സംസ്ഥാനസര്‍ക്കാറിന്റെ ഇച്ഛാശക്തിയില്ലായ്മയും കഴിവുകേടുമാണ് ലൈറ്റ് മെട്രോ കേരളത്തില്‍ വരുന്നതിന് തടസ്സമുണ്ടാക്കുന്നതെന്ന് ഡി.എം.ആര്‍.സി മുഖ്യഉപദേഷ്ടാവ് ഇ.ശ്രീധരന്‍

സംസ്ഥാനസര്‍ക്കാറിന്റെ ഇച്ഛാശക്തിയില്ലായ്മയും കഴിവുകേടുമാണ് ലൈറ്റ് മെട്രോ കേരളത്തില്‍ വരുന്നതിന് തടസ്സമുണ്ടാക്കുന്നതെന്ന് ഡി.എം.ആര്‍.സി മുഖ്യഉപദേഷ്ടാവ് ഇ.ശ്രീധരന്‍ പറഞ്ഞു. മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാറിന് മസ്തിഷ്‌കസ്തംഭനമാണ്. ഇതിനെ മറികടക്കാന്‍ രാഷ്ട്രീയനേതൃത്വത്തിന് കഴിവുണ്ടെങ്കിലും അവരെ ഐ.എ.എസ്സുകാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിക്കുകയാണ്. തിരുവനന്തപുരത്തും കോഴിക്കോട്ടും പദ്ധതി പൂര്‍ത്തിയാക്കാന്‍ ആവശ്യമായ തുകയുടെ 85 ശതമാനം ജപ്പാന്‍ ബാങ്ക് നല്‍കാന്‍ തയ്യാറായിട്ടും സ്വകാര്യപൊതു സംരംഭത്തിലൂടെ ഇത് നടപ്പാക്കാനാകുമെന്ന മിഥ്യാധാരണയാണ് ഉദ്യോഗസ്ഥര്‍ പ്രചരിപ്പിക്കുന്നത്. നിക്ഷേപത്തിന് മൂന്ന് ശതമാനംമാത്രം ലാഭം ലഭിക്കുന്ന പദ്ധതിയിലേക്ക് ഏതെങ്കിലും സ്വകാര്യവ്യക്തി നിക്ഷേപിക്കില്ലെന്ന സാമാന്യബുദ്ധിപോലും ഉദ്യോഗസ്ഥര്‍ക്കില്ല.
പദ്ധതി വൈകുന്ന ഓരോ ദിവസവും 10 ലക്ഷംരൂപയുടെ അധിക സാമ്പത്തിക ബാധ്യത സര്‍ക്കാറിനുണ്ടാകും. തിരുവനന്തപുരത്തും കോഴിക്കോട്ടും ഈ പദ്ധതിയുടെ നടത്തിപ്പിനായി ഓഫീസ് തുറന്ന വകയില്‍ പ്രതിമാസം 19 ലക്ഷംരൂപയാണ് ഡി.എം.ആര്‍.സിക്ക് നഷ്ടം. നഷ്ടങ്ങള്‍ സഹിച്ച് മുന്നോട്ടുപോകേണ്ടതില്ലെന്ന അറിയിപ്പാണ് ഡി.എം.ആര്‍.സിയുടെ കോര്‍പ്പറേറ്റ് ഓഫീസില്‍നിന്ന് കഴിഞ്ഞദിവസം വന്നത്.
പ്രതിവര്‍ഷം 234 കോടിരൂപ അഞ്ചുവര്‍ഷം സംസ്ഥാനബജറ്റില്‍ വകയിരുത്തിയാല്‍ ജപ്പാന്‍ബാങ്കിന്റെ സഹായത്തോടെ പദ്ധതി നടപ്പാക്കാനാകും. 6728 കോടി രൂപയാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിവരിക. ഇതിന്റെ 85 ശതമാനം ജപ്പാന്‍ ബാങ്ക് കുറഞ്ഞ പലിശനിരക്കില്‍ തരും. അവശേഷിക്കുന്ന 15 ശതമാനത്തില്‍ ഏഴര ശതമാനമായ 826 കോടി കേന്ദ്രസര്‍ക്കാര്‍ നല്‍കും. ഇക്കാര്യത്തില്‍ താത്പര്യമുണ്ടെന്ന് കേന്ദ്ര നഗരവികസനകാര്യമന്ത്രി വെങ്കയ്യ നായിഡു തന്നോട് പറഞ്ഞിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറിന് ഏഴര ശതമാനത്തിന് പുറമെ ഭൂമിയേറ്റെടുക്കല്‍ ചെലവ് ഉള്‍പ്പെടെ 1168 കോടി ചെലവുവരും. ഇത് അഞ്ചുവര്‍ഷമായി ബജറ്റില്‍ വകയിരുത്തുമ്പോള്‍ 234 കോടി രൂപമാത്രമേ വരൂ.
പദ്ധതിനടത്തിപ്പിന് റെയില്‍വേയും കെ.എസ്.ഇ.ബിയും 12.5 ശതമാനവും കേരള പൊതുമരാമത്തുവകുപ്പ് ഒമ്പത് ശതമാനവും ഫീസായി ഈടാക്കുമ്പോള്‍ ഡി.എം.ആര്‍.സി ആറ് ശതമാനംമാത്രമേ നിര്‍ദേശിച്ചിട്ടുള്ളൂ. ഇ.ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























