കൃത്രിമ കളര്‍ ടാര്‍ട്രാസിന്‍ ചേര്‍ത്ത മില്‍ക്ക് ബ്രെഡ് വിറ്റ കേസ്: വില്‍പ്പനക്കാരനും ഉല്‍പ്പാദകനുമെതിരെ കേസ്, പതികള്‍ ജൂണ്‍ 19 ന് ഹാജരാകണം

കൃത്രിമ കളര്‍ ടാര്‍ട്രാസിന്‍ ചേര്‍ത്ത മില്‍ക്ക് ബ്രെഡ് വിറ്റ കേസില്‍ വില്‍പ്പനക്കാരനും ഉല്‍പ്പാദകനുമെതിരെ തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി കേസെടുത്തു.
പട്ടം പ്ലാമൂട് സെന്റ്. മൈക്കിള്‍സ് ബേക്കറിയിലെ ഫുഡ് ബിസിനസ് ഓപ്പറേറ്ററായ ( വില്‍പ്പനക്കാരന്‍ ) വട്ടിയൂര്‍ക്കാവ് മൂന്നാമൂട് പല്ലേലില്‍ മാമ്മന്‍ ജേക്കബ് (60) , ലൈസന്‍സിയും ഉല്‍പ്പാദകനുമായ സെന്റ് മൈക്കിള്‍സ് ബേക്കറി ഉടമ മൈക്കിള്‍ ഡേവിഡ് (44) എന്നിവരെ ഒന്നും രണ്ടും പ്രതി ചേര്‍ത്താണ് കേസെടുത്തത്. പ്രതികള്‍ ജൂണ്‍ 19 ന് ഹാജരാകാന്‍ മജിസ്‌ട്രേട്ട് അഭിനിമോള്‍ രാജേന്ദ്രന്‍ ഉത്തരവിട്ടു.
2019 ആഗസ്റ്റ് 8 ന് ഉച്ചയ്ക്ക് 12.30 മണിക്കാണ് കഴക്കൂട്ടം സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ എസ്. സംഗീത് ബേക്കറിയില്‍ പരിശോധന നടത്തിയത്. 120 രൂപ നല്‍കി 4 പായ്ക്കറ്റ് (1.2 കിലോഗ്രാം) മില്‍ക്ക് ബ്രഡ് കാഷ് വൗച്ചര്‍ പ്രകാരം വിലയ്ക്കു വാങ്ങി. 2006 ലെ ഫുഡ് സേഫ്റ്റി ആന്റ്ന്‍ന്‍ഡേര്‍ഡ്‌സ് നിയമ പ്രകാരവും 2011 ലെ ചട്ടങ്ങളും അനുസരിച്ച് സാമ്പിള്‍ തയ്യാറാക്കി. സാമ്പിളിന്റെ ഒരു ഭാഗം തിരുവനന്തപുരം ഗവ. ഫുഡ് അനലിസ്റ്റ് ലാബിന് പ്രത്യേക സീല്‍ഡ്കവറില്‍ കൈമാറി.
നാലാം ഭാഗം ഏതെങ്കിലും അക്രഡിറ്റഡ് ലാബില്‍ പരിശോധനയ്ക്കാന്‍ വില്‍പ്പനക്കാരന്‍ താല്‍പര്യപ്പെടാത്തതിനാല്‍ ബാക്കി 3 ഭാഗങ്ങള്‍ പ്രസക്ത രേഖകള്‍ സഹിതം ഡെസിഗ്‌നേറ്റഡ് ഓഫീസര്‍ക്ക് കൈമാറി. ഫുഡ് അനലിസ്റ്റ് ലാബിലെ പരിശോധനയില്‍ മില്‍ക്ക് ബ്രഡ് സാമ്പിളില്‍ സിന്തറ്റിക് ഫുഡ് കളര്‍ ആയ ടാര്‍ട്രാസിന്‍ (കളര്‍ ഇന്‍ഡക്‌സ് 19140) അടങ്ങിയിട്ടുള്ളതായി കണ്ടത്തി.
ഇത് 2011 ലെ ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്‌സ് (ഫുഡ് പ്രോഡക്റ്റ്‌സ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആന്റ് ഫുഡ് അഡിറ്റീവ്‌സ് ) നിയന്ത്രണ ചട്ടത്തിലെ 2.4.15.2 നമ്പര്‍ ചട്ടപ്രകാരം ബ്രഡില്‍ അനുവദനീയമല്ലാത്തതാണ്. ആയതിനാല്‍ 2006 ലെ ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്‌സ് നിയമത്തിലെ 3 (1) (ഇസഡ്) വകുപ്പ് പ്രകാരം ആരോഗ്യത്തിന് ഹാനികരവും ഭക്ഷ്യയോഗ്യമല്ലാത്തതുമാണെന്ന ഫോറം ബി റിപ്പോര്‍ട്ട് ഫുഡ് അനലിസ്റ്റ് നല്‍കി.
തുടര്‍ന്ന് വില്‍പ്പനക്കാരന്റെ അഭ്യര്‍ത്ഥന പ്രകാരം മില്‍ക്ക് ബ്രഡ് സാമ്പിളിന്റെ രണ്ടാം ഭാഗം മൈസൂരിലെ റഫറല്‍ ഫുഡ് ലബോറട്ടറിയിലേക്ക് പരിശോധനക്കയച്ചു. പരിശോധനയില്‍ സിന്തറ്റിക് ഫുഡ് കളര്‍ ടാര്‍ട്രാസിന്‍ വീണ്ടും കണ്ടെത്തി. തിരുവനന്തപുരം ലാബിന്റെ അതേ റിപ്പോര്‍ട്ടും വിദഗ്ദാഭിപ്രായവും മൈസൂര്‍ ലബോറട്ടറി ഡയറക്ടര്‍ നല്‍കി.
2006 ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേഡ്‌സ് നിയമത്തിലെ 59 (1) , 3 (1) , 26 , 27 എന്നീ വകുപ്പുകള്‍ , 2011 ലെ എഫ് എസ്എസ് റെഗുലേഷന്‍ നിയമത്തിലെ ചട്ടം 7.1 എന്നിവ പ്രകാരമാണ് കോടതി പ്രതികള്‍ക്കെതിരെ കേസെടുത്തത്. ചാര്‍ജിംഗ് ആന്റ് ഡിറ്റക്റ്റിംറ്റിംഗ് ഓഫീസര്‍ എസ്. സംഗീത് , മഹസര്‍ സാക്ഷി വി.എന്‍. ഉമാദേവി , ഡെസിഗ്‌നേറ്റഡ് ഓഫീസര്‍ സി. എല്‍. പ്രദീപ് , ഫുഡ് അനലിസ്റ്റ് സി.പി. ശാരദാമണി , മൈസൂര്‍ ലബോറട്ടറി ഡയറക്ടര്‍ ആശാ മാര്‍ട്ടിന്‍ എന്നിവരാണ് സാക്ഷിപ്പട്ടികയിലെ 1 മുതല്‍ 5 വരെയുള്ള സാക്ഷികള്‍.
https://www.facebook.com/Malayalivartha

























