കടയ്ക്കാവൂരില്‍ മരണപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ എസ് ബാലുവിന്റെ കുടുംബത്തിന് അടിയന്തിര ധനസഹായം; പൊലീസ് വെല്‍ഫെയര്‍ ബ്യുറോയില്‍ നിന്നും രണ്ട് ലക്ഷം രൂപ അനുവദിച്ചു

കടയ്ക്കാവൂരില്‍ കൃത്യനിര്‍വ്വഹണത്തിനിടെ വള്ളം മുങ്ങി മരണപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ എസ് ബാലുവിന്റെ കുടുംബത്തിന് അടിയന്തിര ധനസഹായം. പൊലീസ് വെല്‍ഫെയര്‍ ബ്യുറോയില്‍ നിന്നും രണ്ട് ലക്ഷം രൂപ അനുവദിച്ചു.
പോത്തന്‍കോട് സുധീഷ് വധക്കേസ് പ്രതി ഒട്ടകം രാജേഷിനെ തിരഞ്ഞുപോയ വള്ളം മുങ്ങിയായിരുന്നു ആലപ്പുഴ പുന്നപ്ര സ്വദേശി ബാലുവിന്റെ മരണം.ഒട്ടകം രാജേഷ് അഞ്ചുതെങ്ങ് മേഖലയിലെ തുരുത്തില്‍ ഒളിവില്‍ കഴിയുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു സംഘം വള്ളത്തില്‍ തുരുത്തിലേക്ക് പോയത്. ഇതിനിടെ കായലില്‍ വള്ളം മുങ്ങിപ്പോവുകയായിരുന്നു.
വര്‍ക്കല ഇടവ പണയില്‍വച്ചായിരുന്നു സംഭവം. അപകടസമയത്ത് വര്‍ക്കല സിഐയും ബാലുവും മറ്റൊരു പൊലീസുകാരനുമാണ് വള്ളത്തിലുണ്ടായിരുന്നത്. അതില്‍ സിഐയും വള്ളത്തിലുണ്ടായിരുന്ന മറ്റൊരു പൊലീസുകാരനും നീന്തി രക്ഷപ്പെട്ടു.തുടര്‍ന്ന് നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും നടത്തിയ തെരച്ചിലില്‍ ബാലുവിനെ അവശനിലയില്‍ കണ്ടെത്തി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എസ്‌എപി ക്യാമ്ബില്‍ നിന്നും വര്‍ക്കല ശിവഗിരി ഡ്യൂട്ടിയിലായിരുന്നു ബാലുവിനെ ആദ്യം ചുമതലപ്പെടുത്തിയിരുന്നത്. പിന്നീട് തെരച്ചില്‍ സംഘത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
കൃത്യനിര്‍വഹണത്തിനിടയില്‍ ജീവന്‍ നഷ്ടമായ ബാലുവിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ബാലുവിന്റെ വിയോഗത്തില്‍ അതീവ ദുഃഖമുണ്ടെന്നും ബാലുവിന്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തില്‍ പങ്കു ചേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു. ആലപ്പുഴ പുന്നപ്ര സ്വദേശിയായ ബാലു ഇക്കഴിഞ്ഞ സെപ്റ്റംബറിലാണു പരിശീലനം പൂര്‍ത്തിയാക്കി സേനയുടെ ഭാഗമായത്.
https://www.facebook.com/Malayalivartha

























