പെണ്‍കുട്ടിയെ വീഴ്ത്തി നടുറോഡില്‍ ബൈക്ക് അഭ്യാസം... നാട്ടുകാര്‍ കൈയ്യോടെ പൊക്കി

ബൈക്കഭ്യാസം നടത്തുന്നതിനിടെ നടുറോഡില്‍ പെണ്‍കുട്ടി വീണു. അവസാനം നാട്ടുകാര്‍ കയ്യേറ്റം ചെയ്ത യുവാവ് ലഹരിമരുന്നുമായി പിടിയില്‍. മുന്നൂറു ഗ്രാം ഹഷിഷ് ഓയിലുമായാണ് ചിയ്യാരം സ്വദേശി അമലും സുഹൃത്തും പിടിയിലായത്. കൊടകരയില്‍ ഹാഷിഷ് ഓയില്‍ വില്‍ക്കാന്‍ പോകുമ്‌ബോഴാണ് തൃശൂര്‍ കൊടകര ഇന്‍സ്‌പെക്ടര്‍ ജയേഷ് ബാലനും സംഘവും യുവാക്കളെ പിടികൂടിയത്.
ജനുവരിയിലായിരുന്നു തൃശൂര്‍ ചേതന ഇന്‍സ്റ്റിട്യൂട്ടിലെ ബിരുദ വിദ്യാര്‍ത്ഥിയായ അമല്‍ സഹപാഠിക്കൊപ്പം ബൈക്കിന്റെ മുന്‍വശം ഉയര്‍ത്തി നടുറോഡില്‍ അഭ്യാസ പ്രകടനം നടത്തവെ പിറകിലിരുന്ന പെണ്‍കുട്ടി താഴെ വീണത്. ഇതു കണ്ട് നാട്ടുകാര്‍ ഓടിക്കൂടി അമലിനെ ചോദ്യം ചെയ്തു. ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. നാട്ടുകാരും അമലും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും അമലിനെ കല്ലു കൊണ്ട് തലയ്ക്ക് ഇടിക്കുകയുമായിരുന്നു.
എന്നാല്‍, ബൈക്കില്‍ അഭ്യാസം നടത്തിയ സംഭവം ചോദ്യംചെയ്യാന്‍ വന്ന നാട്ടുകാരെ ആദ്യം പൊതിരെ തല്ലിയത് ബൈക്കോടിച്ചിരുന്ന അമല്‍ ആയിരുന്നു എന്ന് പിന്നീട് പുറത്ത് വന്ന ദൃശ്യങ്ങളില്‍ വ്യക്തമായി. നാട്ടുകാരെ മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി കാമറ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പ്രകോപിതനായ അമല്‍ നാട്ടുകാരില്‍ ഒരാളെ തല്ലുകയായിരുന്നുവെന്ന് ആ സമയത്ത് തന്നെ പൊലീസ് പറഞ്ഞിരുന്നു. പെണ്‍കുട്ടി ബൈക്കില്‍ നിന്ന് വീഴുന്ന ദൃശ്യം ആരേയും ഞെട്ടിക്കുന്നതായിരുന്നു.
അമലിനെതിരെ നടന്നത് സദാചാര ഗുണ്ടായിസമാണെന്ന് സ്ഥാപിക്കാന്‍ ചില പ്രാദേശിക രാഷ്ട്രീയ നേതാക്കളും രംഗത്തുവന്നിരുന്നു. അമല്‍ പഠിക്കുന്ന കോളജിലെ പി.ടി.എ. പ്രതിനിധി, അധ്യാപകര്‍, സഹപാഠികള്‍ തുടങ്ങിയവരെ രംഗത്തിറക്കിയും അക്രമസംഭവത്തില്‍ യുവാവിനെ ന്യായീകരിക്കാന്‍ ശ്രമം നടന്നു. സംഭവത്തില്‍ അമലിന്റെ പരാതിയില്‍ ഒല്ലൂര്‍ പൊലീസ് കൊടകര സ്വദേശി ഡേവിസ്, ചീയാരം സ്വദേശി ആന്റോ എന്നിവര്‍ക്കെതിരെ കേസെടുത്തിരുന്നു. അമല്‍ മര്‍ദ്ദിച്ചെന്ന ഡേവിസിന്റെ പരാതിയില്‍ അമലിനെതിരെയും കേസെടുത്തു. അമലും കൂട്ടുകാരും പ്രദേശത്ത് സ്ഥിരം ബൈക്ക് റേസിംഗ് നടത്താറുണ്ടെന്ന് ഒല്ലൂര്‍ പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























