ബിഗ് സല്യൂട്ട് ക്യാപ്റ്റന്‍... യുദ്ധവിമാനം സാങ്കേതിക തകരാര്‍ മൂലം നിയന്ത്രണം വിട്ട് കുതിച്ചപ്പോള്‍ അന്ധാളിച്ചില്ല; പാരഷൂട്ടില്‍ സുരക്ഷിതമായി ഇറങ്ങാതെ പരിശ്രമിച്ചു; സെക്കന്റുകള്‍ക്കിടയില്‍ നടത്തിയ പലതരം സാങ്കേതിക പ്രവര്‍ത്തനങ്ങളിലൂടെ വിമാനത്തിന്റെ നിയന്ത്രണം വീണ്ടെടുത്തു

സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും ഭാര്യയും ഉള്‍പ്പെടെ 13 പേര്‍ മരിച്ച കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ നിന്നു രക്ഷപ്പെട്ട ഏക സൈനികനായിരുന്നു ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്. 80 ശതമാനത്തിലേറെ പൊള്ളലേറ്റു ചികിത്സയിലായിരുന്ന വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് (39), എട്ട് ദിവസത്തെ പോരാട്ടത്തിനൊടുവില്‍ ഇന്നലെ ഉച്ചയോടെയാണ് മരണത്തിനു കീഴടങ്ങിയത്.
ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് യാത്രയാകുമ്പോള്‍ അദ്ദേഹത്തിന്റെ വീരോചിതമായ ഇടപെടലുകളും ചര്‍ച്ചയാകുന്നു. ആകാശത്ത് നിയന്ത്രണം വിട്ട് പാഞ്ഞ തേജസ് യുദ്ധവിമാനത്തെ ചങ്കൂറ്റത്തിന്റെ ബലത്തില്‍ സുരക്ഷിതമായി നിലത്തിറക്കിയ പൈലറ്റാണ് ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്. അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ രാജ്യത്തിനു നഷ്ടമാകുന്നത് വ്യോമസേനയിലെ ഏറ്റവും മികച്ച യുദ്ധവിമാന പൈലറ്റുമാരില്‍ ഒരാളെയാണ്.
2020 ഒക്ടോബര്‍ 12നാണ് വരുണ്‍ പറത്തിയ യുദ്ധവിമാനം സാങ്കേതിക തകരാര്‍ മൂലം നിയന്ത്രണം വിട്ട് കുതിച്ചത്. ഈ ഘട്ടത്തില്‍, വിമാനം ഉപേക്ഷിച്ച് പാരഷൂട്ടില്‍ സുരക്ഷിതമായി ഇറങ്ങാനാണ് സാധാരണ നിലയില്‍ പൈലറ്റുമാര്‍ ശ്രമിക്കാറുള്ളത്. എന്നാല്‍, വിമാനം ഉപേക്ഷിക്കാന്‍ വരുണ്‍ തയാറായിരുന്നില്ല. സെക്കന്റുകള്‍ക്കിടയില്‍ നടത്തിയ പലതരം സാങ്കേതിക പ്രവര്‍ത്തനങ്ങളിലൂടെ അദ്ദേഹം നിയന്ത്രണം വീണ്ടെടുത്തു. പിന്നാലെ സുരക്ഷിതമായി നിലത്തിറക്കി. ആ ധീരപ്രവൃത്തിക്കുള്ള അംഗീകാരമായി രാജ്യം നല്‍കിയ ശൗര്യചക്ര പുരസ്‌കാരം കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ അദ്ദേഹം രാഷ്ട്രപതി റാം നാഥ് കോവിന്ദില്‍ നിന്ന് ഏറ്റുവാങ്ങി.
