കാര്യങ്ങള്‍ മാറുന്നു... റഷ്യയും യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ മുന്‍കൈ എടുക്കണമെന്ന് ഇസ്രയേലിനോട് അഭ്യര്‍ഥിച്ച് സെലെന്‍സ്‌കി; ഇസ്രയേല്‍ മധ്യസ്ഥത വഹിക്കണം; പുട്ടിനുമായി ജറുസലേമില്‍ കൂടിക്കാഴ്ചയാവാം; പുടിന് ശതകോടീശ്വരന്റെ ഭീഷണി

റഷ്യയും യുക്രെയ്‌നുമായുള്ള യുദ്ധം തുടങ്ങിയിട്ട് മൂന്നാഴ്ചയോളമായി. ജനങ്ങള്‍ പരമാവധി കഷ്ടപ്പെട്ടതല്ലാതെ യുക്രെനെ പൂര്‍ണമായും തോല്‍പ്പിക്കാനായില്ല. യുക്രെയ്‌നെ വളരെ പെട്ടെന്ന് തോല്‍പ്പിക്കാനാകുമെന്ന റഷ്യയുടെ മോഹം ഫലിച്ചില്ല. അതിനിടെ റഷ്യയും യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ മുന്‍കൈ എടുക്കാന്‍ ഇസ്രയേലിനോട് അഭ്യര്‍ഥിച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി.
ഈ യുദ്ധം അവസാനിക്കാന്‍ ഇസ്രായേല്‍ മധ്യസ്ഥത വഹിക്കണം. റഷ്യയുമായി കൂടിക്കാഴ്ച നടത്താന്‍, സംസാരിക്കാന്‍ അവസരം ഉണ്ടാവണം. അതിനായി ആദ്യം റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനുമായി ജറുസലേമില്‍ കൂടിക്കാഴ്ചയാവാമെന്നും യുക്രെയ്ന്‍ പ്രസിഡന്റ് പറഞ്ഞു.
റഷ്യന്‍ ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് യുക്രെയ്‌നിന്റെ 1300 സൈനികരാണ്. റഷ്യയിലെ അമ്മമാരോട് എനിക്ക് പറയാനുള്ളത് ഒരേയൊരു കാര്യം മാത്രം. യുദ്ധത്തില്‍ പങ്കെടുക്കുന്ന നിങ്ങളുടെ മക്കളെ തിരികെ വിളിക്കുക, അവരുമൊത്ത് നല്ല നിമിഷങ്ങള്‍ ചെലവഴിക്കുക. അവരെ മരണത്തിനു വിട്ടുകൊടുക്കാതിരിക്കുക എന്നും സെലെന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.
അതിനിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന് ശതകോടീശ്വരന്റെ മുന്നറിയിപ്പ്. യുക്രെയ്ന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തനം അവസാനിപ്പിച്ച വിദേശ കമ്പനികളുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കാനുള്ള നീക്കം റഷ്യയെ 100 വര്‍ഷം പിന്നോട്ടടിപ്പിക്കുമെന്ന് രാജ്യത്തെ ശതകോടീശ്വരന്റെ മുന്നറിയിപ്പ്. ലോകത്തിലെ പ്രധാന ലോഹനിര്‍മാണ കമ്പനിയായ നോറില്‍സ്‌ക് നിക്കലിന്റെ പ്രസിഡന്റ് വ്‌ലാഡിമിര്‍ പൊറ്റാനിന്‍ ആണ് പുട്ടിന് മുന്നറിയിപ്പ് നല്‍കിയത്. തീരുമാനത്തില്‍നിന്നു പിന്മാറിയില്ലെങ്കില്‍ 1917ലെ വിപ്ലവസമാനമായ അവസ്ഥയിലാകും കാര്യങ്ങളെന്നു കമ്പനിയുടെ ടെലഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ പൊറ്റാനിന്‍ പറഞ്ഞു.
ഈ തീരുമാനം 100 വര്‍ഷം പിന്നോട്ടടിപ്പിച്ച്, 1917ലേതു പോലെയാക്കും കാര്യങ്ങള്‍. നിക്ഷേപങ്ങളുടെ കാര്യത്തില്‍ റഷ്യയ്ക്കു മേലുണ്ടാകുന്ന അവിശ്വാസം മാറണമെങ്കില്‍ ദശകങ്ങള്‍ പിടിക്കും. ഇതിന്റെ പ്രത്യാഘാതം വലുതാണെന്നും പൊറ്റാനിന്‍ പറഞ്ഞു. പല കമ്പനികളും പ്രവര്‍ത്തനം അവസാനിപ്പിക്കാനെടുത്ത തീരുമാനം വൈകാരികമായിട്ടാണെന്നാണ് തനിക്ക് തോന്നുന്നതെന്നും അവര്‍ക്ക് മേലുണ്ടാകുന്ന സമ്മര്‍ദം ചെറുതായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അവര്‍ തിരിച്ചുവന്നേക്കും. അതിനുള്ള അവസരം അവര്‍ക്ക് നല്‍കണമെന്നും പൊറ്റാനിന്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മാസം 24ന് യുക്രെയ്‌നില്‍ അധിനിവേശം തുടങ്ങിയതിനു ശേഷം 330ഓളം വിദേശകമ്പനികള്‍ റഷ്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയോ താല്‍ക്കാലികമായി നിര്‍ത്തുകയോ ചെയ്തിട്ടുണ്ടെന്നാണ് യേല്‍ സര്‍വകലാശാല കൈകാര്യം ചെയ്യുന്ന ഒരു പട്ടികയില്‍ പറയുന്നത്. തുടക്കത്തില്‍ റഷ്യ വിടാതെ പിടിച്ചുനിന്ന കമ്പനികള്‍ പോലും കഴിഞ്ഞ ദിവസങ്ങളില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. കോടികളുടെ നിക്ഷേപവും ദശകങ്ങളായി പ്രവര്‍ത്തിച്ച് ഉണ്ടാക്കിയെടുത്ത പാരമ്പര്യവും ഉപേക്ഷിച്ചാണ് ഈ കമ്പനികള്‍ രാജ്യം വിട്ടത്.
പാശ്ചാത്യ ഉപരോധത്തിനൊപ്പം ഈ നടപടികള്‍ കൂടി ആയതോടെ റഷ്യന്‍ സമ്പദ്‌വ്യവസ്ഥയെയും യുക്രെയ്ന്‍ യുദ്ധം പ്രതികൂലമായി ബാധിക്കുന്നുണ്ട്. പൊറ്റാനിന്റെ കമ്പനികള്‍ക്ക് പാശ്ചാത്യ രാജ്യങ്ങള്‍ ഇതുവരെ ഉപരോധം ഏര്‍പ്പെടുത്തിയിട്ടില്ല. റഷ്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് പോയ കമ്പനികളുടെ കാര്യത്തില്‍ ചില തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ടെന്ന് പുട്ടിന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ സ്ഥാപനങ്ങള്‍ ദേശസാല്‍ക്കരിക്കുകയോ സര്‍ക്കാര്‍ ഏറ്റെടുത്ത ശേഷം ഇവ നടത്താന്‍ താല്‍പര്യമുള്ളവര്‍ക്ക് വിട്ടുകൊടുക്കാനോ ആണ് ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ പുതിയ നിയമനിര്‍മാണവും റഷ്യന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
ഗോള്‍ഡ്മാന്‍ സാക്‌സ്, ജെപി മോര്‍ഗന്‍ തുടങ്ങിയ വമ്പന്‍ പാശ്ചാത്യ ബാങ്കുകളും കഴിഞ്ഞ ദിവസം റഷ്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി വ്യക്തമാക്കിയിരുന്നു. ഫോര്‍ഡ്, ഫെരാരി, ഹോണ്ട, ഹ്യുണ്ടായി, മെഴ്‌സിഡെസ് ബെന്‍സ്, ടൊയോട്ട, വോള്‍വോ തുടധങ്ങി നിരവധി വാഹന കമ്പനികള്‍, ബിബിസി, ബ്ലൂംബര്‍ഗ്, ന്യൂയോര്‍ക്ക് ടൈംസ്, വാഷിങ്ടന്‍ പോസ്റ്റ് തുടങ്ങിയ മാധ്യമസ്ഥാപനങ്ങള്‍, അമേരിക്കന്‍ എക്‌സ്പ്രസ്, ബാങ്ക് ഓഫ് ചൈന, എച്ച്എസ്ബിസി, പെയ്പാല്‍, വിസ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങള്‍,
അഡിഡാസ്, ഫോര്‍മുല വണ്‍, നൈക്ക്, പുമ തുടങ്ങിയ കായിക ബ്രാന്‍ഡുകള്‍ക്ക് പുറമെ ഫിഫ പോലുള്ള സംഘടനകള്‍, ഗൂഗിളിന്റെയും മറ്റും മാതൃകമ്പനിയായ ആല്‍ഫബെറ്റ്, അഡോബി, ആപ്പിള്‍, ഐബിഎം, ഇന്റല്‍, ഓറക്കിള്‍ തുടങ്ങിയ ടെക്‌നേളജി കമ്പനികള്‍, ജെസിബി, ഹിറ്റാച്ചി പോലുള്ള നിര്‍മാണ കമ്പനികള്‍, ബോയിങ്, എയര്‍ബസ് പോലുള്ള വ്യോമയാന കമ്പനികള്‍, ആമസോണ്‍, കൊക്ക കോള, പെപ്‌സി, മക്‌ഡൊണാള്‍ഡ്‌സ്, നെസ്‌ലെ, റോളെക്‌സ് തുടങ്ങിയ ഉപഭോക്തൃ കമ്പനികള്‍, ഹയാത്, ഹില്‍ട്ടണ്‍, നെറ്റ്ഫ്‌ലിക്‌സ്, പാരാമൗണ്ട്, യൂണിവേഴ്‌സല്‍ തുടങ്ങിയ കമ്പനികള്‍ തുടങ്ങിയവ പ്രവര്‍ത്തനം അവസാനിപ്പിക്കുകയോ നിര്‍ത്തിവയ്ക്കുകയോ ചെയ്തവയില്‍ ഉള്‍പ്പെടും.
" f
https://www.facebook.com/Malayalivartha























