എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ കത്തിമുനയില്‍ തൂക്കിപ്പിടിച്ചു മോഷണം

എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തില്‍ കത്തിവച്ച നിലയില്‍ തൂക്കിപ്പിടിച്ചു വീട്ടുകാരെ ഭീഷണിപ്പെടുത്തി മുഖംമൂടി സംഘം കവര്‍ച്ച നടത്തി. അരമണിക്കൂറോളം കുഞ്ഞിനെ തൂക്കിപ്പിടിച്ചു കൊണ്ടു ഭീതി പരത്തിയ നാലംഗ സംഘം ബഹളമുണ്ടാക്കാന്‍ ശ്രമിച്ച അമ്മയെ മുടിക്കു കുത്തിപ്പിടിച്ചു തലങ്ങും വിലങ്ങും മര്‍ദിച്ചു. നിലവിളി കേട്ട് ഓടിയെത്തിയ അമ്മൂമ്മയെ നിലത്തിട്ടു മര്‍ദിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തു. ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം അലമാരയിലിരുന്ന 1000 രൂപയും അരപ്പവന്‍ സ്വര്‍ണവുമായി മോഷ്ടാക്കള്‍ രക്ഷപ്പെട്ടു. പരിസരത്തെ ഇരുപതോളം വീടുകളിലും അന്ന് മോഷണശ്രമം നടന്നു.
തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ് കോഴിക്കുന്ന് വലച്ചിറക്കാരന്‍ ചാക്കുണ്ണിയുടെ ഭാര്യ ത്രേസ്യയുടെ (85) വീട്ടിലാണു നാടിനെ ഞെട്ടിച്ച ഈ സംഭവം. തിങ്കളാഴ്ച പുലര്‍ച്ചെ 1.15നു വീടിന്റെ മുന്‍വാതില്‍ തകര്‍ത്തു അകത്തു കടന്ന മുഖംമൂടി സംഘം അമ്മ ജിന്‍സിയോടൊപ്പം (24) ഉറങ്ങിക്കിടന്ന എട്ടു മാസം പ്രായമുള്ള നിവിനെന്ന കുഞ്ഞിനെ കൈകളില്‍ തൂക്കിയെടുത്തശേഷം മുഖത്തേക്കു ടോര്‍ച്ചു തെളിച്ച് അമ്മ ജിന്‍സിയെ കാണിക്കുകയായിരുന്നു.
ബഹളം കേട്ട് അടുത്ത മുറിയില്‍നിന്നോടിവന്ന ജിന്‍സിയുടെ സഹോദരന്‍ ജോജുവിനെയും ക്രൂരമായി തല്ലിച്ചതച്ചു. ഈ നേരമത്രയും കുഞ്ഞിനെ കൈകളില്‍ തൂക്കിയിട്ടിരിക്കുകയായിരുന്നു ഒരു മോഷ്ടാവ്. അലമാരയുടെ അടുത്തേക്കു ജിന്‍സിയെ വലിച്ചിഴച്ചു കൊണ്ടുപോകുന്നതിനിടെ കയ്യില്‍ കിടന്ന അരപ്പവന്റെ സ്വര്‍ണവള ഊരിയെടുത്തു. അലമാരയിലിരുന്ന ബാഗും 1000 രൂപയും കവര്‍ന്നു. മടങ്ങുംവഴി കുഞ്ഞിന്റെ കഴുത്തില്‍ കിടന്ന മാലയും സ്വര്‍ണമാണെന്നു തെറ്റിദ്ധരിച്ചു പൊട്ടിച്ചെടുത്തു. മോഷ്ടാക്കളില്‍ മുഖംമൂടി ധരിക്കാത്ത ഒരാളെ ജിന്‍സി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുടെ രേഖാചിത്രം തയാറാക്കാനുള്ള ശ്രമങ്ങള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























