കലാലയങ്ങള്‍ക്ക് മേല്‍ കാക്കി… കാമ്പസുകളെ മെരുക്കാന്‍ പോലീസിനെ ഇറക്കാന്‍ നീക്കം; ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി മാതൃകയില്‍ പോലീസ് രൂപീകരിക്കും

സര്‍ക്കാരുകള്‍ ആരുടേയെങ്കിലും മുന്നില്‍ മുട്ടു മടക്കിയിട്ടുണ്ടെങ്കില്‍ അത് വിദ്യാര്‍ത്ഥികളുടെ മുമ്പിലാണ്. വിദ്യാര്‍ത്ഥി സമരങ്ങള്‍ ഏറെ ഫലപ്രദമായി നടന്നതും കേരളത്തില്‍ തന്നെ. കാമ്പസുകളില്‍ പലതവണ പോലീസ് കയറിയെങ്കിലും അതിനെ എതിര്‍ത്തവരാണ് അധികവും. ഇന്നത്തെ ഡിജിപിയായ സെന്‍കുമാര്‍ പോലും എംജി കോളേജിലെ പോലീസ് ഇടപെടലില്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു.
ഇന്നത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ പോലും പോലീസ് കാമ്പസില്‍ കയറരുത് എന്ന അഭിപ്രായമുള്ളവരാണ്. സര്‍വകലാശാലകളിലും കോളേജുകളിലും വൈസ് ചാന്‍സലറും പ്രിന്‍സിപ്പളുമാണ് പ്രധാനം. എന്ത് പരാതി കിട്ടിയാലും അദ്യം എത്തുക അവര്‍ക്കുമുമ്പില്‍. അവരാണ് പോലീസിനെ വിളിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. എന്നാല്‍ ഇതിന് മാറ്റം വരികയാണ്.
കാമ്പസുകളില്‍ പോലീസ് സാന്നിദ്ധ്യം ഉറപ്പാക്കാന്‍ യൂണിവേഴ്‌സിറ്റി പൊലീസ് എന്ന പേരില്‍ സേന രൂപീകരിക്കുന്നത് ആഭ്യന്തരവകുപ്പ് പരിഗണിക്കുന്നു. ഹോംഗാര്‍ഡിന് സമാനമാണിത്. വിരമിച്ച പൊലീസ് ഇന്‍സ്‌പെക്ടര്‍മാരെ കാമ്പസുകളില്‍ നിയോഗിക്കും. ഹോസ്റ്റലുകളുടെ ചുമതലയും ഇവര്‍ക്ക് നല്‍കിയേക്കും. ഇതിലൂടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ചെറു ചലനങ്ങള്‍ പോലും പൊലീസിന് നിരീക്ഷിക്കാന്‍ കഴിയും. എല്ലാ വിധ പ്രശ്‌നങ്ങളേയും നിയമത്തിന്റെ കണ്ണിലൂടെ കാണാന്‍ കഴിയും. വിദ്യാര്‍ത്ഥി സമൂഹത്തെ നിയന്ത്രണങ്ങളില്‍ തളച്ച് സംഘര്‍ഷ രഹിത ക്യാമ്പസെന്ന ആശയമാണ് പൊലീസ് നടപ്പാക്കാന്‍ തയ്യാറെടുക്കുന്നത്.
ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി പൊലീസിന്റെ മാതൃകയില്‍ യൂണിവേഴ്‌സിറ്റി പൊലീസ് രൂപീകരിക്കാന്‍ സാങ്കേതിക സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ കുഞ്ചെറിയാ പി. ഐസക്കാണ് ആഭ്യന്തരവകുപ്പിന് ശുപാര്‍ശ നല്‍കിയത്. ഇന്ന് സെക്രട്ടേറിയറ്റ് ഡര്‍ബാര്‍ഹാളില്‍ ചേരുന്ന ഉന്നതതല യോഗം ഈ നിര്‍ദ്ദേശം പരിഗണിക്കും. വിദ്യാര്‍ത്ഥികളോട് സൗഹൃദത്തോടെ പെരുമാറാന്‍ പ്രത്യേക പരിശീലനം നല്‍കി സര്‍വകലാശാലയില്‍ മൂന്നു പേരെ വീതം നിയോഗിക്കണമെന്നാണ് ശുപാര്‍ശ. സര്‍ക്കാര്‍ കോളേജുകളില്‍ ഒരാളെങ്കിലും വേണം. പൊലീസിന് വിവരങ്ങള്‍ അറിയാനും അനിഷ്ട സംഭവങ്ങള്‍ തടയാനും ഇത് സഹായിക്കുമെന്നാണ് ശുപാര്‍ശ.
പിന്‍സിപ്പല്‍മാരുടെ മുന്‍കൂര്‍ അനുമതിയോടെയേ പൊലീസിന് കാമ്പസില്‍ പ്രവേശിക്കാനാവൂ എന്ന സര്‍ക്കാര്‍ ഉത്തരവ് ഭേദഗതി ചെയ്യുന്നതും ആഭ്യന്തരവകുപ്പ് പരിഗണിക്കുന്നുണ്ട്. ഇതിനു മുന്‍പ് വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗം വിളിക്കും. അതിനിടെ, കോളേജ് ഹോസ്റ്റലുകളില്‍ ആയുധശേഖരമുണ്ടെന്നും പൊലീസ് റെയ്ഡ് നടത്തണമെന്നും ആവശ്യപ്പെട്ട് ഒരു ഡസനിലേറെ കോളേജുകള്‍ ആഭ്യന്തരവകുപ്പിനെ സമീപിച്ചു. ആഘോഷങ്ങള്‍ക്ക് പണപ്പിരിവ് വേണ്ട, ചെലവ് കോളേജ് വഹിക്കണമെന്ന നിര്‍ദ്ദേശവുമുണ്ട്. കുട്ടികളുടെ കലാപരിപാടികള്‍ മാത്രം, കാമ്പസുകളില്‍ വാഹനങ്ങള്‍ക്ക് വിലക്ക്, കോഴ്‌സ് കഴിഞ്ഞവരെ ഹോസ്റ്റലില്‍ തുടരാനനുവദിക്കില്ല, നിശ്ചിത സെമസ്റ്ററുകള്‍ വിജയിക്കാത്തവര്‍ ഹോസ്റ്റലിന് പുറത്ത്, പുറമേ നിന്നുള്ള രാഷ്ട്രീയ ഇടപെടലുകള്‍ക്ക് നിയന്ത്രണം ഇങ്ങനെ പോകുന്ന നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ആശയങ്ങള്‍.
ഈ സാമൂഹിക പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം ക്യാമ്പസുകളില്‍ പൊലീസിന്റെ നിത്യസാന്നിധ്യം മാത്രമാണെന്നാണ് ആഭ്യന്തര വകുപ്പിന്റെ നിലപാട്. എന്നാല്‍ വിദ്യാര്‍ത്ഥികളുമായി ഒന്നും ചര്‍ച്ച ചെയ്യുകയുമില്ല. ക്യാമ്പസുകളിലെ സ്വാതന്ത്ര്യമാണ് ഇവിടെ നഷ്ടമാകുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























