പുട്ട് സൂപ്പര്‍! ഇഷ്ടായി.. ഉപരാഷ്ട്രപതിയും ഭാര്യയും കൊച്ചിയില്‍ നിന്ന് മടങ്ങിയത് രണ്ട് പുട്ടുകുറ്റിയും വാങ്ങി; ഉപരാഷ്ട്രപതിക്കായി അതിഥി മന്ദിരത്തില്‍ ഒരുക്കിയത് 21ഓളം വിഭവങ്ങള്‍

മലയാളികളുടെ പ്രിയപ്പെട്ട പ്രാതല്‍ ഭക്ഷണങ്ങളിലൊന്നാണ് പുട്ട്. നാല് ദിവസത്തെ കേരള-ലക്ഷദ്വീപ് സന്ദര്‍ശനത്തിനെത്തിയ ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡുവിനും ഭാര്യ ഉഷയ്ക്കും നമ്മുടെ പുട്ടിനെ നന്നേ ഇഷ്ടപ്പെട്ടു. ഇഷ്ടപ്പെട്ടെന്നു മാത്രമല്ല അദ്ദേഹം കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങിയത് ഒരു പുട്ടുകുറ്റിയുമായാണ്.
ജനുവരി 2,3 തീയതികളില്‍ കൊച്ചിയിലെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിലായിരുന്നു വെങ്കയ്യ നായിഡുവും ഭാര്യയും താമസിച്ചിരുന്നത്. ഉപരാഷ്ട്രപതിക്ക് മുന്നില്‍ പല വിഭവങ്ങളുമെത്തിയെങ്കിലും പുട്ടാണ് അദ്ദേഹത്തിന്റെ മനം കവര്‍ന്നത്.
തുടര്‍ന്ന് ഗസ്റ്റ് ഹൗസ് ജീവനക്കാരോട് ഉപരാഷ്ട്രപതിയുടെ ഭാര്യ ഉഷ പുട്ട് ഉണ്ടാക്കുന്ന രീതി ചോദിച്ച് മനസിലാക്കി. അതിനു പിന്നാലെ ചിരട്ട പുട്ട് കുറ്റി, സ്റ്റീല്‍ പുട്ട് കുറ്റി എന്നിവ ജീവനക്കാരേ കൊണ്ട് വാങ്ങിപ്പിച്ച് അതിന് ചെലവായ പണം കൂടി നല്‍കിയാണ് അദ്ദേഹം കേരളത്തില്‍ നിന്ന് യാത്ര തിരിച്ചത്.
21 വിഭവങ്ങള്‍ എറണാകുളം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ ഉപരാഷ്ട്രപതിക്കായി ഒരുക്കിയിരുന്നു. പുട്ടിനു പുറമേ കേരളീയ രീതിയില്‍ വറുത്ത തിരുതയും കരിമീന്‍ പൊള്ളിച്ചതും വാഴയിലയിലെ സദ്യയുമെല്ലാം ഇരുവരുടെയും മനം കവര്‍ന്നു. കായല്‍ മത്സ്യങ്ങളാണ് അദ്ദേഹം കൂടുതലും ആസ്വദിച്ചത്.
ടൂറിസം വകുപ്പിലെ പാചകക്കാര്‍ ഒരുക്കിയ വിഭവങ്ങള്‍ വളരെ നന്നായിരുന്നുവെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിനോട് ഉപരാഷ്ട്രപതി നേരിട്ട് അറിയിക്കുകയും ചെയ്തു. ഉപരാഷ്ട്രപതിയും സംഘവും ജീവനക്കാരോടൊപ്പം ഫോട്ടോ എടുത്ത ശേഷമാണ് അതിഥി മന്ദിരത്തില്‍ നിന്നും മടങ്ങിയത്.
കൊച്ചിയില്‍ എത്തുമ്പോള്‍ എല്ലാം അദ്ദേഹം നഗരത്തിലെ കാഴ്ചകള്‍ കാണാനും പ്രഭാത സവാരിക്കിറങ്ങാനും എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഇതിന് മുന്‍പ് കൊച്ചിയില്‍ എത്തിയപ്പോള്‍ അദ്ദേഹം സുഭാഷ് പാര്‍ക്കില്‍ പ്രഭാത സവാരിക്ക് ഇറങ്ങിയിരുന്നു. കായലിന്റയും കടലിന്റെയും മനോഹാരിത കൈകോര്‍ക്കുന്ന കൊച്ചിയുടെ പ്രഭാത കാഴ്ചകള്‍ ഏറെ സുന്ദരമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇക്കുറി തിരക്ക് മൂലം പതിവ് സന്ദര്‍ശനം ഉണ്ടായില്ല.
"
https://www.facebook.com/Malayalivartha



