മധ്യപ്രദേശിലെ ഭോപാല്‍ സ്വദേശിയായ വരുണിന്റെ വീട് നിറയെ സേനാംഗങ്ങളായിരുന്നു. അച്ഛന്‍ കേണല്‍ കെ.പി.സിങ്ങും അമ്മാവന്‍ കേണല്‍ ആര്‍.പി. സിങ്ങും മുന്‍ കരസേനാംഗങ്ങള്‍, സഹോദരന്‍ കമാന്‍ഡര്‍ തനുജ് സിങ് നാവികസേനാംഗം.
2003 ല്‍ നാഷനല്‍ ഡിഫന്‍സ് അക്കാദമിയില്‍ (എന്‍ഡിഎ) നിന്നു പാസായ വരുണ്‍, കുടുംബത്തില്‍ നിന്നുള്ള ആദ്യ വ്യോമസേനാംഗമായി. 2004 ല്‍ യുദ്ധവിമാന പൈലറ്റായി വ്യോമസേനയില്‍ ചേര്‍ന്നു. തേജസ്സ്, ജാഗ്വര്‍ വിമാനങ്ങളുടെ പരീക്ഷണ പൈലറ്റായിരുന്നു അദ്ദേഹം. സേനയിലെ ഏറ്റവും മികച്ച പൈലറ്റുമാരെയാണു യുദ്ധവിമാനങ്ങളുടെ പ്രവര്‍ത്തനം സൂക്ഷ്മമായി പരിശോധിക്കുന്നതിനുള്ള പരീക്ഷണ പൈലറ്റുമാരായി നിയോഗിക്കുന്നത്.
2019ല്‍ ഐഎസ്ആര്‍ഒ പ്രഖ്യാപിച്ച ഗഗന്‍യാന്‍ പദ്ധതിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ആരോഗ്യകാരണങ്ങളാല്‍ പിന്നീട് ഒഴിവാക്കി. ഹരിയാനയില്‍ പഠിച്ച ചാന്ദിമന്ദിര്‍ ആര്‍മി പബ്ലിക് സ്‌കൂളിലെ കുട്ടികള്‍ക്കായി അദ്ദേഹം എഴുതിയ കത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശരാശരി വിദ്യാര്‍ഥിയില്‍ നിന്ന് മികച്ച യുദ്ധവിമാന പൈലറ്റായി മാറിയ കഥ പങ്കുവയ്ക്കുന്ന കത്ത് ശൗര്യചക്ര നേടിയ വേളയിലാണ് എഴുതിയത്.
അതേസമയം ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിന്റെ മരണവിവരം അറിയിക്കുന്നതിനിടെ വികാരാധീനനായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഡെറാഡൂണില്‍ മുന്‍ സേനാംഗങ്ങള്‍ക്കായി ബിജെപി നടത്തിയ പരിപാടിയില്‍ പ്രസംഗിക്കവേയാണു മരണവിവരം രാജ്‌നാഥ് അറിഞ്ഞത്. അല്‍പനേരം മൗനം പാലിച്ച രാജ്‌നാഥ് പിന്നാലെ വിവരം സദസ്സിനെ അറിയിച്ചു. എല്ലാവരോടും എഴുന്നേറ്റ് നിന്ന് ഒരു നിമിഷം പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സംസാരിക്കാനാവില്ലെന്നു പറഞ്ഞ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചു.
വരുണ്‍ സിങിന്റെ മൃതദേഹം ഇന്ന് യെലഹങ്ക വ്യോമതാവളത്തില്‍ പൊതുദര്‍ശനത്തിനു ശേഷം ഭോപാലിലേക്ക് പ്രത്യേക വിമാനത്തില്‍ കൊണ്ടു പോകും. നാളെയാകും സംസ്‌കാരമെന്നാണ് വ്യോമസേനാ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. അപകടമുണ്ടായ ഉടന്‍ സമീപവാസികള്‍ അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തിയതിനെ തുടര്‍ന്നാണ് സിങ്ങിനെ ആശുപത്രിയിലേക്കു മാറ്റാനായത്.
https://www.facebook.com/Malayalivartha


























