പുതിയ സർവകലാശാല ആണെങ്കിലും, സ്ഥാനമോഹികളായ എർത്തുകൾക്ക് അവസരമില്ലെന്ന് സൂചിപ്പിക്കാനും കഴിവ് മാത്രമാണ് മാനദണ്ഡമെന്ന് സൂചിപ്പിക്കാനുമാണ് ദിവാൻ ഈ പ്രഖ്യാപനം നടത്തിയതെന്ന് കരുതുന്നവരുമുണ്ട്; മന്ത്രി ബിന്ദു അറിയണം ഈ നാടിന്റെ വിദ്യാഭ്യാസ പാരമ്പര്യം എന്താണെന്ന്; മഹാരാജാവും ഐൻസ്റ്റൈനും ആയി നടത്തിയ കത്തിടപാടുകൾ കണ്ടെത്താൻ ചരിത്രകാരന്മാർക്ക് സാധിച്ചിട്ടില്ലെന്ന് ശ്രീജിത്ത് പണിക്കർ

പുതിയ സർവകലാശാല ആണെങ്കിലും, സ്ഥാനമോഹികളായ എർത്തുകൾക്ക് അവസരമില്ലെന്ന് സൂചിപ്പിക്കാനും കഴിവ് മാത്രമാണ് മാനദണ്ഡമെന്ന് സൂചിപ്പിക്കാനുമാണ് ദിവാൻ ഈ പ്രഖ്യാപനം നടത്തിയതെന്ന് കരുതുന്നവരുമുണ്ട്. മന്ത്രി ബിന്ദു അറിയണം ഈ നാടിന്റെ വിദ്യാഭ്യാസ പാരമ്പര്യം എന്താണെന്ന്.
മന്ത്രി ആർ ബിന്ദു അറിയാൻ വേണ്ടി ചില കാര്യങ്ങൾ എഴുതിയിരിക്കുകയാണ് ശ്രീജിത്ത് പണിക്കർ.അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ; മന്ത്രി ആർ ബിന്ദു വായിക്കണം. വർഷം 1937. തിരുവിതാംകൂർ. ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് തിരുവനന്തപുരത്ത് തിരുവിതാംകൂർ സർവകലാശാല സ്ഥാപിക്കുന്നു. ചട്ടപ്രകാരം മഹാരാജാവ് ചാൻസലറും ദിവാൻ വൈസ് ചാൻസലറും ജൂനിയർ മഹാറാണി പ്രോ ചാൻസലറുമാണ്.
വൈസ് ചാൻസലർ സ്ഥാനം ഏറ്റെടുക്കാൻ ദിവാൻ സി പി രാമസ്വാമി അയ്യരുടെ ശുപാർശയിൽ മഹാരാജാവ് ക്ഷണിക്കുന്നത് വിഖ്യാത ശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻസ്റ്റൈനെ. 6000 രൂപ ശമ്പളം. അന്ന് ദിവാന്റെ ശമ്പളം 4000.
എന്നാൽ 1933 മുതൽ ന്യൂജേഴ്സിയിലെ പ്രിൻസ്റ്റൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിയിൽ റിസർച്ച് സ്കോളർ ആയി പ്രവർത്തിച്ചുവന്ന ഐൻസ്റ്റൈന് ആ ക്ഷണം സ്വീകരിക്കാൻ കഴിയുമായിരുന്നില്ല. ജർമ്മനിയിൽ അഡോൾഫ് ഹിറ്റ്ലർ ഭരണകൂടത്തിൽനിന്ന് നേരിടുന്ന ഭീഷണി മൂലം അമേരിക്കയിലേക്ക് അദ്ദേഹം കുടിയേറിയിട്ട് അധികകാലം ആയിരുന്നില്ല.
തുടർന്ന് അദ്ദേഹം അമേരിക്കൻ പൗരത്വം സ്വീകരിക്കുകയും ചെയ്തു. ശാസ്ത്രജ്ഞരായ സി വി രാമൻ, ജൂലിയൻ ഹക്സ്ലി, മേഘനാഥ് സാഹ, പിൽക്കാലത്ത് രാഷ്ട്രപതിയായ എസ് രാധാകൃഷ്ണൻ തുടങ്ങിയവരെയാണ് പ്രോ വൈസ് ചാൻസലർ ആയി പരിഗണിച്ചിരുന്നത്. ആ തിരുവിതാംകൂർ സർവകലാശാലയാണ് ഇന്നത്തെ കേരള സർവകലാശാല.
60 കഴിഞ്ഞ വൈസ് ചാൻസലർമാർക്ക് കാലാവധി നീട്ടിക്കൊടുക്കുന്ന ഇക്കാലത്ത് പഴയ ആൾക്കാരുടെ പ്രായം കൂടി നോക്കാം. ഐൻസ്റ്റൈന് അന്ന് 58. ഹക്സ്ലിക്ക് 50. രാമനും രാധാകൃഷ്ണനും 49. സാഹയ്ക്ക് 44. ആദ്യ വൈസ് ചാൻസലർ ആയ ദിവാന് 58. ആദ്യ പ്രോ ചാൻസലർ ആയ ജൂനിയർ മഹാറാണി സേതു പാർവതി ബായിക്ക് 41. ആദ്യ പ്രോ വൈസ് ചാൻസലർ ആയ സർ ഹരോൾഡ് പാപ്‌വർത്തിന് 49. ആദ്യ ചാൻസലർ ആയ മഹാരാജാവിന് വെറും 25.
കണ്ണൂർ സർവകലാശാല പ്രോ വൈസ് ചാൻസലർ ബിന്ദുവും ചാൻസലർ ഗവർണറുമായുള്ള കത്തിടപാടുകൾ പുറത്തുവന്ന സ്ഥിതിക്ക് ഒന്നുകൂടി പറയാം. മഹാരാജാവും ഐൻസ്റ്റൈനും ആയി നടത്തിയ കത്തിടപാടുകൾ കണ്ടെത്താൻ ചരിത്രകാരന്മാർക്ക് സാധിച്ചിട്ടില്ല. എന്നാൽ ശ്രീചിത്ര കൗൺസിലിൽ ഇതു സംബന്ധിച്ച് ദിവാന്റെ പ്രഖ്യാപനത്തിന്റെ രേഖയുണ്ടെന്ന് ചരിത്രകാരൻ എ ശ്രീധരമേനോൻ എഴുതിയിട്ടുണ്ട്.
പുതിയ സർവകലാശാല ആണെങ്കിലും, സ്ഥാനമോഹികളായ എർത്തുകൾക്ക് അവസരമില്ലെന്ന് സൂചിപ്പിക്കാനും കഴിവ് മാത്രമാണ് മാനദണ്ഡമെന്ന് സൂചിപ്പിക്കാനുമാണ് ദിവാൻ ഈ പ്രഖ്യാപനം നടത്തിയതെന്ന് കരുതുന്നവരുമുണ്ട്. മന്ത്രി ബിന്ദു അറിയണം ഈ നാടിന്റെ വിദ്യാഭ്യാസ പാരമ്പര്യം എന്താണെന്ന്. പണിക്കർ.
https://www.facebook.com/Malayalivartha


























