കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മും ബിജെപിയും തമ്മിലുണ്ടാക്കിയ രഹസ്യധാരണയ്ക്ക് താല്‍ക്കാലിക വിരാമം ഇട്ടുകൊണ്ട് രണ്ടു കൂട്ടരും ഉറയിലിട്ട വാള്‍ വീണ്ടും പുറത്തെടുക്കുകയാണ്; പോലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ഭരണനേതൃത്വം തയ്യാറാകാത്തതാണ് ഇതിനെല്ലാം കാരണം; കൊലപാതക സംഘങ്ങള്‍ക്ക് സംരക്ഷണം ഒരുക്കുന്ന സിപിഎം ഭരിക്കുമ്പോള്‍ മറിച്ച് ആഗ്രഹിക്കുന്നത് മൗഢ്യമാണ്; സിപിഎമ്മും ബിജെപിയും കേരളത്തെ ചോരക്കളമാക്കുന്നുവെന്ന ആരോപണവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി

സിപിഎമ്മും ബിജെപിയും കേരളത്തെ ചോരക്കളമാക്കുന്നുവെന്ന ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. സംസ്ഥാനത്ത് ക്രമസമാധാനം പൂര്‍ണ്ണമായും തകര്‍ന്നുവെന്നും അദ്ദേഹം ആരോപിച്ചു. കൊല്ലും കൊലയും സർവ്വസാധാരാണമായി. ജനങ്ങളുടെ ജീവന് ഒരു സുരക്ഷിതത്വവുമില്ല. ആരുവേണമെങ്കിലും ഏത് സമയവും കൊല്ലപ്പെടാമെന്ന സ്ഥിതിയാണ്.
ഗുണ്ടകള്‍ അഴിഞ്ഞാടുകയാണ്. ലഹരിമാഫിയ വിലസുന്നു.അക്രമങ്ങള്‍ തടയുന്നതില്‍ പോലീസും ആഭ്യന്തരവകുപ്പും സമ്പൂര്‍ണപരാജയമാണ്. പോലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ഭരണനേതൃത്വം തയ്യാറാകാത്തതാണ് ഇതിനെല്ലാം കാരണം. കൊലപാതക സംഘങ്ങള്‍ക്ക് സംരക്ഷണം ഒരുക്കുന്ന സിപിഎം ഭരിക്കുമ്പോള്‍ മറിച്ച് ആഗ്രഹിക്കുന്നത് മൗഢ്യമാണ്. അരുംകൊല രാഷ്ട്രീയം ഉപേക്ഷിക്കാന്‍ സിപിഎം,ബിജെപി നേതൃത്വങ്ങള്‍ തയ്യാറാകണമെന്നും സുധാകരന്‍ പറഞ്ഞു.
അക്രമരാഷ്ട്രീയത്തിന്റെ കാര്യത്തില്‍ സിപിഎമ്മും ബിജെപിയും ഒരുനാണയത്തിന്റെ ഇരുവശങ്ങളാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മും ബിജെപിയും തമ്മിലുണ്ടാക്കിയ രഹസ്യധാരണയ്ക്ക് താല്‍ക്കാലിക വിരാമം ഇട്ടുകൊണ്ട് രണ്ടു കൂട്ടരും ഉറയിലിട്ട വാള്‍ വീണ്ടും പുറത്തെടുക്കുകയാണ്.സിപിഎമ്മും ബിജെപിയും കൊലപാതക രാഷ്ട്രീയത്തിന്റെ ഉപാസകരാണ്.
സ്വന്തം പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സിപിഎം പ്രവര്‍ത്തകനെ കുമ്പള പഞ്ചായത്തിലെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനാക്കാനുള്ള ബിജെപിയുടെ നീക്കത്തിനെതിരായാണ് കഴിഞ്ഞ ദിവസം കാസര്‍ഗോഡ് ബിജെപി ജില്ലാ ആസ്ഥാനം അവരുടെ പ്രവര്‍ത്തകര്‍ ഉപരോധിച്ചത്. സിപിഎമ്മും ബിജെപിയും അധികാരരാഷ്ട്രീയത്തിനായി അവിശുദ്ധകൂട്ടുകെട്ടുണ്ടാക്കി കൊലപാതക രാഷ്ട്രീയത്തില്‍ അഭിരമിക്കുന്ന സഹകരണ സംഘങ്ങളാണ്.
ഇത് മനസിലാക്കാതെയാണ് അണികള്‍ പരസ്പരം വെട്ടി മരിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.കല്യാണവീട്ടില്‍വരെ ബോംബെറിഞ്ഞു കളിക്കുന്ന അവസ്ഥയിലേക്ക് കേരളത്തെ എത്തിച്ചതിന്റെ പരിണിതഫലമാണ് ഇപ്പോള്‍ സംസ്ഥാനത്ത് തുടര്‍ച്ചയായി നടക്കുന്ന കൊലപാതകങ്ങള്‍. ഇതില്‍ ബിജെപിയും സിപിഎമ്മും ഒരുപോലെ കുറ്റവാളികളാണ്.കണ്ണൂരില്‍ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. കണ്ണൂര്‍ ന്യൂമാഹിയില്‍ മത്സ്യത്തൊഴിലാളി കൊല്ലപ്പട്ട സംഭവം അപലപനീയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























