങ്കിടേഷ് പറഞ്ഞു. കോളജുകളില്‍ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ മാത്രം പൊലീസിനെ വിവരമറിയിക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. ആഘോഷങ്ങള്‍ നടക്കുമ്പോള്‍ അതിനു മേല്‍നോട്ടം വഹിക്കാന്‍ ഒരു അദ്ധ്യാപകനെ ചുമതലപ്പെടുത്താന്‍ അവശ്യപ്പെടും. ആഘോഷം അതിരുവിട്ടാല്‍ ഈ അദ്ധ്യാപകന്‍ പൊലീസിനെ വിവരമറിയിക്കുകയും അന്വേഷണവുമായി സഹകരിക്കുകയും വേണം. വലിയ ആഘോഷങ്ങള്‍ പൊലീസിനെ മുന്‍കൂട്ടി അറിയിക്കേണ്ടതുണ്ടെന്നും കമ്മിഷണര്‍ പറഞ്ഞു.
കോളജില്‍ നടന്ന ഓണാഘോഷത്തിനിടെ കഴിഞ്ഞ ബുധനാഴ്ചയാണ് തസ്‌നി ബഷീര്‍ എന്ന വിദ്യാര്‍ത്ഥിനിക്ക് ജീപ്പിടിച്ച് പരുക്കേറ്റത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകിട്ട് തസ്‌നി മരണത്തിന് കീഴടങ്ങി. ഇന്നലെ തസ്‌നിയുടെ സ്വദേശമായ നിലമ്പൂരില്‍ സംസ്‌കാരം നടത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha


























