കൊലപാതകങ്ങളിലെ തീവ്രവാദ ബന്ധം അന്വേഷിക്കാൻ ദേശീയ അന്വേഷണ ഏജന്‍സി ഒരുങ്ങുന്നു; എന്‍. ഐ.എ സംസ്ഥാന പൊലീസില്‍ നിന്നും കേസിനെ സംബന്ധിച്ച വിവരങ്ങൾ തേടിയേക്കുമെന്ന് റിപ്പോര്‍ട്ട്; രണ്‍ജിത് ശ്രീനിവാസിന്റെ കൊലപാതകം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി രംഗത്ത്

ആലപ്പുഴയില്‍ എസ്.ഡി.പി.ഐ, ബി.ജെ.പി നേതാക്കളുടെ കൊലപാതകങ്ങള്‍ സംബന്ധിച്ച് എന്‍. ഐ.എ സംസ്ഥാന പൊലീസില്‍ നിന്ന് വിവരം തേടിയേക്കുമെന്ന് റിപ്പോര്‍ട്ട്. കൊലപാതകങ്ങളിലെ തീവ്രവാദ ബന്ധം സംബന്ധിച്ചാണ് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുന്നത്. രണ്ടു സംഭവങ്ങളിലുമായി അന്‍പതോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വാടകയ്ക്കെടുത്ത കാറിലാണ് അക്രമികള്‍ എത്തിയതെന്നും വിവരം ലഭിച്ചു. കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഷാനിന്റെ കൊലപാതകത്തില്‍ കൊലയാളി സംഘത്തിലെ രണ്ടുപേര്‍ പിടിയിലായിരുന്നു, ഇനി എട്ടുപേരെയാണ് കേസില്‍ പിടികൂടാനുള്ളത്.
നേരത്തെ രണ്‍ജിത് ശ്രീനിവാസിന്റെ കൊലപാതകത്തില്‍ തീവ്രവാദ ബന്ധമുണ്ടെന്ന് ബി.ജെ.പി നേതാക്കള്‍ ആരോപിച്ചിരുന്നു. സംഭവം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നു നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക തീരുമാനമായിട്ടില്ലെന്നും ഇപ്പോള്‍ കേസ് സംസ്ഥാന പൊലീസ് അന്വേഷിക്കുകയാണെന്നും എന്‍,ഐ.എ അധികൃതര്‍ പറഞ്ഞു. പൊലീസ് അന്വേഷണത്തിലൂടെ വെളിവാകുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കിയാവും എന്‍ഐഎ ഇടപെടലെന്നും അധികൃതര്‍ സൂചിപ്പിച്ചു.
രണ്‍ജീതിന്റെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആലപ്പുഴയില്‍ എത്തിയിരുന്നു. തീവ്രവാദ ബന്ധമെന്ന ആരോപണവും മറ്റും അദ്ദേഹവും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. അതേസമയം, പ്രതികള്‍ക്കെതിരെ സംസ്ഥാന പൊലീസ് ഏതൊക്കെ വകുപ്പുകള്‍ ചുമത്തുന്നു എന്നത് ഇക്കാര്യത്തില്‍ പ്രസക്തമാണ്. യുഎപിഎ പോലുള്ള വകുപ്പുകള്‍ ചുമത്തുകയാണെങ്കില്‍ അത് എന്‍ഐഎ അന്വേഷണത്തിനും വഴിയൊരുക്കിയേക്കും.രണ്ടു കൊലപാതക കേസുകളിലും കൂടി അന്‍പതോളം ആളുകളാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. കെ.എസ്.ഷാനിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരുടെ അറസ്റ്റ് മാത്രമാണ് ഇതുവരെ രേഖപ്പെടുത്തിയത്. രണ്‍ജിതിന്റെ കൊലപാതകത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഫെബ്രുവരി 24ന് വയലാറില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ നന്ദു കൃഷ്ണ കൊല്ലപ്പെട്ടതുമായി ഇപ്പോഴത്തെ സംഭവങ്ങള്‍ക്കു ബന്ധമുണ്ടോ എന്നും സംസ്ഥാന പൊലീസ് അന്വേഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha























