ഷാഡോ പൊലീസ് ചമഞ്ഞ് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു

ബംഗാള്‍ സ്വദേശിയായ യുവാവില്‍ നിന്ന് ഷാഡോ പൊലീസ് ചമഞ്ഞ് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാള്‍ മുര്‍ഷിദാബാദ് ജലങ്കി ചൊപാറ സ്വദേശി സാമിം കബീര്‍ (38), പെരുമ്പാവൂര്‍ പട്ടാല്‍ ഇടത്തോട്ടില്‍ കാര്‍ത്തിക് (24), വാഴക്കുളം എവിടി ഭാഗത്ത് പുന്നേക്കാട് ദിലീപ് കുമാര്‍ (34) എന്നിവരാണ് പിടിയിലായത്. ഒരാള്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
പെരുമ്പാവൂരിലെ സ്‌പൈസസ് കമ്പനിയില്‍ ജോലി നോക്കിയിരുന്ന സാമിം കബീറും ദിലീപ് കുമാറും സുഹൃത്തുക്കളായിരുന്നു. സാമിം കബീറിന്റെ ബാങ്ക് അക്കൗണ്ട് വഴിയാണ് ഇയാളുടെ സുഹൃത്തുക്കളായ 30 പേര്‍ നാട്ടിലേക്കു പണം അയച്ചിരുന്നത്. ഇതിനായി ആയിരം രൂപയ്ക്ക് 25 രൂപ നിരക്കില്‍ ഇയാള്‍ അവരോട് കമ്മിഷനും വാങ്ങിയിരുന്നു. ജൂലൈ 27ന് നാട്ടിലേക്ക് പണമയയ്ക്കുന്ന വിവരം സാമിം കബീറും ദിലീപ് കുമാറും പങ്കുവച്ചതോടെയാണ് തട്ടിപ്പിനു കളമൊരുങ്ങിയത്.
താനും സുഹൃത്തായ നവാസുമാണ് പണവുമായി ഇടപ്പള്ളിയിലെ ബാങ്കില്‍ പോകുന്നതെന്നും എന്‍എഡി റോഡിലെ വിജനമായ സ്ഥലത്തു കാത്തു നിന്നാല്‍ പണം തട്ടിയെടുക്കാമെന്നും സാമിം ദിലീപിനോടു പറഞ്ഞു. നവാസിനെ വിശ്വാസത്തിലെടുക്കാന്‍ 30,000 രൂപ തനിക്കും നാട്ടിലേക്ക് അയ്ക്കാനെന്ന വ്യാജേന ബാഗില്‍ ഇട്ടു. എന്നാല്‍, പണമാണെന്നു പറഞ്ഞ് ഇയാള്‍ ബാഗിലിട്ടത് നോട്ട്ബുക്ക് കറന്‍സി നോട്ടിന്റെ വലിപ്പത്തില്‍ മുറിച്ചുവച്ച കെട്ടായിരുന്നു.
പദ്ധതിയിട്ട പ്രകാരം കാര്‍ത്തിക്കും രാജീവ് എന്നയാളും എന്‍എഡി റോഡില്‍ കാത്തു നിന്നു. നവാസും സാമിം കബീറും ബൈക്കുമായെത്തിയപ്പോള്‍ തടഞ്ഞുനിര്‍ത്തി തങ്ങള്‍ ഷാഡോ പൊലീസുകാരാണെന്നും ബൈക്കില്‍ കഞ്ചാവ് ഉണ്ടെന്നും അതു കണ്ടെടുക്കാനായി വന്നതാണെന്നും പറഞ്ഞ് ബൈക്കിന്റെ ടൂള്‍ ബോക്‌സ് തുറന്ന് അതില്‍ സാമിംകബീര്‍ സൂക്ഷിച്ചിരുന്ന കവര്‍ എടുത്തു.
പൊതിയില്‍ കഞ്ചാവുണ്ടെന്നും പൊലീസിനെ വിളിക്കുമെന്നും ആജീവനാന്തം ജയിലിലിടുമെന്നും നവാസിനെ ഭീഷണിപ്പെടുത്തി. സാമിമിന്റെ കയ്യിലിരുന്ന ബാഗ് ഇവര്‍ തട്ടിപ്പറിച്ചെടുത്ത് പരിശോധിച്ചു. പണം കണ്ടപ്പോള്‍ ഈ തുക നല്‍കിയാല്‍ കേസില്‍ നിന്ന് ഒഴിവാക്കാമെന്നു പറഞ്ഞു. തുടര്‍ന്ന് സാമിം കബീറും നവാസും പണം ഇവര്‍ക്കു കൈമാറി.
സാമിം കബീറിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നവാസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. പൊലിസില്‍ പരാതിപ്പെടാമെന്ന് പലവട്ടം ആവശ്യപ്പെട്ടെങ്കിലും സാമിം പിന്തിരിപ്പിക്കുകയായിരുന്നു. പണം തട്ടിയെടുക്കാന്‍ കാര്‍ത്തിക്കിനൊപ്പമെത്തിയ രാജീവിനെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇയാള്‍ ഒളിവിലാണ്. ഇയാള്‍ ഗുണ്ടാ സംഘത്തിലെ അംഗമാണെന്നും പൊലീസ് അറിയിച്ചു. കളമശേരി സിഐ സി.ജെ. മാര്‍ട്ടിന്‍, എസ്‌ഐ വി. ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























